23 May Thursday

ആവേശത്തിരയിളക്കി കൊട്ടിക്കലാശം

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

മട്ടാഞ്ചേരി
ആവേശം വാനോളം ഉയർത്തി എൽഡിഎഫിന്റെ കൊട്ടിക്കലാശം എല്ലാ ലോക്കൽ കമ്മിറ്റികളിലും നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടും പടക്കങ്ങൾ പൊട്ടിച്ചും കൊടികൾ പാറിപ്പറത്തിയും പ്രവർത്തകർ ആവേശത്തോടെയാണ് ദിവസങ്ങൾ നീണ്ടനിന്ന പരസ്യപ്രചാരണത്തിന് സമാപനമായത‌്. ചിലയിടങ്ങളിൽ വനിതകൾ പ്രകടനമായാണ് എത്തിയത്. ഉച്ചയോടെ ലോക്കലുകൾ കേന്ദ്രീകരിച്ച് യുവാക്കൾ ബൈക്ക്റാലികളും നടത്തി.

തോപ്പുംപടിയിൽ ഓരോയിടങ്ങളിൽനിന്ന് എത്തിയവർ പ്യാരി ജങ്ഷനിൽ ഒത്തുചേർന്ന് പ്രകടനമായി തോപ്പുംപടിയിൽ എത്തിയാണ് കൊട്ടിക്കലാശത്തിൽ പങ്കാളികളായത‌്. കെ ജെ മാക‌്സി എംഎൽഎയുടെ സാന്നിധ്യം കലാശക്കൊട്ടിന്റെ ആവേശത്തിന് ആക്കംകൂട്ടി.പനയപ്പിള്ളി ലോക്കലിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽനിന്ന് പ്രകടനമായി എത്തി മദർ തെരേസ ജങ്ഷനിൽ പ്രചാരണം അവസാനിപ്പിച്ചു. പനയപ്പിള്ളി സെന്റർ ലോക്കലിൽ കപ്പലണ്ടിമുക്കിൽനിന്ന് പ്രകടനം ആരംഭിച്ച് കൊച്ചങ്ങാടിയിൽ സമാപിച്ചു.മട്ടാഞ്ചേരിയിൽ ഈരവേലിയിൽനിന്ന് പ്രകടനം ആരംഭിച്ച‌് മഹളറ പള്ളിക്കുസമീപം സമാപിച്ചു. മട്ടാഞ്ചേരി, ചെറളായി ലോക്കലിൽ കപ്പലണ്ടിമുക്കിൽനിന്ന് ആരംഭിച്ച പ്രകടനം പുതിയ റോഡിൽ സമാപിച്ചു.

മുണ്ടംവേലി ലോക്കലിൽ ബൈക്ക‌്റാലി ചിറക്കലിൽനിന്ന് ആരംഭിച്ച് ജിഷി ആശുപത്രിക്കുസമീപം സമാപിച്ചു. നസ്രത്ത് ലോക്കലിൽ ബൈക്ക്റാലി മൂലങ്കുഴിയിൽനിന്ന് ആരംഭിച്ച് അജന്ത തിയറ്ററിനുസമീപം സമാപിച്ചു.ഫോർട്ട്കൊച്ചി ലോക്കലിൽ മിനിമാർക്കറ്റിൽനിന്ന് റാലി ആരംഭിച്ച് കുന്നുംപുറത്ത് സമാപിച്ചു. ഫോർട്ട്കൊച്ചി സെന്റർ ലോക്കലിൽ ഫോർട്ട്കൊച്ചിയിൽനിന്ന് ആരംഭിച്ച് കുന്നുംപുറത്ത് സമാപിച്ചു.

