02 December Wednesday

കലാമണ്ഡലം പ്രഭാകരൻ എഴുപത്തഞ്ചിന്റെ ചുറുചുറുക്കില്‍

എ എസ്‌ ജിബിനUpdated: Tuesday Oct 20, 2020


കൊച്ചി
തുള്ളൽത്രയത്തിലൂടെ തുള്ളൽ പ്രസ്ഥാനത്തിന്‌ പുതുവഴിതുറന്ന കലാമണ്ഡലം പ്രഭാകരൻ എഴുപത്തഞ്ചിന്റെ നിറവിൽ. ബുധനാഴ്ച മൂലം നക്ഷത്രത്തിൽ അദ്ദേഹത്തിന് 75 വയസ്സാകും. ഓട്ടൻ, പറയൻ, ശീതങ്കൻ വിഭാഗങ്ങളിൽ ഒരുപോലെ മികവുപുലർത്തുന്ന അദ്ദേഹം തുള്ളൽത്രയത്തിലൂടെ മൂന്നുവിഭാഗത്തിനും പുതുജീവൻ പകർന്നു.

പറയൻ തുള്ളലും ശീതങ്കൻ തുള്ളലും ഓട്ടൻതുള്ളലും ഒരേ വേദിയിൽ ഒരേസമയം അവതരിപ്പിക്കുന്ന അദ്ദേഹം രൂപകൽപ്പന ചെയ്‌ത ‘തുള്ളൽ ത്രയം' 2003ൽ സൂര്യ ഫെസ്റ്റിവലിലാണ്‌ അരങ്ങേറിയത്‌. മക്കളായ പ്രവാസും പ്രവീണയും അദ്ദേഹത്തിനൊപ്പം അരങ്ങിലെത്തി. പിന്നീട്‌ മറ്റു കലാകാരൻമാരും തുള്ളൽത്രയത്തെ ഏറ്റെടുത്തു.

കുഞ്ചൻ നമ്പ്യാരുടെ മൊഴിമുത്തുകളും തുള്ളലിലെ അപൂർവ താളങ്ങളും കോർത്തിണക്കി 2005ൽ കുഞ്ചൻ സംഗീത സായാഹ്നം ചിട്ടപ്പെടുത്തി. ലോക്ക്ഡൗൺ കാലത്ത് ഒഴിവുസമയ കുഞ്ചൻ നർമ ചിന്തകൾ എന്ന പേരിൽ ഫെയ്‌സ്ബുക്കിലൂടെ പത്ത് വീഡിയോകൾ പുറത്തിറക്കിയിരുന്നു.

കുഞ്ചൻ നമ്പ്യാരെ രാജശാസനപ്രകാരം പടിയിറക്കിയ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ രണ്ടര നൂറ്റാണ്ടിനുശേഷം തുള്ളൽ അവതരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ശീതങ്കൻ തുള്ളൽ അവതരിപ്പിച്ചത് കലാമണ്ഡലം പ്രഭാകരനാണ്.  
1945ൽ കാസർകോട്‌ കുട്ടമത്ത് കുഞ്ഞമ്പുനായരുടെയും മാക്കമ്മയുടെയും മകനായാണ് ജനനം. തുള്ളൽ കലാരംഗത്തെ പ്രമുഖനായ മലബാർ രാമൻനായരുടെ സഹോദരപുത്രനാണ്. പത്താംക്ലാസ്‌ കഴിഞ്ഞ്‌ 1960ൽ കലാമണ്ഡലത്തിൽ ചേർന്നു. നാലുവർഷം തുള്ളൽ അഭ്യസിച്ചു. കല കൊണ്ടുമാത്രം ഉപജീവനം നടക്കാതെ വന്നതോടെ വർക്‌ഷോപ് മെക്കാനിക്കായി.

1972ൽ തിരുവനന്തപുരം കെഎസ്ആർടിസി സെന്റർ വർക്‌സിൽ വർക്ക് അസിസ്റ്റന്റായി പിഎസ്‌സി വഴി നിയമനം ലഭിച്ചു. പകൽ ജോലിക്കുശേഷം രാത്രി അമ്പലപ്പറമ്പുകളിൽ നിറഞ്ഞാടി. 2000ത്തിൽ എറണാകുളം ഡിപ്പോ ചാർജുമാനായി വിരമിച്ചു.
തുള്ളൽ പ്രവീണൻ അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തി. കലാമണ്ഡലം സർവകലാശാല ഭരണസമിതി അംഗവും തുള്ളൽ വിഭാഗം വിസിറ്റിങ് പ്രൊഫസറും മലയാളം സർവകലാശാലയിൽ സെനറ്റ്‌ അംഗവുമാണ്. എറണാകുളം എളമക്കരയിൽ സൗഗന്ധികത്തിലാണ് താമസം. ഭാര്യ വത്സല. മക്കൾ: പ്രവീൺ (ചിന്മയ വിദ്യാലയത്തിലെ അധ്യാപകൻ, തുള്ളൽ, മൃദംഗ കലാകാരൻ), ഡോ. പ്രവാസ് (കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജ് അധ്യാപകൻ), പ്രവീണ (ചേർത്തല എൻഎസ്എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, തുള്ളൽ കലാകാരി, നർത്തകി).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top