19 October Saturday

എറണാകുളം മെഡിക്കൽ കോളേജിൽ ഇമേജിങ് സെന്റർ പൂർത്തിയാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019


കളമശേരി
മികച്ച ചികിത്സാ സംവിധാനങ്ങൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന നിരക്കിൽ ലഭ്യമാക്കുന്നതിനായി എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ഇമേജിങ് സെന്റർ പൂർത്തിയാകുന്നു. വിവിധ പരിശോധനാ സംവിധാനങ്ങളെ കോർത്തിണക്കിയാണ് ഡിജിറ്റൽ ഇമേജിങ് സെന്റർ സ്ഥാപിക്കുന്നത്. സിടി സ്കാൻ, ഡിജിറ്റൽ എക‌്സ‌്റേ, ഡിജിറ്റൽ ഫ്ലൂറോസ‌്കോപ്പി, ബോൺഡെൻസിറ്റൊ മീറ്റർ, എംആർഐ സ്കാൻ, ഹൈഎൻഡ് അൾട്രാസൗണ്ട്, മാമ്മോഗ്രാം, പാക‌്സ‌് സംവിധാനം, ഡിജിറ്റൽ ഇമേജ് ട്രാൻസ്ഫർ സംവിധാനം തുടങ്ങിയവയാണ് ഡിജിറ്റൽ ഇമേജിങ് സെന്ററുമായി ഘടിപ്പിച്ചിക്കുന്നത്. ഡിജിറ്റൽ ഇമേജിങ് സെന്റർ പ്രവർത്തിക്കാൻ തുടങ്ങുന്നതോടെ ഫിലിം ഉപയോഗിക്കാതെ സ്വന്തം മേശപ്പുറത്ത് സ്ഥാപിച്ച കംപ്യൂട്ടർവഴി ഡോക്ടർമാർക്ക‌്  രോഗിയുടെ ടെസ്റ്റ് റിസൽറ്റ‌് എടുക്കാനും ദൃശ്യങ്ങൾ പരിശോധിക്കാനും കഴിയും.

കഴിഞ്ഞ ഒക്ടോബറിൽ തിരുവനന്തപുരത്ത് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇമേജിങ് സെൻറർ സ്ഥാപിക്കാൻ തീരുമാനിച്ചത്. സെന്ററിനായി 25 കോടി രൂപയാണ‌് സംസ്ഥാന സർക്കാർ അനുവദിച്ചത‌്. ഈ ഫണ്ടിൽനിന്ന‌് ഏഴുകോടി 40 ലക്ഷം രൂപ മുടക്കി വാങ്ങിയ നൂതന എംആർഐ സ്കാനർ സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്.

നേരത്തെ ജോൺ ഫെർണാണ്ടസ് എംഎൽഎയുടെ ഫണ്ടിൽനിന്ന് 5.36 കോടി  രൂപ മുടക്കി ആധുനിക സിടി സ്കാൻ സ്ഥാപിച്ചിരുന്നു.  ഡിജിറ്റൽ എക്സ്റേയും സ്ഥാപിച്ചിരുന്നു. ഇവകൂടി ഇമേജിങ് സെന്ററുമായി ബന്ധിപ്പിക്കും.ഡിജിറ്റൽ ഇമേജിങ് സെന്റർ പ്രവർത്തിച്ചു തുടങ്ങുന്നതോടെ സ്വകാര്യ ലാബുകളിൽ  11,000 രൂപ മുതൽ 15,000 രൂപ വരെ ചെലവുവരുന്ന എംആർഐ സ്കാനിങ്ങിന് 2000 രൂപയിൽ താഴെമാത്രമെ ഇവിടെ ചെലവുവരൂ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top