22 September Sunday

ദമ്പതികളും മകളും തൂങ്ങിമരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019


വൈപ്പിൻ
ദമ്പതികളെയും മകളെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുവൈപ്പ് ഗവ. യുപി സ്കൂളിനു പടിഞ്ഞാറുവശം ആനക്കാരൻ സുഭാഷ് (52), ഭാര്യ ഗീത (48), ഏക മകൾ നയന (23) എന്നിവരാണ്‌ മരിച്ചത്. ആത്മഹത്യാക്കുറിപ്പ്‌ കണ്ടെടുത്തു. സുഭാഷിന്റെ സഹോദരൻ സുരേഷ് തിങ്കളാഴ്ച രാവിലെ ഫോണിൽ വിളിച്ച്‌ കിട്ടാതെവന്നപ്പോഴാണ്‌ വീട്ടിലെത്തി അന്വേഷിച്ചത്‌. ജനലിലൂടെ നോക്കിയപ്പോൾ രണ്ടുപേർ തൂങ്ങി നിൽക്കുന്നതു കണ്ടു. വീട് തുറന്നപ്പോഴാണ് നയനയുടെ മൃതദേഹം കണ്ടത്. പൊലീസെത്തി മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. സുഭാഷ്‌ കൂലിപ്പണിക്കാരനാണ്‌.

എൻജിനിയറിങ് ബിരുദധാരിയായ നയന ജോലിക്കായി ബംഗളുരുവിലായിരുന്നു. നയനയെ പിന്നീട് കാണാതായി. വീട്ടുകാർ നടത്തിയ അന്വേഷണം വിഫലമായപ്പോൾ ഒന്നരമാസം മുമ്പ് ഞാറക്കൽ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ ഒരു യുവാവിനൊപ്പം  ബംഗളുരു, ഗോവ എന്നിവിടങ്ങളിൽ മാറിമാറി താമസിക്കുന്നതായി കണ്ടെത്തി. ഇവരോട്‌ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ്‌ കഴിഞ്ഞദിവസം നയന വീട്ടിലെത്തിയത്‌.

അനുജൻ സുരേഷ്, ജേഷ്ഠൻ രാജു, പൊലീസ് എന്നിവർക്കായി സുഭാഷ് എഴുതിയ കത്തുകളിൽ  മകളുടെ ജീവിതം  മൂലം ആത്മഹത്യ ചെയ്യുകയാണെന്നു പറയുന്നു. ഒരുമിച്ചെടുത്ത തീരുമാനമാണെന്നും  മറ്റാരും മരണത്തിന് ഉത്തരവാദികളല്ലെന്നും കത്തിലുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top