15 December Sunday

എറണാകുളം പബ്ലിക‌് ലൈബ്രറി : തുടക്കം 299 പുസ‌്തകങ്ങളുമായി

സി എൻ റെജിUpdated: Friday Jul 19, 2019കൊച്ചി
ബ്രട്ടീഷ‌് ഭരണകാലത്ത‌് ഒന്നര നൂറ്റാണ്ടു മുമ്പ‌് മഹാരാജാസ‌് കോളേജിലെ ഷെഡിൽ എറണാകുളം പബ്ലിക‌് ലൈബ്രറി തുടങ്ങിയത‌് 299 പുസ‌്തകങ്ങളുമായി. സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിനും അക്ഷരങ്ങൾ അറിയാച്ചിത്രങ്ങളായിരുന്ന അക്കാലത്ത‌് അംഗങ്ങളുടെ എണ്ണം വെറും 38.  ഒന്നര നൂറ്റാണ്ട‌് പിന്നിടുമ്പോൾ പുസ‌്തകങ്ങൾ ഒന്നരലക്ഷമായി. അംഗ സംഖ്യ 10,000ന‌് മുകളിലും.

1870ൽ അന്നത്തെ ദിവാൻ തോട്ടയ‌്ക്കാട്ട‌് ശങ്കുണ്ണി മേനോനാണ‌് പബ്ലിക‌് ലൈബ്രറി ഉദ‌്ഘാടനം ചെയ‌്തത‌്. കൊച്ചിയിലെ ഇംഗ്ലീഷ‌് വിദ്യാഭ്യാസത്തിന്റെ പിതാവെന്നറിയപ്പെട്ട മഹാരാജാസ‌് കോളേജ‌് അധ്യാപകനും പിന്നീട‌് പ്രിൻസിപ്പലുമായിരുന്ന എ എഫ‌് സീലിയായിരുന്നു ആദ്യ പ്രസിഡന്റ‌്. . ലൈബ്രറി തുടങ്ങാനുള്ള ആദ്യ യോഗം 1869 ഒക‌്ടോബർ എട്ടിനായിരുന്നു. ഇതിന്റെ മിനിട‌്സ‌് ഇപ്പോഴും ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട‌്. ആദ്യ സെറ്റ‌് പുസ‌്തകങ്ങളെത്തിച്ചത‌് ഇംഗ്ലണ്ടിലെ മെമ്പേഴ‌്സ‌്ൽ എച്ച‌് സതേൺ ആൻഡ‌് കമ്പനിയിൽ നിന്നായിരുന്നു. 2277 രൂപയായിരുന്നു വില. ലൈബ്രറി പിന്നീട‌് ലോകോളേജിലേക്ക‌് മാറ്റി. എന്നാൽ കോളേജിന്റെ പ്രവർത്തനങ്ങൾക്കായി ലൈബ്രറിയെ കുടിയിറക്കി. രാജേന്ദ്ര മൈതാനത്തിന‌് സമീപത്തെ മന്ദിരം (ഇന്നത്തെ കെഎസ‌്ഇബി ഓഫീസ‌്) ലൈബ്രറിക്കായി നൽകി. വർഷങ്ങൾ കഴിഞ്ഞ‌് അന്നത്തെ തിരു–-കൊച്ചി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ രവിവർമ മന്ദിരത്തിലേക്ക‌് പ്രവർത്തനം മാറ്റി. 45 സെന്റ‌് സ്ഥലവും കെട്ടിടവും സർക്കാർ പതിച്ച‌് നൽകി.

ലൈബ്രറിയുടെ സേവനം വിപുലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ പുതിയ കെട്ടിടം നിർമിക്കുന്നത‌് 1972ലാണ‌്. 40,000 രൂപയുടെ ലോട്ടറി വിറ്റ‌് കിട്ടിയ പണവും ചലച്ചിത്ര അവാർഡ‌് ദാന ചടങ്ങിന്റെ ലാഭമായി കിട്ടിയ രണ്ടരലക്ഷം രൂപയും ചേർത്താണ‌് ഇന്ന‌് കാണുന്ന ബഹുനില കെട്ടിടം പൂർത്തിയാക്കിയത‌്. കാലപ്പഴക്കത്താൽ ജീർണിച്ച രവിവർമ മന്ദിരത്തിൽ പ്രവർത്തനങ്ങളൊന്നുമില്ല.

ദിവസവും ശരാശരി 750 പേർ ലൈബ്രറിയിലെ സേവനം പ്രയോജനപ്പെടുത്തുന്നു. സിവിൽ സർവീസ‌് ഉൾപ്പെടെയുള്ള ഉന്നത പരീക്ഷകൾക്കായി പരിശീലനം നേടുന്ന 60 വിദ്യാർഥികൾ ദിവസവും റഫറൻസിനെത്തുന്നു. രണ്ട് വായന മുറികളും സജ്ജീകരിച്ചിട്ടുണ്ട‌്. ലൈബ്രറികളിൽ ഉപയോഗിക്കുന്ന ആധുനിക സോഫ‌്റ്റ‌് വെയറായ ‘കോഹ’ യാണ‌് ഇവിടെ ഉപയോഗിക്കുന്നത‌്. അംഗങ്ങൾക്ക‌് പുസ‌്തകങ്ങൾ തെരഞ്ഞെടുക്കാനും കുടശ്ശിക അറിയാനും പുസ‌്തകം പുതുക്കിയെടുക്കാനും പുതിയ ഓൺലൈൻ സംവിധാനത്തിലൂടെ കഴിയും. ജീവനക്കാരുടെ സഹായമില്ലാതെ റേഡിയോ ഫ്രീക്വൻസി ഇന്ററാക‌്ടീവ‌് ഡിവൈസ‌് (ആർഎഫ‌്ഐഡി) വഴിയാണ‌് പുസ‌്തകങ്ങൾ തെരഞ്ഞെടുക്കുന്നത‌്.  വിദ്യാർഥികൾക്ക‌് പ്രത്യേക സൗകര്യങ്ങളും പദ്ധതികളുമുണ്ട‌്.

അംഗങ്ങളിൽ നിന്നുള്ള വരുമാനം കൊണ്ടാണ‌് ലൈബ്രറിയുടെ പ്രവർത്തനം. വർഷം 12 ലക്ഷത്തിന്റെ പുസ‌്തകങ്ങളാണ‌് പുതിയതായി ലൈബ്രറി വാങ്ങുന്നത‌്. ശതോത്തര സുവർണ ജൂബിലി ആഘോഷത്തിനൊപ്പം ആധുനിക സാങ്കേതിക സംവിധാനത്തോടുകൂടിയ പുതിയ ബഹുനില കെട്ടിടവും നിർമിക്കും. 12 കോടിയാണ‌് ചെലവ‌്.


പ്രധാന വാർത്തകൾ
 Top