05 July Tuesday

സീപോർട്ട്‌ എയർപോർട്ട്‌ റോഡ്‌ ; തൃക്കാക്കരയുടെ ഹൃദയരേഖ

എം എസ് അശോകന്‍Updated: Saturday May 21, 2022

കളമശേരി എച്ച്‌എംടി കോളനി ഭാഗത്ത്‌ സീപോർട്ട്‌ എയർപോർട്ട്‌ റോഡിന്റെ നിർമാണം നടക്കുന്നു


കൊച്ചി
തൃക്കാക്കരയുടെ ഹൃദയരേഖയാണ്‌  വില്ലിങ്‌ടൺ ഐലൻഡു മുതൽ നെടുമ്പാശേരി വിമാനത്താവളം വരെ നീളുന്ന സീപോർട്ട്‌ –-എയർപോർട്ട്‌ റോഡ്‌. രണ്ടു ദേശീയപാതകൾ സംഗമിക്കുന്ന കുണ്ടന്നൂരിനെയും അന്താരാഷ്‌ട്രവിമാനത്താവളത്തെയും നേർരേഖയിൽ ബന്ധിപ്പിക്കുന്ന അന്തർദ്ദേശീയ നിലവാരത്തിലുള്ള പാത. വാഹനഗതാഗതത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ  ഇടനാഴിയുടെ ശേഷിക്കുന്ന പൂർത്തീകരണ ജോലികളും അതിവേഗം പുരോഗമിക്കുകയാണ്‌.  കളമശേരി മുതൽ നെടുമ്പാശേരി വരെ നാലുവരിയായി പൊകുന്ന റോഡിന്റെ നിർമാണജോലികളാണ്‌ ഇപ്പോൾ നടന്നുവരുന്നത്‌.

ഇരുമ്പനം കരിങ്ങാച്ചിറ ജങ്ഷൻമുതൽ നെടുമ്പാശേരിവരെയാണ്‌ സീപോർട്ട്‌ എയർപോർട്ട്‌ റോഡ്‌. ഇരുമ്പനത്തുനിന്ന്‌ പേട്ട  ബൈപ്പാസിലുടെയാണ്‌ പാത കുണ്ടന്നൂരുമായും വില്ലിങ്ടൺ ഐലൻഡുമായും ബന്ധിക്കുന്നത്‌.  ഇതിൽ കരിങ്ങാച്ചിറമുതൽ കളമശേരിവരെയുള്ള 11 കിലോമീറ്ററോളംഭാഗം 2003ൽ പൂർത്തിയായതാണ്‌. ആകെ  25.75 കിലോമീറ്റർ നീളം വരുന്ന  പാതയുടെ 11.3 കിലോമീറ്റർ പൂർത്തിയാക്കിയ ശേഷം പദ്ധതി മരവിച്ചമട്ടായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്‌ പിന്നീട്‌ പദ്ധതിക്ക്‌ ജീവൻവച്ചത്‌.  കളമശേരി എച്ച്എംടി മുതൽ നെടുമ്പാശേരി വരെയുള്ള 14.45 കിലോമീറ്റർ റോഡ്‌ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റിൽ സ്ഥലമെടുപ്പിന്‌ ഉൾപ്പെടെ  450 കോടി രൂപ നീക്കിവച്ചു. അതിന്റെ തുടർച്ചയിൽ റോഡിന്റെ രണ്ടാംഘട്ട നിർമാണത്തിനായി  സ്ഥലമെടുപ്പിന്‌ വിജ്ഞാപനം പുറപ്പെടുവിച്ച്‌ സർവ്വെ പൂർത്തിയാവുകയാണ്‌.

കളമശേരി എൻഎഡി മുതൽ മഹിളാലയം ജങ്ഷൻവരെ നീളുന്ന ആറരക്കിലോമീറ്റർ റോഡിനായാണ്‌ സ്ഥലമെടുപ്പ്‌. 203 ഭൂവുടമകളിൽനിന്നായി ചൂർണിക്കര, കീഴ്‌മാട്‌, എടത്തല, ആലുവ പഞ്ചായത്തുകളിലും ആലുവ മുനിസിപ്പാലിറ്റിയിലും ഉൾപ്പെടുന്ന 30.7430 ഹെക്‌ടറാണ്‌ ഏറ്റെടുക്കുന്നത്‌. ഇവിടെ നിർമാണം ആരംഭിക്കുന്നതോടെ  ചൊവ്വരമുതൽ എയർപോർട്ടുവരെയുള്ള  നാലു കിലോമീറ്റർ ഒഴികെ മുഴുവൻഭാഗവും ഗതാഗതത്തിന്‌ സജ്ജമാകും.  നാലു കിലോമീറ്റർഭാഗം അടുത്തഘട്ടമായി പൂർത്തിയാകും.

