26 July Monday

വെള്ളപ്പൊക്കം : വല്ലാർപാടം റെയിൽപ്പാതയുടെ ബണ്ട്‌ നീക്കും: -മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021


കൊച്ചി
കളമശേരി, ആലുവ ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തിന്‌ കാരണം വല്ലാർപാടം റെയിൽപ്പാതയുടെ താൽക്കാലിക ബണ്ടെന്ന് ജലവിഭവവകുപ്പിന്റെ പഠനറിപ്പോർട്ട്. താൽക്കാലിക ബണ്ടും നിർമാണ അവശിഷ്ടങ്ങളുമാണ്‌ വെള്ളപ്പൊക്കത്തിന്‌ കാരണമെന്നാണ്‌ കണ്ടെത്തൽ. മന്ത്രി പി രാജീവിന്റെ നിർദേശപ്രകാരം ജലവിഭവവകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ബണ്ട് നീക്കാനും തുടർനടപടി സ്വീകരിക്കാനും മന്ത്രി കലക്ടർക്ക് നിർദേശം നൽകി. കൊച്ചി പോർട്ട് ട്രസ്റ്റ്, ഡിപി വേൾഡ്,നിർമാണക്കമ്പനി അഫ്കോൺസ് എന്നിവരുടെ യോഗംവിളിച്ച്‌ അടിയന്തര പ്രാധാന്യത്തോടെ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വടുതല ഡോൺബോസ്കോ ലൈനിലെ കടവിനുസമീപം, കായലിനു കുറുകെ വല്ലാർപാടത്തേക്കുള്ള റെയിൽവേ ലൈനിന്റെ ഇരുവശങ്ങളിലുമാണ്‌ നീരൊഴുക്ക്‌ തടസ്സപ്പെടുന്നത്‌. കായലുമായി പെരിയാർ പുഴ സംഗമിക്കുന്ന സ്ഥാനമാണിത്.

റെയിൽപ്പാത നിർമാണത്തിന്‌ 2009ൽ നിർമിച്ച താൽക്കാലിക ബണ്ട് നിർമാണശേഷവും നീക്കിയില്ല. നിർമാണാവശിഷ്ടങ്ങളും ഇവിടെ അടിഞ്ഞുകൂടി. റെയിൽവേ തൂണുകളുടെ ഇരുവശത്തുമായി ഒരുകിലോമീറ്റർ എക്കലും മണലും അടിഞ്ഞുകൂടിയിട്ടുണ്ട്‌. 20 തൂണുകൾക്കിടയിലൂടെയുള്ള 19 ഗ്യാപ്പുകളിൽ രണ്ടെണ്ണത്തിലൂടെ മാത്രമാണ് മത്സ്യബന്ധനയാനങ്ങൾക്ക് കടന്നുപോകാനാകുന്നത്‌. തടസ്സങ്ങൾനീക്കി നീരൊഴുക്ക് സുഗമമാക്കിയാൽ പോർട്ട് ട്രസ്റ്റിന്റെ ആഴംകൂട്ടൽ പ്രവർത്തനങ്ങൾക്കും സഹായകമാകും. തടസ്സം പൂർണമായി മാറ്റുന്നതിന് 15.6 ലക്ഷം ഘനമീറ്റർ ചെളി നീക്കണം. ചെളി മാറ്റുന്നതിന് സമീപദ്വീപുകളിൽ സ്ഥലം കണ്ടെത്തണം. ടെർമിനൽ നടത്തിപ്പുകാരായ ഡിപി വേൾഡ്, റെയിൽപ്പാതയുടെ നിർമാണം കരാറെടുത്ത അഫ്കോൺസ് കമ്പനി എന്നിവരെയും മാലിന്യനീക്കപദ്ധതിയുടെ ഭാഗമാക്കണമെന്നും റിപ്പോർട്ടിലുണ്ട്‌. താൽക്കാലിക ബണ്ടും നിർമാണാവശിഷ്ടവും നീക്കുമെന്ന് അഫ്കോൺസ് നേരത്തേ ഹൈക്കോടതിയിൽ ഉറപ്പുനൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top