23 January Thursday

മഞ്ഞവര കടന്ന്‌ മഴ കനക്കുന്നു

സ്വന്തം ലേഖകർUpdated: Saturday Jul 20, 2019

കൊച്ചി
യെല്ലൊ അലർട്ട‌് പ്രഖ്യാപിച്ച ജില്ലയിൽ മഴ കനത്തു. ബുധനാഴ‌്ച ആരംഭിച്ച മഴ വ്യാഴം, വെള്ളി ദിവസങ്ങളിലാണ‌് ശക്തമായത‌്.
എറണാകുളം കെഎസ‌്ആർടിസി ബസ‌് സ‌്റ്റാൻഡിൽ വെള്ളം കയറിയതോടെ യാത്രക്കാർ ദുരിതത്തിലായി. സ‌്റ്റാൻഡിൽ യാത്രക്കാർക്കായുള്ള ഇരിപ്പിടത്തിലേക്കും വെള്ളമെത്തി. സമീപത്തെ കാനകളിൽനിന്നുള്ള മലിന ജലം പരന്നൊഴുകി. സൗത്ത‌് റെയിൽവേ സ‌്റ്റേഷൻ, എംജി റോഡ‌്, ഹൈക്കോടതി ജങ‌്ഷൻ, മേനക ജങ‌്ഷൻ, ഗാന്ധി നഗർ എന്നിവിടങ്ങളിലും വെള്ളം കയറി. നഗരത്തിൽ വെള്ളക്കെട്ടായതോടെ കാൽനടക്കാരും ഇരുചക്രവാഹനക്കാരും ദുരിതത്തിലായി.
ചെല്ലാനത്ത്‌ കടൽ കയറുന്നു

വെള്ളിയാഴ്ച രാവിലെമുതൽ ചെല്ലാനത്ത് കടൽ ചെറിയ തോതിൽ കരയിലേക്ക് കയറിത്തുടങ്ങി. ഉച്ചയോടെ ശക്തിപ്രാപിച്ചു.  കമ്പനിപ്പടി, ബസാർ, വേളാങ്കണ്ണി തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കടലാക്രമണം. ചെളിയോടുകൂടി കലർന്ന വെള്ളമാണ് കരയിലേക്ക് ഇരച്ചുകയറുന്നത്.  ജിയോ ബാഗുകളും കവിഞ്ഞ് തീരപ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളം കയറി. ശുചിമുറികൾ ചെളിവെള്ളം കയറി അടഞ്ഞു. കമ്പനിപ്പടി, ബസാർ പരിസരങ്ങളിൽ വെള്ളം പിഡബ്ല്യുഡി റോഡുവരെ എത്തി. ആളുകൾ സാധനം നീക്കി കടകൾ അടച്ചു. കടലാക്രമണം രൂക്ഷമായാൽ ജില്ലാ ഭരണനേതൃത്വവുമായി ആലോചിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ തുറക്കുമെന്ന് ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി പറഞ്ഞു. കനത്ത മഴയിൽ പള്ളുരുത്തിയിൽ ആൽമരം കടപുഴകി. മാരമ്പിള്ളി ക്ഷേത്രത്തിനുമുന്നിൽ നിന്ന കൂറ്റൻ ആൽമരമാണ് വെള്ളിയാഴ്ച പകൽ മൂന്നോടെ കടപുഴകിയത്. അമ്പലത്തിനുസമീപമുള്ള നടപ്പാതയിൽ വീണ മരം നാട്ടുകാർ ചേർന്ന് വെട്ടിനീക്കി.

