16 June Sunday

പ്രളയത്തിന്റെ വേദനകൾക്ക്‌ വിട; പുതിയ വീട്ടിൽ പുതിയ സ്വപ്നങ്ങളുമായി സുധിയും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019


നെടുമ്പാശേരി
 "ഒന്നും കിട്ടില്ലെന്നാണ് കരുതിയത്. ഇനിയുള്ള ജീവിതം വാടകവീട്ടിൽ തീരുമെന്ന് വിചാരിച്ചു. പക്ഷേ ഇപ്പോൾ ശരിയായി; എല്ലാം ശരിയായി. പുതിയ വീടിന്റെ മുറ്റത്തുനിന്ന് നിറചിരിയിൽ കാര്യങ്ങൾ പറയുമ്പോൾ സുധിക്ക് ആശങ്കകളില്ല. മനസ്സ‌് നിറയെ സന്തോഷം മാത്രം.

പ്രളയം വീടിന്റെ അടിത്തറ ഇളക്കിമാറ്റിയപ്പോൾ ഏതൊരു വീട്ടമ്മയെയും അലട്ടിയ ഭീതി തന്നെയായിരുന്നു കന്നുകര പഞ്ചായത്തിലെ നെറ്റിക്കാട്ടിൽ വീട്ടിൽ സുധിക്കും. സാമ്പത്തികസ്ഥിതി പുതിയ വീടിനെക്കുറിച്ച് സ്വപ്നം കാണാൻപോലും സമ്മതിച്ചില്ല. വിദ്യാർഥികളായ മക്കളേയുംകൂട്ടി എന്തുചെയ്യണമെന്ന‌് അറിയാതെ പകച്ചുനിന്ന നാളുകൾ.
വീടിന്റെ മുൻവശത്തുകൂടിയാണ് ചാലക്കുടിപ്പുഴയിൽനിന്ന‌് അങ്കമാലി- മാഞ്ഞാലി തോട്ടിലേക്കുള്ള ചെറിയ കൈവഴി ഒഴുകുന്നത്. വർഷക്കാലത്ത് വെള്ളത്തിന്റെ നിരപ്പ് കൂടുമെന്നതല്ലാതെ ഇതുവരെ തോട് ഭീഷണി ഉയർത്തിയിട്ടില്ല. പക്ഷേ എല്ലാ മുൻ വിധികളെയും തകിടംമറിച്ചാണ് വെള്ളം ഉയർന്നുപൊങ്ങി കഴിഞ്ഞ കാലവർഷം കിടപ്പാടവും കൊണ്ടുപോയത്. വീടിന്റെ ഒരു ഭാഗം മുഴുവനായും ഒലിച്ചുപോയി. അടുക്കള ഇടിഞ്ഞുവീണു. അവിടെ താമസിക്കാൻ മാത്രമല്ല വീടിന്റെ ഉള്ളിൽ കയറാൻ പോലും ധൈര്യമില്ലായിരുന്നു. ഭർത്താവ് ശിവദാസിനും എന്തു ചെയ്യണമെന്ന് നിശ്ചയിക്കാനാകാത്ത അവസ്ഥ. താൽക്കാലികമായി കൂട്ടുകാരന്റെ വീട്ടിലേക്ക‌് വാടകയ്ക്ക് മാറി.

പലരും വീട്ടിൽവന്ന് ഫോട്ടോയെടുത്തു പോയി. പതുക്കെ വല്ലതും കിട്ടുമെന്ന ധാരണ മാത്രമായിരുന്നു മനസ്സിൽ. ഇതിനിടെ ആശ്വാസമായി സർക്കാരിന്റെ 10,000 രൂപ ധനസഹായം വന്നു. അവശ്യസാധനങ്ങളടങ്ങിയ കിറ്റും കിട്ടി. അപ്പോഴും വീടിന്റെ കാര്യം ആശങ്കയിലായിരുന്നു. ഒരു ദിവസം  കുന്നുകര പഞ്ചായത്തിലെ വിഇഒ വിമൽ രാജ് തകർന്ന വീട് നോക്കാനെത്തി. പിന്നീട് പെട്ടെന്നായിരുന്നു കാര്യങ്ങൾ നീങ്ങിയത്. പ്രളയം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ വീടിന്റെ തറക്കല്ലിട്ടു. തറ കെട്ടി. ആദ്യ ഗഡുവായ 95,100 രൂപ ലഭിച്ചു. സൗജന്യമായി ആയിരം കട്ട കിട്ടി. പിന്നീട് വീടുപണി അതിവേഗം പുരോഗമിച്ചു. മേൽക്കൂരയുടെ കോൺക്രീറ്റും കഴിഞ്ഞു; ഭിത്തികളുടെ തേപ്പും കഴിഞ്ഞു. മോടി കൂട്ടുന്നതിനുള്ള അവസാന മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. സർക്കാർ നൽകിയ നാലു ലക്ഷം രൂപ ധനസഹായം വളരെ വലുതാണെന്ന് മരപ്പണിക്കാരനായ ശിവദാസൻ പറയുന്നു. അല്ലെങ്കിൽ വീടെന്നത് സ്വപ്നമായി അവശേഷിച്ചേനെ. ആദ്യ വീട് ഓടിട്ടതായിരുന്നു. അതിനേക്കാൾ അടച്ചുറപ്പുള്ളതും ടെറസുമുള്ള വീടാണ് പുതിയത്. പുതിയ വീടാണ് നല്ലതെന്ന് അഞ്ചിൽ പഠിക്കുന്ന മകൾ ദേവികയും രണ്ടിൽ പഠിക്കുന്ന മകൻ വൈശാഖും പറയുന്നു. എത്രയുംപെട്ടെന്ന് പുതിയ വീട്ടിലേക്ക് താമസം മാറ്റാനുള്ള തിരക്കിലാണിവർ.


പ്രധാന വാർത്തകൾ
 Top