പിറവം > പുഴമീന്‍ കൂട്ടിയുള്ള ശാപ്പാടിന്റെ രുചിയോര്‍ത്തു മാത്രമല്ല, മൂവാറ്റുപുഴയാറിന്റെ അപ്പുറമിപ്പുറം കരയില്‍ കുട്ടികളും യുവാക്കളുമുള്‍പ്പെടെ നൂറുകണക്കിനാളുകളുടെ ചൂണ്ടയിടല്‍. ചൂണ്ടയിടലിലെ കൌതുകവും നേരംപോക്കുമാണ് പിറവം പാലംമുതല്‍ താഴോട്ട് കളമ്പൂര്‍ പാലം, ചെറുകര പാലംവരെയുള്ള ഭാഗങ്ങളില്‍ നൂറുകണക്കിന് ചൂണ്ടക്കാരെ പതിവായി എത്തിക്കുന്നത്.
1000 മുതല്‍ പതിനായിരത്തിനു മുകളില്‍ വിലവരുന്ന ചൂണ്ടകളുമായാണ് മിക്കവരും പുഴമീന്‍തേടി എത്തുന്നത്. ചെമ്പന്‍കുയില്‍, വെള്ളകുയില്‍, കട്ല തുടങ്ങിയവയെ പിടിക്കാന്‍ മൈദയില്‍ പരിപ്പ്, പെരുഞ്ചീരകം തുടങ്ങിയ ആറോളം ധാന്യങ്ങള്‍ പൊടിച്ചു ചേര്‍ത്താണ് ഇര തയ്യാറാക്കുന്നത്. കോഴിവേസ്റ്റ് ഉള്‍പ്പെടെ ചേര്‍ത്തുണ്ടാക്കുന്ന ഇരയില്‍ കുരുങ്ങുക മഞ്ഞക്കൂരി, വാള എന്നിവയാണ്. പുല്ലന്‍, കരിമീന്‍, റോഗ്, മൃഗാള്‍ തുടങ്ങി വിവിധയിനം മീനുകളെയും കിട്ടാറുണ്ട്.
പന്ത്രണ്ടു കിലോവരെ തൂക്കമുള്ള കുയില്‍ ഇനത്തിന് കിലോയ്ക്ക് 200 രൂപയിലേറെയാണ് വില. പുഴയുടെ ഒഴുക്കും ആഴവും മീനിന്റെ വരവും അറിയുന്നവര്‍ക്ക് ഭാഗ്യംകൂടി തുണച്ചാല്‍ ചാകര ഉറപ്പ്. ഞായറാഴ്ചകളിലും അവധിദിവസങ്ങളിലും സമീപനഗരങ്ങളില്‍നിന്നുപോലും യുവാക്കളുടെ സംഘം ചൂണ്ടയിടാന്‍ എത്താറുണ്ട്. പുഴയിലെ ചുഴികളും കുഴികളും അറിയാതെ അപകടത്തില്‍പ്പെടുന്നവരുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..