20 July Saturday

മരുന്നുകളുടെ മണം മറക്കാൻ ഇവിടെ വായനയുടെ സുഗന്ധം

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019


കൊച്ചി
എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വായനയുടെ ലോകം തുറന്ന‌് ശാസ‌്ത്രസാഹിത്യ പരിഷത്ത‌്.  മഹാരാജാസ് കോളേജിലെ ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റാണ‌് ജനറൽ ആശുപത്രിയുടെ ഒപിക്ക‌ുസമീപം വായനമൂല സ്ഥാപിച്ചിരിക്കുന്നത‌്. 

വായന പക്ഷാചരണത്തിന്റെ ഭാഗമായാണ‌ിത‌്. ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിവരുന്ന കൂട്ടിരിപ്പുകാർക്ക‌് പദ്ധതി കൂടുതൽ പ്രയോജനപ്രദമാകുമെന്നാണ‌് പ്രതീക്ഷ. മഹാരാജാസിലെ ശാസ‌്ത്രസാഹിത്യ പരിഷത്ത‌് യൂണിറ്റിലുള്ള വിദ്യാർഥികൾക്കൊപ്പം അധ്യാപകരും വായനമൂല തുറക്കാൻ ഉത്സാഹത്തോടെ ആശുപത്രിയിലെത്തി. രോഗികളോടൊപ്പം കൂട്ടിരിപ്പുകാർക്കും മനസ്സിന‌് ആശ്വാസം പകരാൻ ഈ സംരംഭത്തിന‌് കഴിയുമെന്ന പ്രതീക്ഷയിലാണ് പദ്ധതി ആരംഭിച്ചതെന്ന‌് ചുമതലക്കാരനും ചരിത്രാധ്യാപകനുമായ എം എച്ച‌് രമേഷ‌് കുമാർ പറഞ്ഞു. വായനമൂലയിൽ ഒരുക്കിയിട്ടുള്ള ആഴ‌്ചപ്പതിപ്പുകളും മാസികകളും ആർക്ക് വേണമെങ്കിലും എടുത്ത‌് വായിക്കാം. എല്ലാ മാസവും പഴയത‌് മാറ്റി പുതിയത‌് വയ‌്ക്കും‌. ആശുപത്രിയിലെ മുഴുവൻ വാർഡിലും ഇതേമാതൃക തുടരാനും ആലോചനയുണ്ട‌്.  

എറണാകുളം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ എല്ലാ വാർഡിലും വായനമൂല തുടങ്ങാൻ 1500ലധികം ആനുകാലികങ്ങൾ സംഭരിച്ചുനൽകിയതും മഹാരാജാസിലെ വിദ്യാർഥികളാണ‌്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർക്കൊപ്പം ആർമി, എൻസിസി വിഭാഗവും സഹകരിച്ചു.

ആശുപത്രിയിൽ നടന്ന ചടങ്ങിൽ കോളേജ‌് ഗവേണിങ‌് ബോർഡ് ചെയർമാൻ പ്രൊഫ. പി കെ രവീന്ദ്രൻ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട‌് ആശ, അഡ്വ. എം ആർ രാജേന്ദ്രൻനായർ, ഡോ. എൻ ഷാജി, പ്രൊഫ. എം എച്ച‌് രമേഷ‌് കുമാർ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി വി എ അനൂപ‌് എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top