30 May Saturday

അഡ്വാൻസ്‌ തിരികെ നൽകാൻ കല്യാണമണ്ഡപങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020


കൊച്ചി
കോവിഡ്‌–-19 പടർന്നുകയറുമ്പോൾ വേണ്ടെന്നുവച്ച കല്യാണങ്ങളുടെ അഡ്വാൻസ്‌ തിരികെ നൽകാൻ തീരുമാനിച്ച്‌ ഓഡിറ്റോറിയം നടത്തിപ്പുകാർ. ബുക്ക്‌ ചെയ്‌തപ്പോൾ 75,000 മുതൽ ഒരു ലക്ഷം രൂപവരെ പലരും അഡ്വാൻസ്‌ വാങ്ങിയിരുന്നു. രോഗത്തിന്റെ വ്യാപനത്തെ തുടർന്ന്‌ അഡ്വാൻസ്‌ തിരികെ നൽകാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുകയാണ്‌ ഇവർ. കോവിഡിനെ പിടിച്ചുകെട്ടാൻ ആൾക്കൂട്ടങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ്‌ പലരും ഓഡിറ്റോറിയത്തിലെ കല്യാണങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതരായത്‌.

കല്യാണം പൂർണമായി ഉപേക്ഷിച്ചവരും നീട്ടിവച്ചവരും ലളിതമായി നടത്തിയവരും ഇക്കൂട്ടത്തിലുണ്ട്‌. നീട്ടിവയ്‌ക്കാൻ തീരുമാനിച്ച കല്യാണങ്ങൾ എന്നു നടക്കുമെന്ന കാര്യം മണ്ഡപം നടത്തിപ്പുകാർ തീരുമാനിച്ചു വരുന്നതേയുള്ളൂ. പല കല്യാണങ്ങൾക്കും മാസങ്ങൾ മുമ്പെ ബുക്ക്‌ ചെയ്യാറുണ്ട്‌. ഒഴിവുള്ള തീയതികൾ ഏതൊക്കെയാണെന്ന്‌ തിരക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്‌.

എറണാകുളം കരയോഗത്തിന്റെ ടിഡിഎം ഹാളിൽ എട്ടോളം കല്യാണങ്ങൾ ഇതിനകം റദ്ദായി. ബുക്ക്‌ ചെയ്‌തവർക്ക്‌ പണം തിരികെ നൽകുമെന്ന്‌ കരയോഗം അധികൃതർ അറിയിച്ചിട്ടുണ്ട്‌. ബുക്ക്‌ ചെയ്‌തവർ പലരും വീട്ടിലും ക്ഷേത്രങ്ങളിലുമായി കല്യാണങ്ങൾ നടത്താനുള്ള തീരുമാനത്തിലാണ്‌. ഗംഗോത്രി കല്യാണമണ്ഡപത്തിൽ 31 വരെ കല്യാണങ്ങൾ നടത്തേണ്ടതില്ലെന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌. പലതും  ജൂലയ്‌, ആഗസ്‌ത്‌ മാസങ്ങളിലേക്ക്‌ മാറ്റി. ഒരെണ്ണമാണ്‌ ക്യാൻസൽ ചെയ്‌തത്‌. 50 പേരിൽ കൂടുതൽ കല്യാണത്തിൽ പങ്കെടുക്കരുതെന്ന നിയമം വന്നതോടെ വീട്ടുകാർ വേണ്ടെന്നുവയ്‌ക്കുകയായിരുന്നു. പണം തിരിച്ചുകൊടുക്കുന്നത്‌ തീരുമാനിക്കാൻ യോഗം ചേരുമെന്നും ഗംഗോത്രി കല്യാണമണ്ഡപം നടത്തിപ്പുകാർ പറഞ്ഞു.

വിനായക കല്യാണമണ്ഡപത്തിൽ മാർച്ചിൽ നടക്കാനിരുന്ന മൂന്ന്‌ വിവാഹങ്ങൾ വേണ്ടെന്നുവച്ചു. ഇവരുടെ അഡ്വാൻസ്‌ തുക തിരികെ നൽകും. രണ്ടെണ്ണം ആൾക്കാരുടെ എണ്ണം ചുരുക്കി നിയമാനസൃതം നടത്തി. രണ്ടെണ്ണം നീട്ടിവച്ചിട്ടുണ്ട്‌. ഒക്‌ടോബറിലേക്കുവരെ കല്യാണങ്ങൾ നീട്ടിയെന്നും നടത്തിപ്പുകാർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top