29 February Saturday

നാടിനെ സമരസജ്ജമാക്കി ജാഥകൾ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

എൽഡിഎഫ്‌ ജാഥയുടെ പള്ളത്താംകുളങ്ങരയിലെ സമാപനവേദിയിൽ ക്യാപ്‌റ്റൻ സി എൻ മോഹനനെ മുതിർന്ന സിപിഐ എം നേതാവ്‌ കെ എം സുധാകരന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു


കൊച്ചി
പൗരത്വ നിയമഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി പൊരുതേണ്ടതിന്റെ ആവശ്യകത ജനമനസ്സുകളിൽ അരക്കിട്ടുറപ്പിച്ച് എൽഡിഎഫ് പ്രചാരണജാഥകൾക്ക്‌ ഉജ്ജ്വല സമാപനം. അഖണ്ഡതയിൽ വിശ്വസിക്കുന്ന ഇന്ത്യയെ ഖണ്ഡങ്ങളാക്കാൻ ശ്രമിക്കുന്ന കിരാതനിയമത്തിനെതിരെ എൽഡിഎഫ് 26ന് കാസർകോടുമുതൽ തിരുവനന്തപുരംവരെ സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലയുടെ പ്രചാരണാർഥം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനനും സിപിഐ സെക്രട്ടറി പി രാജുവുമാണ്‌  പ്രചാരണജാഥകൾക്ക് നേതൃത്വം നൽകിയത്‌.  ഭരണഘടനയെ സംരക്ഷിക്കുക, പൗരത്വ നിയമഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച  ജാഥകൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലക്ഷക്കണക്കിനാളുകളാണെത്തിയത്. ജില്ലയിലുടനീളമുള്ള സ്വീകരണകേന്ദ്രങ്ങളിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജനങ്ങൾ വൻ വരവേൽപ്പ്‌ നൽകി.

സി എൻ മോഹനൻ നയിച്ച ജാഥ തിങ്കളാഴ്ച വൈകിട്ട്‌ പള്ളത്താംകുളങ്ങരയിലും പി രാജു നയിച്ച ജാഥ തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്‌സിലുമാണ്‌ പര്യടനം പൂർത്തിയാക്കിയത്‌. സി എൻ മോഹനൻ നയിച്ച പ്രചാരണജാഥ തിങ്കളാഴ്ച രാവിലെ വൈറ്റിലയിൽനിന്ന്‌ ആരംഭിച്ചു. വൈറ്റില പൗരാവലിയുടെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം നൽകി. സ്വീകരണ സമ്മേളനത്തിൽ  സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. കെ ഡി വിൻസന്റ് അധ്യക്ഷനായി. ഇടപ്പള്ളിയിൽ നടന്ന സ്വികരണ സമ്മേളനത്തിൽ എം എസ് രാജു അധ്യക്ഷനായി. എളമക്കര പുന്നയ്ക്കൽ ജങ്ഷനിൽ സിപിഐ മണ്ഡലം സെക്രട്ടറി ചന്ദ്രശേഖരമേനോൻ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. സിപിഐ എം ജില്ലാ കമ്മറ്റി അംഗം അഡ്വ. എം അനിൽകുമാർ അധ്യക്ഷനായി.

എറണാകുളം മാർക്കറ്റിലും ജാഥയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. കുട്ടകൾ നിറയെ പഴവർഗങ്ങളും ഏത്തക്കുലകളും പൊന്നാടകളും നൽകിയായിരുന്നു വരവേൽപ്പ്‌. സിപിഐ ജില്ലാ കൗൺസിൽ അംഗം എം ബി രാധാകൃഷ്ണൻ അധ്യക്ഷനായി. എടവനക്കാട്ടെ സ്വീകരണ സമ്മേളനത്തിൽ സിപിഐ ലോക്കൽ സെക്രട്ടറി എ കെ ഗിരീഷൻ അധ്യക്ഷനായി. പള്ളത്താംകുളങ്ങരയിലെ സമാപനകേന്ദ്രത്തിൽ മുതിർന്ന സിപിഐ എം നേതാവ്‌  കെ എം സുധാകരന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സമാപനസമ്മേളനത്തിൽ അഡ്വ. ഇ സി ശിവദാസൻ അധ്യക്ഷനായി.

