അങ്കമാലി
കേരള നിയമസഭയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി സംഘടിപ്പിച്ച ഭരണഘടനാ സന്ദേശയാത്രയ്ക്ക് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ അങ്കമാലിയിൽ ഉജ്വല വരവേൽപ്പ്.
ജില്ലാ അതിർത്തിയിൽ പ്രവേശിച്ച യാത്രയെ എളവൂർ കവലയിൽനിന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. തുടർന്നുനടന്ന സ്വീകരണ സമ്മേളനം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. റോജി എം ജോൺ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ എം എ ഗ്രേസി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അംഗം എ എ സന്തോഷ് നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ക്യാപ്റ്റൻ ഡോ. പി എസ് ശ്രീകല (സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ഡയറക്ടർ), സാക്ഷരതാ മിഷൻ എക്സിക്യൂട്ടീവ് അംഗം കെ വി കുഞ്ഞിക്കൃഷ്ണൻ, ജില്ലാ കോ–-ഓർഡിനേറ്റർ ദീപ ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി പോൾ, വൈസ് പ്രസിഡന്റ് വത്സ സേവ്യർ, ജില്ലാ പഞ്ചായത്ത് അംഗം സാംസൺ ചാക്കോ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വൈ വർഗീസ്, ജയ രാധാകൃഷ്ണൻ, ചെറിയാൻ തോമസ്, എം പി ലോനപ്പൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ പി അയ്യപ്പൻ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ഷോബി ജോർജ് എന്നിവർ സംസാരിച്ചു.
യാത്ര നയിക്കുന്ന ഡോ. പി എസ് ശ്രീകലയെ മന്ത്രി രവീന്ദ്രനാഥും എംഎൽഎ റോജി എം ജോണും ഷാൾ അണിയിച്ച് സ്വീകരിച്ചു. നോഡൽ പ്രേരക് ശാരി കുട്ടപ്പൻ ഷാൾ അണിയിച്ചു. സക്ഷരതാ പ്രവർത്തകർ, പഠിതാക്കൾ, ജനപ്രതിനിധികൾ എന്നിവരുടെയും സ്വീകരണമുണ്ടായി.
ഭരണഘടനാ സാക്ഷരതയുടെ സാരാംശം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. മതനിരപേക്ഷ ജനാധിപത്യ രാജ്യമാണ് ഭരണഘടന ഉറപ്പുനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈരുധ്യങ്ങൾ നിറഞ്ഞ രാജ്യത്ത് ഓരോരുത്തരുടെയും അവകാശങ്ങൾ ഹനിക്കപ്പെടാൻ പാടില്ല. അതിനുറപ്പില്ലെങ്കിൽ ഭരണഘടനാ സംസ്കാരം കൊണ്ടുനടന്നിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.