21 August Wednesday

മോഷണശ്രമം: പതിനാറുകാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019


കളമശേരി
എടിഎം മോഷണ ശ്രമമടക്കം നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ. മലപ്പുറം സ്വദേശിയായ പതിനാറുകാരനെയാണ‌് ഇടപ്പള്ളി ടോളിൽനിന്ന‌് കളമശേരി പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ ഇടപ്പള്ളി ടോളിൽ ആക്സിസ് ബാങ്കിന്റെ എടിഎം കൗണ്ടർ കുത്തിപ്പൊളിച്ച് മോഷണശ്രമം നടന്നിരുന്നു.

സൗത്ത് കളമശേരി ചങ്ങമ്പുഴ നഗറിന‌് സമീപം 14ന് ഗാൽടെക്സ് കോട്ടി‌ങ‌് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വെന്റിലേറ്റർ പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയിരുന്നു. ഇവിടെനിന്ന‌് ഇരുപതിനായിരത്തോളം രൂപ വിലവരുന്ന ഒരു മൊബൈൽ ഫോണും ഒരു കംപ്യൂട്ടർ മോണിറ്ററും 40 രൂപയും  മോഷണം പോയി. അഞ്ചോളം മോണിറ്ററുകൾ കൊണ്ടുപോകാനായി താഴത്തെ നിലയിൽ എത്തിച്ചെങ്കിലും അവിടെ ഉപേക്ഷിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട‌് അന്വേഷണം   നടക്കുന്നതിനിടെയാണ് പ്രതി പൊലീസ് പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം എടിഎം കൗണ്ടർ കുത്തിപ്പൊളിച്ചതും ഇയാളാണെന്നു സമ്മതിച്ചു.

ഗാൽടെക്സിൽനിന്ന‌് മോഷ്ടിച്ച മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാതെ പ്രതി കൈയിൽ കൊണ്ടുനടന്നതാണ് പൊലീസിന് സഹായകമായത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി പത്തടിപ്പാലം-കൂനംതൈ ഭാഗത്താണ് ലൊക്കേഷൻ കാണിച്ചിരുന്നത്. മോഷ്ടാവ് ഫോണുമായി അഞ്ചുമന, എറണാകുളം എംജി റോഡ് എന്നീ ടവർ ലൊക്കേഷനുകളിൽ സഞ്ചരിക്കുന്നതായും കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച രാത്രി ഇടപ്പള്ളി ടോളിൽ പ്രവർത്തിക്കുന്ന  റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ടെന്നറിഞ്ഞു കളമശേരി പൊലീസ് എത്തി പിടികൂടുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top