സിപിഐ ജില്ലാ സെക്രട്ടറി പി രാജു നയിച്ച പ്രചാരണ ജാഥയുടെ തിങ്കളാഴ്ചത്തെ പര്യടനം രാവിലെ ആലുവ യുസി കോളേജിൽനിന്നു തുടങ്ങി. തുടർന്ന് വള്ളുവള്ളിയിലും മുപ്പത്തടത്തും ആലുവ ടൗണിലും സ്വീകരണം ഏറ്റുവാങ്ങി. വള്ളുവള്ളിയിലെ സ്വീകരണ യോഗത്തിൽ രമാ ശിവശങ്കരൻ അധ്യക്ഷയായി. മുപ്പത്തടത്തെ യോഗത്തിൽ പി കെ തിലകനും ആലുവയിലെ സ്വീകരണ സമ്മേളനത്തിൽ എ ഷംസുദ്ദീനും അധ്യക്ഷരായി. പാതാളം കവലയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പി എസ് സെനും സൗത്ത് കളമശേരിയിൽ ടി ടി രതീഷും സ്വീകരണയോഗങ്ങളിൽ അധ്യക്ഷരായി.

സിപിഐ ജില്ലാ സെക്രട്ടറി പി രാജു നയിച്ച എൽഡിഎഫ് ജാഥ കാക്കനാട് ജംഗ്ഷനിൽ സമാപിച്ചു. എൽഡിഎഫ്‌ മുനിസിപ്പൽ കമ്മിറ്റിയും വർഗ ബഹുജന സംഘടനകളും ചേർന്ന്‌ സ്വീകരിച്ചു. കെബിപിഎസ് പരിസരത്തുനിന്ന്‌ ബാൻഡ്‌ മേളത്തോടെ ജാഥയെ ആനയിച്ചു. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സി എൻ അപ്പുക്കുട്ടൻ അധ്യക്ഷനായി.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ മാനേജർ സി കെ മണിശങ്കർ, എംഎൽഎമാരായ എസ് ശർമ, ജോൺ ഫെർണാണ്ടസ്, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ്, അഡ്വ. കെ എസ് അരുൺകുമാർ,  വി എ സക്കീർ ഹുസൈൻ, സി കെ പരീത്, അഡ്വ. ടി വി അനിത, എൻ വിപിനചന്ദ്രൻ, കുമ്പളം രവി,  ബാബു പോൾ, എൻ എ മണി, കെ കെ സുകുമാരൻ, സാബു ജോർജ്, സി എ ഷക്കീർ, ചന്ദ്രശേഖരമേനോൻ,  അംഗം കെ എം അഷറഫ്, നായരമ്പലം മഹല്ല് ജമാഅത്ത് പള്ളി  ഖത്തീബ്‌ ഷഫീഖ് ബാഖവി, ചത്തങ്ങാട് ഇസ്മായിൽ സേഠ് തൈക്കാവ് ഇമാം ഫൈസൽ സഖാഫി,  എസ് ശ്രീകുമാരി, ഇ വി സുധീഷ്, കെ യു ജീവൻമിത്ര, ബി വി പുഷ്‌കരൻ, കെ കെ ഗോപാലകൃഷ്ണൻ, വി എ അഷ്‌റഫ്, എം എ മുഹമ്മദ് നജീബ്, എ ശ്രീധരൻ, പൗലോസ് മുടക്കുംതല, കെ ബി സുലൈമാൻ, എസ് രമേശൻ, കെ കെ സന്തോഷ് ബാബു,  ഉഷ പ്രവീൺ, കെ ടി എൽദോ, എൻ അരുൺ, ടി സി സഞ്ജിത്, കെ എ ജലീൽ, കെ ബി സുലൈമാൻ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top