09 June Friday

ചേരുന്നു... ചെങ്കുടക്കീഴിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

തൃക്കാക്കര സെൻട്രൽ ലോക്കലിൽ പ്രചാരണത്തിനെത്തിയ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ സ്വീകരിക്കുന്നു


തൃക്കാക്കര
മൂടിക്കെട്ടിയ മാനത്ത് മഴ പൊടിഞ്ഞുതുടങ്ങിയിരുന്നു. രാവിലെ ഒമ്പതോടെയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫ്‌ തോപ്പിൽ സ്‌കൂൾ ജങ്ഷനിൽ എത്തിയത്‌. ചെമ്പനീർപൂവും ചെമ്പരത്തിയും നീട്ടി ജനക്കൂട്ടം. താളവാദ്യങ്ങൾ, മുത്തുക്കുടകൾ.  വർണബലൂണുകളുമായി കുരുന്നുകൾ. ചുവന്ന തൊപ്പി ധരിച്ച്‌ വോട്ടർമാർ. കാഴ്‌ചക്കുലകളും ഫലവൃക്ഷങ്ങളും ഒക്കെയാണ്‌ സമ്മാനം. വാഹനങ്ങൾ നിർത്തി സ്ഥാനാർഥിയെ കാണുകയാണ്‌ യാത്രക്കാർ. ആരവം മുറുകുമ്പോൾ ചെങ്കുടക്കീഴിലേക്ക്‌ കൂടുതൽ ചേർന്നുനിൽക്കുകയാണ്‌ തൃക്കാക്കര.

മഴത്തുള്ളികളെ പൊള്ളിച്ച കമ്പിത്തിരി, മത്താപ്പൂവർഷത്തിനിടയിലൂടെയാണ്‌ സ്ഥാനാർഥിയുടെ പര്യടനവാഹനം 116–-ാംനമ്പർ ബൂത്തിലെ സ്വീകരണകേന്ദ്രത്തിലേക്ക്‌ എത്തിയത്‌. പടക്കംപൊട്ടുന്ന ശബ്ദത്തിലും വേറിട്ടു കേൾക്കാം മുദ്രാവാക്യങ്ങളുടെ മുഴക്കങ്ങൾ. ചരിത്രം കുറിക്കാൻ ഒരു നാട്‌ കുതിക്കുകയാണ്‌. ബൂത്തിലേക്ക്‌ കയറിയ സ്ഥാനാർഥിയെ പൊതിഞ്ഞ്‌ ജനക്കൂട്ടം. പ്രായാധിക്യത്താൽ സ്വീകരണസ്ഥലത്തേക്ക്‌ എത്താനാകാതെ വീടിനുമുന്നിൽ നോക്കിനിന്ന റോസി എന്ന മുത്തശ്ശിയുടെ അടുക്കലേക്ക്‌ ഓടിയെത്തി ഡോ. ജോ ജോസഫ്‌. തലയിൽ കൈവച്ച്‌ അനുഗ്രഹിച്ചു ആ അമ്മ. മൂന്നാംക്ലാസുകാരി തീർഥയും പവിത്രയും പൂക്കുല നൽകി ഉള്ളംപിള്ളിമൂലയിലേക്ക്‌ സ്വീകരിച്ചു. കോരിച്ചൊരിഞ്ഞ തുള്ളികളോട്‌ മത്സരിച്ച്‌ താളംപിടിച്ച്‌ നാസിക്‌ ഡോളിൽ പ്രകമ്പനം തീർക്കുകയായിരുന്നു ബദരിയ മസ്‌ജിദിനുമുന്നിൽ വൈഷ്‌ണവും ശ്രേയസും അച്ചുവും ഗൗതമും അടങ്ങുന്ന കുട്ടിക്കൂട്ടം. പ്രകാശൻ നാസിക്‌ ബാൻഡിലെ അംഗങ്ങളാണിവർ. ദുബായ്‌ ദല, ജിദ്ദ നവോദയ പ്രവർത്തകരും സ്ഥാനാർഥിയെ കാണാനെത്തി.

രാവിലെ  ജഡ്‌ജിമുക്കിൽ ജോബ്‌ മൈക്കിൾ എംഎൽഎ പര്യടനം ഉദ്‌ഘാടനം ചെയ്‌തു. ഉച്ചയ്‌ക്ക്‌  ഇൻഫോപാർക്കിലെത്തി ഐടി പ്രൊഫഷണലുകളുമായി സംവദിച്ച ഡോ. ജോ ജോസഫ്‌ വൈകിട്ട്‌ നാലിന്‌  ദേശാഭിമാനിയിൽനിന്ന്‌ പര്യടനം പുനരാരംഭിച്ചു. എൻ എൻ കൃഷ്‌ണദാസ്‌ സംസാരിച്ചു. തുടർന്ന്‌ കറുകപ്പിള്ളി, വസന്ത നഗർ, സംസ്‌കാര ജങ്ഷൻ, പാലാരിവട്ടം, കരിമാലിപ്പറമ്പ്, സെന്റ് വിൻസെന്റ് ഡിപോൾ ജങ്ഷൻ, മണിവേലിപ്പറമ്പ്, പള്ളിശ്ശേരി ജങ്ഷൻ, അപ്പോളോ എന്നിവിടങ്ങളിലൂടെ കിസാനിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ എംഎൽഎമാരായ കെ പ്രേംകുമാർ, പി പി സുമോദ്‌, നേതാക്കളായ സോഫിയ മെഹർ, പി ജിജി, എ പി ഉദയകുമാർ, കെ ഡി ഷാജി, ജിഷ ശ്യാം എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top