15 December Sunday

ശതോത്തര സുവർണ ജൂബിലിത്തികവിൽ എറണാകുളം പബ്ലിക‌് ലൈബ്രറി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019


കൊച്ചി
എറണാകുളം പബ്ലിക‌് ലൈബ്രറി 150 വർഷം പിന്നിടുന്നു. ലൈബ്രറിയുടെ ശതോത്തര സുവർണ ജൂബിലി വിവിധ പരിപാടികളോടെ 2020 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ ആഘോഷിക്കും. ഇതിനായി 20ന‌് വൈകിട്ട‌് നാലിന‌് എറണാകുളം ടൗൺ ഹാളിൽ സംഘാടകസമിതി രൂപീകരിക്കുമെന്ന‌്  ലൈബ്രറി പ്രസിഡന്റ‌് എസ‌് രമേശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യോഗം മന്ത്രി സി രവീന്ദ്രനാഥ‌് ഉദ‌്ഘാടനം ചെയ്യും. പ്രൊഫ. എം കെ  സാനു മുഖ്യപ്രഭാഷണം നടത്തും. പുതിയ ലൈബ്രറി മന്ദിരത്തിന്റെ മാതൃക ഹൈബി ഈഡൻ എംപി അനാഛാദനം ചെയ്യും. ശതോത്തര സുവർണ ജൂബിലി ലോഗോ മേയർ സൗമിനി ജെയിൻ പ്രകാശനം ചെയ്യും. കെട്ടിടനിർമാണത്തിന്റെ ഫ‌ണ്ട‌് ശേഖരണ ഉദ‌്ഘാടനം കലക‌്ടർ എസ‌് സുഹാസ‌് നിർവഹിക്കും. ആഘോഷ പരിപാടികളുടെ രൂപരേഖ ട്രഷറർ അഡ്വ. വി കെ പ്രസാദ‌് അവതരിപ്പിക്കും. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ, സാഹിത്യോത്സവം, കലോത്സവം, നിയമ–-വിദ്യാഭ്യാസ–- പരിസ്ഥിതി സാക്ഷരതാ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. ഗ്രന്ധശാലകളുടെ ഡിജിറ്റൽ ശൃംഖല രൂപീകരിക്കൽ, അപൂർവ ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷൻ, ഇൻഫർമേഷൻ സെന്റർ രൂപീകരണം എന്നിവയും നടപ്പാക്കും.

ഭാവിതലമുറയുടെ ആവശ്യങ്ങൾ പരിഗണിച്ച‌് അന്താരാഷ‌്ട്ര നിലവാരത്തിലുള്ള സാങ്കേതിക സംവിധാനങ്ങളൊരുക്കി പുതിയ ലൈബ്രറി മന്ദിരവും നിർമിക്കും. 12 കോടി ചെലവിൽ നിർമിക്കുന്ന മന്ദിരത്തിൽ അഞ്ച‌് നിലകളിലായി 50,000 ചതുരശ്ര അടി വിസ‌്തീർണത്തിലാണ‌് കെട്ടിടം നിർമിക്കുക. ഓഡിറ്റോറിയം, മിനി തിയറ്റർ, ആർട്ട‌് ഗ്യാലറി, കഫറ്റീരിയ എന്നിവയുണ്ടാകും. 1870ൽ ദിവാൻ തോട്ടയ‌്ക്കാട്ട‌് ശങ്കുണ്ണി മേനോന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പബ്ലിക‌് ലൈബ്രറിയിൽ ഇപ്പോൾ ഒന്നരലക്ഷം പുസ‌്തകങ്ങളുണ്ട‌്.  ലൈബ്രറി സെക്രട്ടറി എസ‌് കൃഷ‌്ണമൂർത്തി, ട്രഷറർ അഡ്വ. വി കെ പ്രസാദ‌്, ലൈബ്രേറിയൻ പ്രിയ കെ പീറ്റർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top