എച്ച്‌എംടിയുടെ 1.6352 ഹെക്‌ടറും  എൻഎഡിയുടെ 21.434 ചതുരശ്ര മീറററും സ്ഥലം വിട്ടുകിട്ടുന്നതിലെ തർക്കമാണ്‌ റോഡ്‌ നിർമാണം പൂർത്തിയാക്കുന്നതിൽ പ്രധാന തടസമായിട്ടുള്ളത്‌. ഇതിൽ എൻഎഡിയുമായുള്ള തർക്കം ഏറെക്കുറെ പരിഹൃതമായി. എൻഎഡി ഭൂമി ഏറ്റെടുക്കാനുളള നടപടികൾ ആരംഭിച്ചു. എന്നാൽ എച്ച്‌എംടി കമ്പനി മാനേജ്‌മെന്റ്‌ സ്ഥലം വിട്ടുകൊടുക്കാതെ പിടിവാശി തുടരുന്നു. ഭൂമി ഏറ്റെടുക്കലിന്‌ അനുകൂലമായുണ്ടായ ഹൈക്കോടതി വിധിക്കെതിരെ അവർ സുപ്രീംകോടതിയെ സമീപിച്ചു. മുമ്പ്‌ സംസ്ഥാന സർക്കാർ കൈമാറിയ ഭൂമിക്ക്‌ വലിയ തുക നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ്‌ എച്ച്‌എംടിയുടെ തടസവാദം. എച്ച്‌ എംടി ഭൂമി ലഭിക്കാതെ റോഡിന്റെ കണക്‌ടിവിറ്റി പൂർത്തിയാകില്ല. ഭൂമി വിട്ടു നൽകാനും കേസിലെ വിധിവരുമ്പോൾ അതനുസരിച്ച്‌ നഷ്‌ടപരിഹാര കാര്യത്തിൽ തീരുമാനമെടുക്കാമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടും എച്ച്‌എംടി വഴങ്ങിയിട്ടില്ല.  

കഴിഞ്ഞ ജനുവരിയിൽ വ്യവസായമന്ത്രി പി രാജീവ്‌ വിളിച്ചു ചേർത്ത യോഗത്തിലും എച്ച്‌എംടി മാനേജ്‌മെന്റ്‌ വിട്ടുവീഴ്‌ചയില്ലാത്ത പിടിവാശിയാണ്‌ പ്രകടിപ്പിച്ചത്‌. തുടർന്ന്‌ സുപ്രീംകോടതിയിലെ കേസ്‌ അതിവേഗം പൂർത്തിയാക്കാനുള്ള നടപടികൾക്ക്‌ മന്ത്രി നിർദ്ദേശം നൽകിയിരിക്കുകയാണ്‌.

കൊച്ചി സെസ്, ബിപിസിഎൽ കൊച്ചി റിഫൈനറി, കൊച്ചി സ്മാർട് സിറ്റി, ഇൻഫോ പാർക്ക്, കിൻഫ്ര ഹൈടെക് പാർക്ക്, എണ്ണക്കമ്പനികളായ ഐഒസിഎൽ, എച്ച്പി തുടങ്ങി ഒട്ടേറെ സംരംഭങ്ങളാണു നിർദിഷ്ട റോഡ് കടന്നുപോകുന്ന പ്രദേശത്തുള്ളത്. ഈ മേഖലയുടെ സമഗ്ര വികസനത്തിന്‌ വഴിതുറക്കുന്ന റോഡിന്റെ അതിവേഗ പൂർത്തീകരണത്തിനുള്ള ഇടപെടലാണ്‌ എൽഡിഎഫ്‌ സർക്കാർ നടത്തിവരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top