25 May Monday

‘സ്വരക്ഷ’ ടെലിമെഡിസിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020


കൊച്ചി
കോവിഡ്‌–-19 സംശയിക്കുന്നവർക്കും  വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും  വൈദ്യസഹായം വീട്ടുപടിക്കലെത്തിച്ച്‌ സിറ്റി പൊലീസ്‌. ‘സുരക്ഷയൊരുക്കൂ, സ്വയം സുരക്ഷിതരാകൂ’ മുദ്രാവാക്യവുമായി  ‘സ്വരക്ഷ’ ടെലി മെഡിസിൻ പദ്ധതിക്ക്‌ തുടക്കമായി. സംശയ നിവാരണത്തിനും പ്രതിരോധ മാർഗങ്ങളെക്കുറിച്ചറിയാനും മൊബൈൽ നമ്പറിൽ വിളിക്കാം. പൊലീസ്‌ കൺട്രോൾ റൂമിൽ 24 മണിക്കൂറും ടെലി മെഡിസിൻ സേവനം ലഭ്യമാണെന്ന്‌ കമീഷണർ വിജയ്‌ സാഖറെ പറഞ്ഞു. ഫോൺ: 8590202050.

രോഗത്തെയും രോഗ നിവാരണത്തെയും കുറിച്ച്‌ ശബ്‌ദ, ദൃശ്യ സന്ദേശങ്ങൾ വഴി ചോദിച്ചറിയാം. പാനലിലുള്ള ഡോക്‌ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംശയങ്ങൾ പങ്കുവയ്‌ക്കാം. ചികിത്സ ആവശ്യമെങ്കിൽ ഡോക്‌ടർമാർ നിർദേശം നൽകും. കൊവിഡ്‌–-19 പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാരെ 70 കേന്ദ്രങ്ങളിൽ പരിശോധിക്കുന്നത്‌ തുടരുകയാണ്‌. വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്ക്‌ സഹായമെത്തിക്കുന്നുണ്ട്‌. വിവിധ ആശുപത്രികളിലെ 25 ഡോക്‌ടർമാരാണ്‌ സേവനത്തിനുള്ളത്‌.

നിരീക്ഷണത്തിലുള്ളവരെ പാർപ്പിക്കുന്നതിനായി നഗരത്തിൽ 600 മുറികൾ കണ്ടെത്തിയിട്ടുണ്ടെന്ന്‌ വിജയ്‌ സാഖറെ പറഞ്ഞു. 500 മുറികൾകൂടി ഉടൻ സജ്ജമാകും. നഗരത്തിലെ വിവിധ ഹോംസ്‌റ്റേകളിലായി 2000 വിദേശസഞ്ചാരികൾ കഴിയുന്നുണ്ട്‌. ഇവർക്ക്‌ താമസം, ഭക്ഷണം, യാത്രാരേഖകൾ എന്നിവയൊരുക്കുന്നുണ്ട്‌. ഷോപ്പിങ്‌ മാളുകൾ, മദ്യശാലകൾ എന്നിവിടങ്ങളിൽ ആളുകളെത്തുന്നത്‌ സമൂഹത്തെ ബാധിക്കാത്ത വിധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐഎംഎ, റോട്ടറി ഇന്റർനാഷണൽ, റിലയൻസ്‌ ജിയോ എന്നിവയുടെ സഹകരണത്തോടെയാണ്‌ ടെലി മെഡിസിൻ സംവിധാനം നടപ്പാക്കുന്നത്‌.

ചടങ്ങിൽ ഡെപ്യൂട്ടി കമീഷണർ ജി പൂങ്കുഴലി, അഡീഷണൽ കമീഷണർ കെ പി ഫിലിപ്‌, എസിപിമാരായ കെ ലാൽജി, ടി ആർ രാജേഷ്‌, ഐഎംഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എബ്രഹാം വർഗീസ്‌, റോട്ടറി ഗവർണർ മാധവ്‌ ചന്ദ്രൻ, ഡോ. ജുനൈദ്‌ റഹ്‌മാൻ, ശശി പാലായിൽ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top