10 August Monday

ആവേശം കത്തിക്കയറി ; കൊട്ടിക്കലാശം

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019


കൊച്ചി
ആവേശം വാനോളമുയർന്ന കൊട്ടിക്കലാശം. എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞു...‘നമ്മുടെ ചിഹ്നം ഓട്ടോറിക്ഷ’. ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ സമാപനംകുറിച്ച്‌ കലൂർ ബസ്‌ സ്‌റ്റാൻഡിനുമുന്നിൽ നടന്ന കൊട്ടിക്കലാശം വാക്കുകൾക്ക്‌ അളക്കാനാകാത്ത ഹൃദയവികാരമായി. എതിരാളികളെ പിന്നിലാക്കി എറണാകുളത്തിന്റെ മനസ്സിൽ ഇടംപിടിച്ച എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയിയെ സ്വീകരിക്കാൻ ഒഴുകിയെത്തിയത്‌ ആയിരങ്ങളായിരുന്നു.  ചിഹ്നം പതിച്ച പ്ലക്കാർഡുകളുമായി പ്രവർത്തകർ നാടിനെ അക്ഷരാർഥത്തിൽ ഇളക്കിമറിച്ചു.

കൊച്ചുകുട്ടികളും സ്ത്രീകളും മനുവിന്‌ പിന്തുണയുമായി ഇറങ്ങി.  സ്ഥാനാർഥിയുടെ ചിത്രമുള്ള ടി ഷർട്ടുകളും അകമ്പടിയായി എത്തിയ ഓട്ടോറിക്ഷ–-ബൈക്ക്‌ റാലിയും കൊട്ടിക്കലാശത്തിന്‌ മാറ്റുകൂട്ടി. ബാൻഡ്‌–--ചെണ്ട മേളങ്ങളും പ്രചാരണഗാനങ്ങളും കലൂരിനെ ഉത്സവപ്പറമ്പാക്കി. മനു റോയി പ്രസംഗിക്കാൻ വേദിയിലേക്ക്‌ കയറിയപ്പോൾ മുദ്രാവാക്യം വിളികൾ ഇടിമുഴക്കമായി. ചില നല്ല മനസ്സുള്ളവർ വന്നാൽ മറ്റു പാർടിക്കാരും വോട്ട്‌ ചെയ്യുമെന്ന്‌ മനു റോയിക്ക്‌ ഒപ്പം തുറന്ന വാഹനത്തിലെത്തിയ മുൻ എംപി ഇന്നസെന്റ്‌ പറഞ്ഞു. അത്തരത്തിലുള്ള സ്ഥാനാർഥിയാണ്‌ മനു റോയിയെന്നും അദ്ദേഹം പറഞ്ഞു.
പാലായുടെ വഴിയിൽ എറണാകുളവും സഞ്ചരിക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ പറഞ്ഞു. ജീവിക്കാൻ പറ്റാത്ത നഗരമായി എറണാകുളം മാറി.  ഇത്തവണ ജനം മാറിച്ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ്‌ നേതാക്കളായ കെ രാധാകൃഷ്‌ണൻ, സി എം ദിനേശ്‌മണി, ഗോപി കോട്ടമുറിക്കൽ, പി രാജു, ടി കെ മോഹനൻ, സി കെ മണിശങ്കർ, പി എം ഇസ്‌മയിൽ,  സാബു ജോർജ്‌, ജോർജ്‌ ഇടപ്പരത്തി തുടങ്ങിയവരും പങ്കെടുത്തു.

കൊട്ടിക്കലാശത്തിനുമുന്നോടിയായുള്ള എൽഡിഎഫ് റോഡ് ഷോ വാത്തുരുത്തിയിൽ ഇന്നസെന്റ്‌ ഉദ്‌ഘാടനം ചെയ്‌തു.  സ്ഥാനാർഥിയും ഇന്നസെന്റും ചേർന്ന്‌ നടത്തിയ റോഡ്‌ ഷോയെ നഗരം ആവേശത്തോടെയാണ്‌ വരവേറ്റത്‌.

വില്ലിങ്ടൺ ഐലൻഡ്, തേവര, സൗത്ത് മേൽപ്പാലം, കടവന്ത്ര ഗാന്ധിനഗർ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, എംജി റോഡ്, കച്ചേരിപ്പടി ജങ്‌ഷൻ, അയ്യപ്പൻകാവ്, പച്ചാളം, വടുതല ഗേറ്റ്, ജയകേരള ജങ്‌ഷൻ, തട്ടാംപടി, കുന്നുംപുറം ജങ്‌ഷൻ, പുന്നയ്‌ക്കൽ ജങ്‌ഷൻ, പൊറ്റക്കുഴി, കറുകപ്പിള്ളി, ദേശാഭിമാനി എന്നിവിടങ്ങളിലൂടെയാണ്‌ റോഡ് ഷോ കടന്നുപോയത്‌.

ശനിയാഴ്‌ച രാവിലെ മുതൽ വീടു കയറി വോട്ട് അഭ്യർഥിച്ചും പഴയ പരിചയം പുതുക്കിയും  മനു റോയി മണ്ഡലത്തിൽ നിറഞ്ഞു. കാരിക്കാമുറി കോളനിയിൽനിന്ന് ഗൃഹ സന്ദർശന പര്യടനം ആരംഭിച്ചു.

ചാവറ കൾച്ചറൽ സെന്ററിലും നഗരത്തിലെ ഫ്ലാറ്റ് സമുച്ചയങ്ങളിലും പിന്തുണ തേടിയെത്തി. ചിൽഡ്രൻസ് പാർക്കിന് സമീപമുള്ള ലിങ്ക് ഹോറൈസൺ ഫ്ലാറ്റിൽ വോട്ട് ചോദിക്കാൻ എത്തിയ മനു റോയി പഴയ സഹപാഠികളുമായി പരിചയം പുതുക്കി.  പുല്ലേപ്പടി സി പി ഉമ്മർ റോഡിലും പരിസരത്തും വോട്ട് അഭ്യർഥിച്ചു.
 എറണാകുളം മാർക്കറ്റിൽ എത്തിയ സ്ഥാനാർഥിക്ക് ആവേശോജ്വല വരവേൽപ്പാണ് ലഭിച്ചത്. പ്രളയബാധിതർക്ക്‌ വസ്ത്രങ്ങൾ ദാനം ചെയ്‌ത നൗഷാദിനെയും ബ്രോഡ്‌വേയിലെ കടയിൽ സ്ഥാനാർഥി സന്ദർശിച്ചു.യുഡിഎഫ്‌ സ്ഥാനാർഥി ടി ജെ വിനോദിന്റെ പ്രചാരണം ടൗൺഹാളിനുമുന്നിലും എൻഡിഎ സ്ഥാനാർഥി സി ജി രാജഗോപാലിന്റേത്‌ മാധവ ഫാർമസി കവലയിലും സമാപിച്ചു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top