കോതമംഗലം
കോൺഗ്രസ് ഭരിക്കുന്ന കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ-–-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. കോൺഗ്രസ് കോതമംഗലം ബ്ലോക്ക് സെക്രട്ടറിയും കുട്ടമ്പുഴ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും സൊസൈറ്റി പ്രസിഡന്റുമായ കെ എ സിബി, യൂത്ത് കോൺഗ്രസ് നേതാവും സൊസൈറ്റി ജീവനക്കാരനുമായ ആഷ്ബിൻ ജോസ്, യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം സെക്രട്ടറിയും സൊസൈറ്റി താൽക്കാലിക ജീവനക്കാരനുമായ ബേബി പോൾ എന്നിവർക്കെതിരെ കുട്ടമ്പുഴ പൊലീസ് കേസെടുത്തു. ആഷ്ബിൻ ഒന്നാംപ്രതിയും ബേബി രണ്ടും സിബി മൂന്നാംപ്രതിയുമാണ്. കീരംപാറ സ്വദേശി ആൽവിൻ വത്സനാണ് പരാതിക്കാരൻ.
ആൽവിനും കുടുംബാംഗങ്ങളും 2021 മുതൽ 39 സ്ഥിരനിക്ഷേപങ്ങളിലായി സൊസൈറ്റിയിൽ 74 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ, പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അവധികൾപറഞ്ഞ് 10 ലക്ഷം രൂപ മാത്രമാണ് നൽകിയത്. തുടർന്ന് സഹകരണസംഘം രജിസ്ട്രാർക്ക് പരാതി നൽകിയതോടെയാണ് തട്ടിപ്പുവിവരങ്ങൾ പുറത്തുവന്നത്. പരാതിയിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയ അസിസ്റ്റന്റ് രജിസ്ട്രാർ അന്വേഷണത്തിന് കുട്ടമ്പുഴ പൊലീസിനോട് നിർദേശിച്ചു. ആൽവിനെക്കൂടാതെ നിരവധിപേർ തട്ടിപ്പിനിരയായതായാണ് വിവരം. സൊസൈറ്റിയിൽ സാമ്പത്തിക തട്ടിപ്പുനടത്തിയെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറി ഷൈല കരീം സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്. കേസെടുത്തതിനുപിന്നാലെ ഒന്നും രണ്ടും പ്രതികൾ വിദേശത്തേക്ക് കടന്നതായാണ് വിവരം. നിക്ഷേപത്തുക ഈടാക്കിത്തരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പ്രത്യേക ഹർജിയും ആൽവിൻ നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..