മണികണ്ഠൻചാൽ ചപ്പാത്ത‌് മുങ്ങി
കോതമംഗലം ജവാഹർ കോളനിയിലെ 41 വീടുകളിലേക്ക‌് വെള്ളമൊഴുകിയെത്തി. ജവഹർ കോളനിയിലുള്ളവരെ താമസിപ്പിക്കാൻ കോതമംഗലം ടൗൺ യുപി സ്കൂളിൽ ക്യാമ്പ് സജ്ജീകരിക്കും.  കോഴിപ്പിള്ളി തോടും കാളിയർ പുഴയും നിറഞ്ഞു. മണികണ്ഠൻചാൽ ചപ്പാത്ത‌് മുങ്ങിയതോടെ 600 വീടുകളുള്ള വെള്ളാരംകുത്ത‌്, ഉറിയംപെട്ടി, മണികണ‌്ഠൻചാൽ ആദിവാസി കുടികൾ ഒറ്റപ്പെട്ടു. മലങ്കര ഡാമിന്റെ രണ്ട‌് ഷട്ടറുകൾ ഉയർത്തി ഡാമിന്റെ മൂന്നും നാലും ഷട്ടറുകർ 30 സെന്റീ മീറ്റർ വീതമാണ‌് ഉയർത്തിയത‌്. കുട്ടമ്പുഴയിൽ ബ്ലാവന കടത്തുകടവിലും പൂയംകുട്ടി കടത്തുകടവിലും ജലനിരപ്പ‌് ഉയർന്നതോടെ വഞ്ചിയിൽ സഞ്ചരിക്കുന്നവർക്ക് ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയും സജ്ജീകരിച്ചു. താലൂക്കിൽ കൺട്രോൾ റൂം തുറന്നു. ഫോൺ: 0485–-2860468. തുടർച്ചയായി പെയ്യുന്ന കർക്കടക മഴയിൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പുയർന്നു. രണ്ടു ദിവസമായി കിഴക്കൻ മേഖലയിൽ പെയ്യുന്ന മഴയിൽ കോതമംഗലം പുഴ, കാളിയാർ പുഴ, തൊടുപുഴയാർ എന്നിവയിൽനിന്നും ഇരുകരകളിൽനിന്നുള്ള തോടുകളിലും നീരൊഴുക്ക് വർധിച്ചതിനെ തുടർന്നാണ് മൂവാറ്റുപുഴയാറിൽ ജലനിരപ്പുയർന്നത്. മൂവാറ്റുപുഴ കാവുംപടിയിലെ പുഴയോര നടപ്പാതയിൽ വെള്ളം കയറി.   ഇരുകരകളിലെയും താഴ്ന്ന സ്ഥലങ്ങളിലും  പാടശേഖരങ്ങളിലും വെള്ളിയാഴ്ച വൈകിട്ട് വെള്ളം കയറിത്തുടങ്ങി.  മൂവാറ്റുപുഴ താലൂക്കിൽ കാലവർഷക്കെടുതി, പ്രകൃതിദുരന്തം അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അടിയന്തര ഘട്ടം നേരിടുന്നതിന‌് എല്ലാ വില്ലേജ് ഓഫീസർമാർക്കും ജാഗ്രതാനിർദേശം നൽകി. ഫോൺ: 0485 2813773.

 

കണക്കൻകടവിൽ ഷട്ടർ തകർന്നു
ചാലക്കുടി പുഴയിൽ വെള്ളം ഉയർന്ന് കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ ബോട്ട് വേയുടെ ഷട്ടർ തകർന്നു. പുഴയിലെ ജലനിരപ്പ് താഴുമ്പോൾ ഓരുവെള്ളം കയറാതിരിക്കാനാണ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചത്. പുഴയിൽ ജലനിരപ്പുയർന്നിട്ടും അധികൃതർ ഷട്ടർ ഉയർത്താത്തതാണ‌് ബോട്ട‌് വേ തകരാനിടയായതെന്ന‌് നാട്ടുകാർ പറയുന്നു. വഞ്ചികൾക്ക് കടന്നുപോകാൻ സ്ഥാപിച്ചതാണ് ബോട്ട് വേ ഷട്ടർ. മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരാണ് ഷട്ടർ നിയന്ത്രിക്കേണ്ടത്. കഴിഞ്ഞ മാസം റഗുലേറ്ററിലെ നാലാമത്തെ ഷട്ടർ വെള്ളപ്പാച്ചിലിൽ തകർന്നിരുന്നു. പുഴയിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ ഒരോ വർഷവും ലക്ഷക്കണക്കിന് രൂപയാണ് താൽക്കാലിക മണൽ ബണ്ടിനായി ചെലവാക്കുന്നത‌്. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ‌്ജിന്റെ ഷട്ടറുകൾ തുറന്നു.   പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശമുണ്ടായ  കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പാലവും അതിനോടനുബന്ധിച്ച് റഗുലേറ്ററുകളും സ്ഥാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെമുതലാണ് പെരിയാറിലെ ജലനിരപ്പ് ഉയർന്നുതുടങ്ങിയത്.  ആകെയുള്ള 18 ഷട്ടറുകളിൽ പത്തെണ്ണമാണ് ഇപ്പോൾ തുറന്നത്.  മഴ ശക്തമായി തുടർന്നാൽ ബാക്കിയുള്ള ഷട്ടറുകൾകൂടി തുറക്കും.

   പെരിയാറിൽ ഏലൂർ പാതാളം റഗുലേറ്റർ കം ബ്രിഡ്ജ് വെള്ളിയാഴ്ച രാവിലെ കവിഞ്ഞൊഴുകി. എല്ലാ ഷട്ടറുകളും ഈ സമയം അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് ജനങ്ങൾ അറിയിച്ചതനുസരിച്ച് ഇറിഗേഷൻ ഉദ്യോഗസ്ഥരെത്തി ആറു ഷട്ടറുകൾ തുറന്നു. ഇതോടെ വെള്ളമിറങ്ങി. എന്നാൽ, ജലനിരപ്പ് സാധാരണ ദിവസങ്ങളിൽ ഈ ഭാഗത്ത് ഉള്ളതിനേക്കാൾ ഒരടിയോളം ഉയർന്ന നിലയിലാണ്. നഗരസഭയിലെ താഴ്ന്ന പ്രദേശമായ 13–--ാം വാർഡ് പ്രദേശത്തും  രാവിലെ വെള്ളം ഉയർന്ന നിലയിലായിരുന്നു.


പ്രധാന വാർത്തകൾ
 Top