ഫോർട്ട്കൊച്ചി സൗത്ത് ലോക്കലിൽ ഫിഷർമെൻ കോളനിയിൽനിന്ന് ആരംഭിച്ച് അമ്മൻകോവിൽ ജങ്ഷനിൽ സമാപിച്ചു.കുമ്പളങ്ങി, കണ്ണമാലി, ചെല്ലാനം ലോക്കലുകളിൽ ബൂത്തുകളിൽനിന്ന് പ്രകടനങ്ങളായാണ‌് കൊട്ടിക്കലാശകേന്ദ്രങ്ങളിൽ എത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് റാലികൾ നടന്നത്. കുമ്പളങ്ങി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ കൊട്ടിക്കലാശം പഴങ്ങാട് കവലയിലും കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റിയുടേത‌് ഇല്ലിക്കൽ കവലയിലും കണ്ണമാലി നോർത്ത് ലോക്കൽ കമ്മിറ്റിയുടേത‌് കാട്ടിപ്പറമ്പിലും നടത്തി. ചെറിയകടവ്, കണ്ണമാലി സൗത്ത് ലോക്കൽ കമ്മിറ്റി പൊലീസ് സ്റ്റേഷൻ പരിസരത്തും ചെല്ലാനം നോർത്ത് ലോക്കൽ മറുവക്കാടും ചെല്ലാനം സൗത്ത് ലോക്കൽ മാളികപറമ്പിലും പള്ളുരുത്തി ലോക്കൽ കമ്മിറ്റി ഫ്ലെയിം ആർട്സ് ജങ്ഷനിലും കൊട്ടിക്കലാശം നടത്തി.

തൃപ്പൂണിത്തുറ
മൂന്നു മുന്നണികളും സമാപനത്തിനു സ്റ്റാച്യു ജങ‌്ഷൻ തെരഞ്ഞെടുത്തതോടെ തൃപ്പൂണിത്തുറയിലെ പ്രചാരണ കൊട്ടിക്കലാശം അണപൊട്ടിയൊഴുകി.  ചുവന്ന വ‌സ‌്ത്രമണിഞ്ഞ  പ്രവർത്തകർ പി രാജീവിന്റെ കൂറ്റൻ കട്ടൗട്ടുകളും ചെങ്കൊടികളുമേന്തി എത്തി  സ്റ്റാച്യുകവല അക്ഷരാർഥത്തിൽ ചെങ്കടലായി മാറി. ശിങ്കാരിമേളവും കാവടിയും തപ്പുമേളവും നാസിക്ധോളുമെല്ലാമായി  എൽഡിഎഫ് പ്രവർത്തകർ അരങ്ങുവാണു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് റാലികൾ എത്തിയതോടെ സ്റ്റാച്യു മുതൽ കിഴക്കേക്കോട്ടവരെ എൽഡിഎഫ് പ്രവർത്തകരെ കൊണ്ടുനിറഞ്ഞു.   ക്രമസമാധാനം നിയന്ത്രിക്കാൻ പ്രത്യേക വടംകെട്ടി വൻ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു.

പള്ളുരുത്തി
എറണാകുളം ലോക‌്സഭ മണ്ഡലം സ്ഥാനാർഥി പി രാജീവിന്റെ വിജയത്തിനായുള്ള പ്രചാരണത്തിന്റെ സമാപനമായി തൃപ്പൂണിത്തുറ മണ്ഡലത്തിലെ വിവിധ ലോക്കൽ കമ്മിറ്റികൾ കൊട്ടിക്കലാശം നടത്തി. പനങ്ങാട് ലോക്കൽ കമ്മിറ്റി എസ്എസ് സഭാ ഗ്രൗണ്ടിലും കുമ്പളം ലോക്കൽ കമ്മിറ്റി കുമ്പളം സൗത്തിൽനിന്നും നോർത്തിൽനിന്നും പ്രകടനം ആരംഭിച്ച് കുമ്പളം സെന്ററിലും കൊട്ടിക്കലാശം നടത്തി. ഇടക്കൊച്ചിയിൽ മുഴുവൻ ബൂത്തുകളിൽനിന്ന‌ും പ്രകടനം ആരംഭിച്ച് പാമ്പായിമൂലയിൽ ഒത്തുചേർന്നു. പെരുമ്പടപ്പ്, പള്ളുരുത്തി സൗത്ത്, പള്ളുരുത്തി ഈസ്റ്റ്, പള്ളുരുത്തി സെന്റർ ലോക്കൽ കമ്മിറ്റികൾ വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രകടനം ആരംഭിച്ച് കച്ചേരിപ്പടിയിൽ കൊട്ടിക്കലാശം നടത്തി.


പ്രധാന വാർത്തകൾ
 Top