Deshabhimani

മഴയ്‌ക്ക്‌ നേരിയ ശമനം ; 5886 ഹെക്ടറിൽ കൃഷിനാശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 03:11 AM | 0 min read


കൊച്ചി
മഴയുടെ ശക്തി കുറഞ്ഞതോടെ ജില്ലയ്‌ക്ക്‌ വ്യാഴാഴ്‌ച ആശ്വാസദിനമായി. ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ ഇതുവരെ 5886 ഹെക്ടർ കൃഷി നശിച്ചു. 26.64 കോടിയുടെ നഷ്ടമുണ്ടായതായാണ്‌ കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്‌.

കഴിഞ്ഞദിവസങ്ങളിൽ തകർത്ത്‌ പെയ്‌ത മഴ വ്യാഴാഴ്‌ച ദുർബലമായിരുന്നു. കാര്യമായ നാശനഷ്ടങ്ങളുമുണ്ടായില്ല. നദികളിലെ ജലനിരപ്പും താഴ്‌ന്നുതുടങ്ങി. വെള്ളിയാഴ്‌ച ശക്തമായ മഴയുണ്ടാകുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്‌. പെരിയാറിലെ ജലനിരപ്പ്‌ താഴുകയാണ്‌. വെള്ളപ്പൊക്ക മുന്നറിയിപ്പ്‌ നിരപ്പിനേക്കാൾ താഴെയാണ്‌ മൂന്നു നിരീക്ഷണ സ്‌റ്റേഷനുകളിലെയും ജലനിരപ്പ്‌. കിഴക്കൻ മേഖലയിൽ മഴ കൂടിയതിനാൽ മുവാറ്റുപുഴയാറിലും കൈവഴികളിലും ജല നിരപ്പ് ഉയർന്നു.

ജൂൺ ഒന്നുമുതൽ ജൂലൈ 18 വരെയുള്ള കണക്കനുസരിച്ച്‌ 820.6 മില്ലിമീറ്റർ മഴയാണ്‌ ജില്ലയിൽ ലഭിച്ചത്‌. 1107.3 മില്ലിമീറ്ററാണ്‌ ലഭിക്കേണ്ടിയിരുന്നത്‌. മഴലഭ്യതയിൽ 26 ശതമാനത്തിന്റെ കുറവുണ്ടായി. ഇക്കാലയളവിൽ കുറവ്‌ മഴ ലഭിച്ച മൂന്നു ജില്ലകളിലൊന്ന്‌ എറണാകുളമാണ്‌.

പുഴയിൽ ജലനിരപ്പ് ഉയരുന്നു;
 കർഷകർ ആശങ്കയിൽ
കനത്ത മഴയെത്തുടർന്ന് മൂവാറ്റുപുഴയാറിലും കൈവഴികളിലും ജലനിരപ്പ് ഉയർന്നതോടെ കർഷകർ ആശങ്കയിൽ. പിറവം, പാഴൂർ, മുളക്കുളം, ഓണക്കൂർ, രാമമംഗലം, ഊരമന, മാമ്മലശേരി പ്രദേശങ്ങളിൽ ഓണക്കാല വിപണി ലക്ഷ്യമിട്ട് വാഴ, പച്ചക്കറിക്കൃഷി ആരംഭിച്ചവരാണ്‌ പ്രതിസന്ധിയിലായത്‌. ഉഴവൂർ തോടിനുസമീപമുള്ള ഓണക്കൂർ, മാമ്മലശേരി പാടശേഖരങ്ങളിൽ വെണ്ട, ചീര കൃഷികളുടെ ചുവടുവരെ വെള്ളംകയറി. വെള്ളക്കെട്ടു തുടർന്നാൽ തണ്ട് അഴുകിത്തുടങ്ങും. പ്രദേശത്തെ ഹെക്ടറുകളോളം സ്ഥലത്ത് കപ്പക്കൃഷിയും വെള്ളക്കെട്ട്‌ ഭീഷണിയിലാണ്. ഉഴവൂർ തോട്ടിൽ അശാസ്ത്രീയമായി നിർമിച്ച വെമ്മേലി ചിറ വെള്ളക്കെട്ടു രൂക്ഷമാകാൻ കാരണമാകുന്നുണ്ട്. ചിറയുടെ വീതികുറഞ്ഞ കോൺക്രീറ്റ് കാലുകളിൽ മാലിന്യംതങ്ങി നീരൊഴുക്ക് തടസ്സപ്പെടുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home