16 July Tuesday

കോൽക്കളിയുടെ സുൽത്താൻ 50 നോട്ടൗട്ട‌്

കെ ഡി ജോസഫ്Updated: Monday Apr 22, 2019

കാലടി 
കോൽക്കളി എന്ന പുരാതന കലാരൂപത്തിന്റെ പഴമ അതേപടി നിലനിർത്തി ആസ്വാദകർക്ക് പകുത്തുനൽകുകയാണ് ശ്രീമൂലനഗരം സ്വദേശി മൂസ തറയിൽ. 23–--ാം വയസ്സിൽ തുടങ്ങിയ കോൽക്കളിപ്രേമം എഴുപത്തിമൂന്നിലും അതേപടി നിലനിർത്തിപ്പോരുകയാണ‌്. 50 വർഷത്തെ തിളക്കമാണ് മൂസാക്കയുടെ കോൽക്കളിജീവിതത്തിന‌്.  ആയിരക്കണക്കിന് വേദികളിൽ കോൽക്കളി അവതരിപ്പിച്ച മികവോടെ ഇന്നും  ജൈത്രയാത്ര തുടരുകയാണ്.

ഓണപ്പിള്ളി സ്വദേശിയായ മണിയന്തറ അലിയാരാണ് ഗുരു.  ഏഴു തലമുറകളിലൂടെ 12 ടീമുകളായി 100ൽ അധികം ശിഷ്യൻമാർ അദ്ദേഹത്തിനുണ്ട‌്. മാപ്പിളപ്പാട്ടിന്റെ ഇശലുകൾ കോർത്തിണക്കി കോൽക്കളിപ്പാട്ടുകൾ   വിവാഹവീടുകളിൽ  അവതരിപ്പിക്കുമ്പോൾ   കലാകാരന്മാർക്ക് തൂവാലകൾക്കുള്ളിൽ പണം തിരുകി എറിയുന്ന കാഴ്ച ഇന്നും നനുനനുത്ത ഓർമയായി  അവശേഷിക്കുന്നുവെന്ന‌് മൂസാക്ക.

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരിഞ്ഞോളി മൂസയുടെ ഗാനങ്ങളാണ് കോൽക്കളിക്ക് കൂടുതലായും ഉപയോഗിക്കുന്നത്. കൊച്ചി, എടവനക്കാട്, കുഴിപ്പിള്ളി, വാഴക്കാല, കളമശേരി, കുട്ടമശേരി, മേക്കാലടി തുടങ്ങിയ പ്രദേശങ്ങളിലെ  വിവാഹവീടുകളിൽ മൂസാക്ക കോൽക്കളിയുമായി എത്തിയിട്ടുണ്ട‌്. തൃശൂർ റേഡിയോകേന്ദ്രത്തിൽ കോൽക്കളി അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചിരുന്നെങ്കിലും അവതരിപ്പിക്കാൻ കഴിയാതെപോയത് ഇന്നും   നൊമ്പരമായി അവശേഷിക്കുന്നു.

കോൽക്കളിയിൽ ഇതര ടീമുകൾ ഇരുമുറം പൈറ്റുകോൽ കളിക്കുമ്പോൾ മൂസാക്ക ഒരു മുറം പൈറ്റുകോൽ രീതിയാണ് പിന്തുടരുന്നത്.
ഓർക്കസ്ട്രയോടുകൂടി രണ്ടു മണിക്കൂർ നടത്തുന്ന കോൽക്കളിക്ക് 15‌,000 രൂപ മുതൽ 20,000 രുപ വരെ ചെലവുണ്ട്. അസീസ് പുളിക്കലാണ് ഗായകൻ. ഓർക്കസ്ട്ര ഹസൻ മണിയന്തറ. അഖില കേരള കോൽക്കളി അസോസിയേഷൻ മെമ്പറായ മൂസാക്കയ‌്ക്ക് "ബദറുൽ ഹുദ’ എന്ന പേരിൽ കോൽക്കളി ടീമുണ്ട്.


പ്രധാന വാർത്തകൾ
 Top