19 October Saturday

മരത്തിൽ കുടുങ്ങിയയാളെ അഗ്നിശമനസേന രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019


പെരുമ്പാവൂർ
മരത്തിൽ കയറി, ശാരീരിക അവശതയെ തുടർന്ന് ഇറങ്ങാൻ കഴിയാതെ കുടുങ്ങിപ്പോയയാളെ അഗ്നിശമനസേന എത്തി രക്ഷിച്ചു. മരം വെട്ടാൻ കയറിയ പൂക്കോടൻ വീട്ടിൽ ശശിയെയാണ‌്  രക്ഷപ്പെടുത്തിയത‌്. മേക്കപ്പാല മാടപ്പള്ളി പരമേശ്വരന്റെ പറമ്പിൽ നിന്ന അറുപതടിയോളം ഉയരമുള്ള തേക്ക് ഒടിഞ്ഞ് അടുത്ത പറമ്പിലെ മഹാഗണി മരത്തിൽ തങ്ങിനിന്നു. ഇത് തൊട്ടടുത്ത  വീടിന് ഭീഷണിയായതിനാൽ വെട്ടിമാറ്റാൻ മരത്തിൽ കയറിയ ശശി, ശിഖരത്തിൽ തളർന്നിരിക്കുന്നത് കണ്ട  പരമേശ്വരൻ മരത്തിൽ കയറി ശശിയെ കയർകൊണ്ട് കെട്ടിവച്ചു. അതിനുശേഷം അഗ്നിശമനസേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സേനാംഗങ്ങൾ  കോരിച്ചൊരിയുന്ന മഴയത്ത് കോണി ചാരിവച്ച‌് കയറി സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.

പെരുമ്പാവൂർ ഫയർ ഓഫീസർ ലാൽജിയുടെ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ ഷാജി സെബാസ്റ്റ്യൻ,  ഫയർമാൻമാരായ വി വൈ ഷമീർ, പി എം ഷാനവാസ്, ശ്രീക്കുട്ടൻ, രഞ്ജിത്ത് രമണൻ, ശരത് മോഹൻ, ഹോം ഗാർഡുമാരായ ബാലകൃഷ്ണൻ, ജേക്കബ്, ഡ്രൈവർ മെക്കാനിക‌് പി ഒ വർഗീസ്, ഫയർമാൻ ഡ്രൈവർ എം കെ നാസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.


പ്രധാന വാർത്തകൾ
 Top