13 August Thursday

ഒപ്പമുണ്ട് ഞങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

എറണാകുളം പ്രസ് ക്ലബ് സമാഹരിച്ച സാധനങ്ങള്‍ വയനാട്ടില്‍ ഏറ്റുവാങ്ങുന്നു

വയനാടിന് എറണാകുളം പ്രസ് ക്ലബ്ബിന്റെ കൈത്താങ്ങ്

കൊച്ചി > വയനാട്ടിൽ എറണാകുളം പ്രസ്‌ ക്ലബ്‌ പ്രവർത്തകർ പ്രളയ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു. മാധ്യമ പ്രവർത്തകരുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ്‌ ദുരിതാശ്വാസ സാധനങ്ങൾ സമാഹരിച്ചെത്തിച്ചത്‌. സമുദ്രനിരപ്പിൽനിന്ന്  3500 അടി ഉയരത്തിലുള്ള അരുണമല കോളനിയിലെ 52 ആദിവാസി കുടുംബങ്ങളിൽ നേരിട്ടെത്തി സഹായങ്ങൾ കൈമാറി. ഉരുൾപൊട്ടലുണ്ടായ പുത്തുമല, ചൂരൽമല, അട്ടമല, മീനാക്ഷി എസ്റ്റേറ്റ്, അരുണമല കോളനി, പരപ്പൻപാറ കോളനി എന്നിവിടങ്ങളിലും സഹായങ്ങൾ വിതരണം ചെയ്‌തു. എറണാകുളം പ്രസ്‌ ക്ലബ്‌ നിർവാഹക സമിതി അംഗം സിജോ പൈനാടത്തിന്റെ നേതൃത്വത്തിൽ വയനാട്ടിൽ എത്തിച്ച സാധനസാമഗ്രികൾ വയനാട് പ്രസ്‌ ക്ലബ് സെക്രട്ടറി പി ഒ ഷീജ ഏറ്റുവാങ്ങി.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി അഞ്ചരവയസ്സുകാരി

കൊച്ചി > പ്രളയദുരിതാശ്വാസ ഫണ്ട്‌ശേഖരത്തിലേക്ക് തന്റെ സമ്പാദ്യം നൽകി അഞ്ചര വയസ്സുകാരി. കലൂർ ബാലൻ മേനോൻ റോഡിൽ ഡോ. അജ്മലിന്റെയും ഡോ. സുനിലയുടെയും മകൾ സാമ്രിനാണ്  തന്റെ സമ്പാദ്യം സംഭാവനയായി നൽകിയത്. സിപിഐ എം കലൂർ ചര്‍ച്ച് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രളയദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതിനിടെയാണ് സാമ്രിൻ നാണയത്തുട്ടുകളും നോട്ടുകളും അടങ്ങിയ പെട്ടി പി വി സദാനന്ദന് കൈമാറിയത്. പ്രളയസമയത്ത് സാമ്രിനും കുടുംബവും വിദേശത്തായിരുന്നു. പ്രളയത്തെക്കുറിച്ച് അറിഞ്ഞതുമുതൽ ദുരിതമനുഭവിക്കുന്നവർക്ക് തന്റെ സമ്പാദ്യം നൽകാൻ സാമ്രിൻ ആഗ്രഹിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി സി ജെ പോൾ, ഇ ജി ജോർജ്, പി ജി ക്ലമന്റ്, കെ എം മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഫണ്ട് ശേഖരണം.

പ്രളയദുരിതാശ്വാസ  ഫണ്ട്‌ ശേഖരത്തിലേക്ക്‌ തന്റെ സമ്പാദ്യം കൈാമറുന്ന സാമ്രിൻ

പ്രളയദുരിതാശ്വാസ ഫണ്ട്‌ ശേഖരത്തിലേക്ക്‌ തന്റെ സമ്പാദ്യം കൈാമറുന്ന സാമ്രിൻ

വിവാഹ സമ്പാദ്യത്തിന്റെ പങ്ക്‌ നൽകി നവദമ്പതികൾ

പള്ളിക്കര  > വിവാഹത്തിന്‌ കരുതിയ തുകയിൽ ഒരു പങ്ക്‌  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നവദമ്പതികൾ. പെരിങ്ങാല കാരുകുന്നത്ത്‌ അലിയാരുടെ മകൾ ഫാസ്‌ബീനയും കാക്കനാട് പൊൻമമ്മൂലയിൽ നാസറിന്റെ മകൻ സാലിഹും രണ്ട് ലക്ഷം രൂപയാണ്‌ നൽകിയത്‌. പെരിങ്ങാല ജെആർ കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹച്ചടങ്ങിൽ സിപിഐ എം ഏരിയാ സെക്രട്ടറി സി കെ വർഗീസ് തുക ഏറ്റുവാങ്ങി. ദേശീയ ഹോക്കിതാരം പി ആർ ശ്രീജേഷ്,  എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, ഡോ. മൂസാ കുഞ്ഞി, നിസാർ ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഫാസ്‌ബീനയുടെയും സാലിഹിന്റെയും സഹായം സി കെ വർഗീസ് ഏറ്റുവാങ്ങുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഫാസ്‌ബീനയുടെയും സാലിഹിന്റെയും സഹായം സി കെ വർഗീസ് ഏറ്റുവാങ്ങുന്നു

