30 November Monday

കൊറോണക്കാലത്തും കുസാറ്റിൽ പഠനം തകൃതി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020


കൊച്ചി
കോവിഡ്‌–-19 ഭീതിയുയർത്തുന്നുണ്ടെങ്കിലും കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്‌) പഠനം തകൃതിയായി നടക്കുകയാണ്‌. ക്യാമ്പസ്‌ അടച്ചെങ്കിലും ക്ലാസുകൾ പുരോഗമിക്കുന്നത്‌ ഓൺലൈനിലാണ്‌. ഏപ്രിലിലെ പരീക്ഷയ്‌ക്കുമുമ്പ്‌ തീരേണ്ട ക്ലാസുകളും പരീക്ഷകളും അസൈൻമെന്റുമൊക്കെ ഓൺലൈനിൽത്തന്നെ നടത്താനാണ്‌ സർവകലാശാലയുടെ തീരുമാനം.

സ്വതന്ത്ര സോഫ്‌റ്റ്‌വെയറിൽ അധിഷ്‌ഠിതമായ സ്വന്തം സംവിധാനത്തിനുപുറമെ കോഴ്‌സ്ര എന്ന ലോകോത്തര ഓൺലൈൻ പ്ലാറ്റ്‌ഫോം സൗജന്യമായി തുറന്നുകിട്ടിയതും കുസാറ്റ്‌ വിദ്യാർഥികളുടെ പഠനം എളുപ്പമാക്കുന്നു. സ്‌റ്റാൻസ്‌ഫോർഡ്‌ ഉൾപ്പെടെയുള്ള സർവകലാശാലയുടെ കൺസോർഷ്യമാണ്‌ കോഴ്‌സ്ര.
കുസാറ്റിന്‌ 2003 മുതൽ ഓൺലൈൻ പഠനത്തിന്‌ സൗകര്യമുണ്ട്‌. സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലുള്ള മൂഡിൽ എന്ന സംവിധാനമാണത്‌. കുസാറ്റിന്റെ സെർവറിലാണ്‌ മൂഡിൽ പ്രവർത്തിക്കുന്നത്‌. ഇന്റർനെറ്റ്‌ ലഭ്യതയുടെ പ്രശ്‌നങ്ങൾ കാരണം 2015 വരെ മൂഡിൽ കാര്യമായി പ്രയോഗത്തിലില്ലായിരുന്നു. കോവിഡ്‌–-19 പോലൊരു ഭീഷണി വരുംവരെ അതിന്റെ സാധ്യതകളാകെ പ്രയോജനപ്പെടുത്താനുമായിരുന്നില്ല. എങ്കിലും പഠനവും ചെറിയ പരീക്ഷകളുമൊക്കെ നടത്തിപ്പോന്നു. കുസാറ്റിലെ എല്ലാ കോഴ്‌സിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും മൂഡിൽ സോഫ്‌റ്റ്‌വെയറിനെ ആശ്രയിക്കാനാകും. അവരവരുടെ ലോഗിൻ ഉപയോഗിച്ച്‌ കോഴ്‌സുകളിലേക്ക്‌ എത്തിപ്പെടാനും അസൈൻമെന്റുകൾ സമർപ്പിക്കാനും ക്ലാസ്‌ പരീക്ഷകൾപോലുള്ളവ എഴുതാനും അനായാസം കഴിയും. കംപ്യൂട്ടറിലും മൊബൈൽഫോണിലും മൂഡിൽ ഉപയോഗിക്കാം. നാൽപ്പതിലേറെ വ്യത്യസ്‌ത കോഴ്‌സുകളിൽ പതിനായിരത്തോളം വിദ്യാർഥികളാണ്‌ കുസാറ്റിലുള്ളത്‌.

എന്നാൽ, മെയിൻ പരീക്ഷ തൽക്കാലം പരമ്പരാഗതരീതിയിൽത്തന്നെ തുടരും. ഏപ്രിൽ ആദ്യവാരത്തിലാണ്‌ പരീക്ഷ തുടങ്ങേണ്ടത്‌. ഇപ്പോഴത്തെ സാഹചര്യത്തിൽ അനിശ്‌ചിതാവസ്ഥ ഉള്ളതിനാൽ വിഷുവിനുശേഷം പരീക്ഷ നടത്താനാണ്‌ ആലോചിക്കുന്നതെന്ന്‌ വൈസ്‌ ചാൻസലർ ഡോ. കെ എൻ മധുസൂദനൻ പറഞ്ഞു. അപ്പോഴേക്കും ക്ലാസുകൾ ഓൺലൈനിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. കോഴ്‌സ്രപോലെ ലോകമാകെയുള്ള വിദ്യാർഥികൾ ആശ്രയിക്കുന്ന ഉന്നതപഠനത്തിനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം സൗജന്യമായി തുറന്നുകിട്ടിയത്‌ വലിയ കാര്യമാണെന്ന്‌ കുസാറ്റിലെ സെന്റർ ഫോർ ഇൻഫർമേഷൻ റിസോഴ്‌സസ്‌ മാനേജ്‌മെന്റിന്റെ ഡയറക്‌ടർ ഡോ. ജി സന്തോഷ്‌കുമാർ പറഞ്ഞു. കോവിഡ്‌–-19 ഭീഷണിയെ തുടർന്നാണ്‌ ആഗസ്‌തുവരെ കോഴ്‌സ്ര സൗജന്യമാക്കിയിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top