23 November Monday
നിർമാണ പുരോഗതി വിലയിരുത്തി

പാലം പുനർനിർമാണം മികച്ച നിലയിൽ: ഇ ശ്രീധരൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


കൊച്ചി
പാലാരിവട്ടം മേൽപ്പാലം പുനർനിർമിക്കുന്ന ജോലികൾ ആസൂത്രണം ചെയ്‌തതുപോലെ മികച്ച നിലയിൽ മുന്നേറുന്നതായി ഡിഎംആർസി മുഖ്യ ഉപദേഷ്‌ടാവ്‌ ഇ ശ്രീധരൻ. ഡിഎംആർസിയുടെ മേൽനോട്ടത്തിൽ മേൽപ്പാലം പുനർനിർമാണ ജോലികൾ ആരംഭിച്ചശേഷം ആദ്യമായി സ്ഥലത്തെത്തി ജോലികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്‌ച രാവിലെ സൈറ്റിലെത്തിയ അദ്ദേഹം കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റിയിലെ എൻജിനിയർമാരുമായും ഡിഎംആർസിയിലെ വിദഗ്‌ധരുമായും സംസാരിച്ച്‌ നിർമാണ പുരോഗതി വിലയിരുത്തി.

ജോലികൾ തുടങ്ങിയതേയുള്ളൂ എന്നും വൈകാതെ വേഗത്തിലാകുമെന്നും പിന്നീട്‌ അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ ഇത്രയും വേഗമേ ഉണ്ടാകൂ. നിർമാണ പിഴവുമൂലം കേടുപാടുണ്ടായ പാലം പൊളിക്കലും പുതിയ പാലം നിർമാണത്തിനുള്ള തയ്യാറെടുപ്പുകളും ഒരേസമയം നടക്കുന്നുണ്ട്‌. മുട്ടത്തെ യാർഡിൽ ഇതിനകം മൂന്ന്‌ ഗർഡറുകൾ കാസ്‌റ്റ്‌ ചെയ്‌തുകഴിഞ്ഞു. ആകെ 102 ഗർഡറുകളാണ്‌ കാസ്‌റ്റ്‌ ചെയ്യേണ്ടത്‌. പാലത്തിൽനിന്ന്‌ 16 ഗർഡറുകൾ പൊളിച്ചുനീക്കി. തൂണുകൾ ബലപ്പെടുത്തുന്ന ജോലികളും ആരംഭിച്ചു. ഏറെ അപകടസാധ്യതയുള്ള ജോലിയാണ് നടക്കുന്നത്‌. സുരക്ഷാ നടപടികളിൽ ഒരു വീഴ്‌ചയും പാടില്ലെന്ന്‌ പ്രത്യേകം നിർദേശിച്ചു. കോവിഡ്‌  ബാധയുണ്ടാകതെ സൂക്ഷിക്കണമെന്ന്‌ നിർദേശിച്ചതായും ഇ ശ്രീധരൻ പറഞ്ഞു.

പുതിയ പാലത്തിന്റെ രൂപകൽപ്പനയും ശ്രീധരൻ പരിശോധിച്ചു. തുടർന്ന്‌ ഡിഎംആർസി ഓഫീസും സന്ദർശിച്ചു. പാലാരിവട്ടം പാലം പുനർനിർമാണത്തിനുള്ള ഉദ്യോഗസ്ഥരെ മാത്രം കൊച്ചിയിൽ നിലനിർത്തി സംസ്ഥാനത്തെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഡിഎംആർസി. ഇക്കാര്യങ്ങളും ശ്രീധരൻ വിലയിരുത്തി. ചമ്പക്കര പാലത്തിന്റെ നിർമാണവും പൂർത്തിയായതോടെ കൊച്ചിയിൽ ഡിഎംആർസി ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തിയായിരുന്നു. ഈ മാസം അവസാനത്തോടെ കൊച്ചിയിലെ പ്രവർത്തനം നാമമാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top