ഈ വഴിപാട്‌ മനുഷ്യനന്മയ്‌ക്ക്‌

തൃക്കാക്കര > ക്ഷേത്രത്തിലേക്ക് വഴിപാടിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി ഹോട്ടൽ ഉടമ. ചെമ്പുമുക്ക് ജാനകി റാം ഹോട്ടൽ ഉടമ മുത്തുവാണ്‌ 2500 രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയത്‌. ജാനകി റാം ഹോട്ടലുടമ മുത്തു തമിഴ് നാട്ടുകാരനാണ്. മൂന്നുവർഷമായി ഇവിടെ കട നടത്തുകയാണിയാൾ.
ഭക്തിയേക്കാൾ വലിയ പുണ്യം പേമാരിയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് എന്തെങ്കിലും നൽകുന്നത് തന്നെയാണെന്ന് മുത്തു പറഞ്ഞു. വരുമാനത്തിന്റെ ഒരു വിഹിതം എല്ലാ ദിവസവും മാറ്റിവയ്ക്കും. വർഷത്തിലൊരിക്കൽ ക്ഷേത്രത്തിൽ നൽകുകയും ചെയ്യും. ഇങ്ങനെ കരുതിവച്ച കുടുക്ക പൊട്ടിച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ എം കെന്നഡി മുക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന തുക സമാഹരണത്തിൽ മുത്തു സംഭാവന നൽകിയത്. സിപിഐ എം തൃക്കാക്കര സെൻട്രൽ ലോക്കൽ സെക്രട്ടറി കെ ആർ ജയചന്ദ്രൻ, പികെഎസ് വില്ലേജ് ട്രഷറർ ദെൽജിത്ത്, എം കെ മണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഫണ്ട് ശേഖരണം. ബ്രാഞ്ച് പ്രദേശത്തുനിന്ന് 14,000 രൂപയോളം ദുരിതാശ്വാസ നിധിയിലേക്ക്‌ സമാഹരിച്ചു.

ഹോട്ടലുടമ മുത്തു ക്ഷേത്രത്തിലേക്ക് വഴിപാട് കൊടുക്കുവാൻ കരുതിയ തുക സിപിഐ എം  സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു

ഹോട്ടലുടമ മുത്തു ക്ഷേത്രത്തിലേക്ക് വഴിപാട് കൊടുക്കുവാൻ കരുതിയ തുക സിപിഐ എം സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു

ദുരിതബാധിതർക്ക്‌ നവദമ്പതികളുടെ സമ്മാനം

വൈപ്പിൻ > ദുരിതാശ്വാസ വിഭവശേഖരണ കേന്ദ്രത്തിലേക്ക്‌ സഹായമെത്തിച്ച്‌ നവദമ്പതികൾ. എടവനക്കാട് കണിയന്ത്രവീട്ടിൽ പ്രിൻസിന്റെയും ഷീനയുടെയും മകനായ ഹാരിഷാണ് നവവധുവുമൊത്ത് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ വിഭവശേഖരണകേന്ദ്രത്തിലെത്തിയത്. തെക്കൻ മാലിപ്പുറം തറക്കൽ വീട്ടിൽ പുഷ്പരാജന്റെയും ശ്രീമതിയുടെയും മകൾ ആവണിയാണ്‌ വധു.

അയ്യപ്പൻകാവ് നോർത്ത് റെയിൽവേസ്റ്റേഷനു സമീപമുള്ള ശങ്കരാനന്ദ ആശ്രമത്തിൽ വിവാഹിതരായ നവദമ്പതികൾ വരന്റെ വീട്ടിൽ കയറിയശേഷമാണ് വിഭവസമാഹരണ കേന്ദ്രത്തിലേക്കെത്തിയത്. വസ്ത്രങ്ങളും പഠനോപകരണങ്ങളും സ്കൂൾ ഹെഡ്മിസ്ട്രസ് എ കെ ശ്രീകലയ്ക്ക് കൈമാറി. ആവണിയോടുകൂടി ആലോചിച്ചാണ് ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായം നൽകാൻ തീരുമാനിച്ചതെന്ന്‌ ഹാരിഷ് പറഞ്ഞു. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ അധ്യാപകരും രക്ഷാകർത്താക്കളും വയനാട്ടിലെ പയമ്പള്ളിയിലേക്ക് തിങ്കളാഴ്‌ച യാത്രയാകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top