15 September Sunday

വെള്ളമൊഴുകി; വെള്ളാനകളും

മിൽജിത്‌ രവീന്ദ്രൻUpdated: Sunday May 19, 2019

പെരിയാർവാലി ലോ ലെവൽ കനാലിനു സമീപമുള്ള മത്സ്യഫാം


കൊച്ചി
കർഷകപ്രസ്ഥാനങ്ങളുടെയും കമ്യൂണിസ‌്റ്റ‌് പാർടിയുടെയും നിരന്തര പോരാട്ടങ്ങളെത്തുടർന്നായിരുന്നു ജില്ലയിലെ ജലസേചനപദ്ധതികൾ യാഥാർഥ്യമായത‌്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പുതന്നെ പെരിയാർവാലി പദ്ധതിക്കായി ആവശ്യമുയർന്നു. ഭൂതത്താൻ അണക്കെട്ട‌് നിർമിച്ച‌് ജില്ലയിലെ കാർഷികാവശ്യങ്ങൾക്ക‌് വെള്ളമെത്തിക്കണമെന്ന ആവശ്യം ആദ്യമായി ഉയർത്തിയത‌് കർഷകസംഘമായിരുന്നു.

കേരളത്തിന‌് കുട്ടനാടുപോലെ എറണാകുളത്തിന്റെ നെല്ലറയായിരുന്നു ഒരുകാലത്ത‌് കുന്നത്തുനാട‌്. 1954ൽ വാലാക്കര മൈതാനത്ത് ചേർന്ന കർഷകസംഘത്തിന്റെ താലൂക്ക‌് സമ്മേളനമാണ‌് ഈ ആവശ്യം ആദ്യമുയർത്തിയത‌്. തുടർന്ന‌് നിരവധി സമരങ്ങൾ നടന്നു. പി ഗോവിന്ദപ്പിള്ളയും സി എ വർഗീസും പി എൻ കൃഷ‌്ണനും കെ എൻ ജി കർത്തായും അടക്കമുള്ളവരായിരുന്നു മുൻനിരയിൽ. ‘ഭൂതത്താൻ അണക്കെട്ട‌് നിർമിച്ചുനൽകണം’ എന്ന‌ു താളത്തിൽ മുദ്രാവാക്യമുയർത്തി അന്ന‌ു നടത്തിയ സമരങ്ങൾ ഇന്നും മനസ്സിൽനിന്ന‌് പോയിട്ടില്ലെന്ന‌് അതിൽ പങ്കെടുത്ത വളയംചിറങ്ങരയിലെ കെ പി പടനായരും ഐ പത്മനാഭനും പറയുന്നു.

കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട‌്, ആലുവ, കണയന്നൂർ, പറവൂർ താലൂക്കുകളിലായി കൃഷിയാവശ്യത്തിനും കുടിവെള്ളത്തിനുമായി ആശ്രയിക്കുന്ന ബൃഹദ‌്പദ്ധതിയായി പെരിയാർവാലി പദ്ധതി പിന്നീട‌് മാറി. 85,600 ഹെക്ടർ സ്ഥലത്തെ കാർഷികാവശ്യമാണ‌് പദ്ധതി നിറവേറ്റുന്നത‌്.

ഭാഗികമായി 1956ൽ പ്രവർത്തനം ആരംഭിച്ച ചാലക്കുടി റിവർ ഡൈവേർഷൻ പദ്ധതിയും ജില്ലയിലെ കാർഷികമേഖലയിലെ അവിഭാജ്യഘടകമാണ‌്. വേങ്ങൂർ, മലയാറ്റൂർ, അയ്യമ്പുഴ, മഞ്ഞപ്ര, തുറവൂർ, അങ്കമാലി, നെടുമ്പാശേരി എന്നിവിടങ്ങളിൽ ജലാവശ്യം പദ്ധതി നിറവേറ്റുന്നു.

ജലസേചനവകുപ്പിന്റെ നാല‌് വൻകിട പദ്ധതികളാണ‌് ജില്ലയുടെ കാർഷികമേഖലയുടെ നിലനിൽപ്പിന‌് ആധാരം. പെരിയാർവാലി, മൂവാറ്റുപുഴ വാലി, ചാലക്കുടി റിവർ ഡൈവേർഷൻ, ഇടമലയാർ പദ്ധതി എ‌ന്നിവയാണ‌് അവ.

നാലു പദ്ധതികളിലുമായി 1200 കിലോമീറ്റർ കനാൽ ശൃംഖലയാണുള്ളത‌്. 63 തദ്ദേശസ്ഥാപനങ്ങളിലൂടെ അത‌് കടന്നുപോകുന്നു. 139 ചെറുകിട ജലസേചന പദ്ധതികൾ വേറെയുമുണ്ട‌്. ഇവയുടെ 334.702 കിലോമീറ്റർ നീളമുള്ള കനാലുകൾവഴി 13,629.142 ഏക്കറിൽ വെള്ളമെത്തിക്കുന്നു.

പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പൂർത്തിയാകാതെ വെള്ളാനകളായി മാറിയ വൻകിട പദ്ധതികളുമുണ്ട‌്. പതിറ്റാണ്ടുകൾക്ക‌ുമുമ്പ‌് ആരംഭിച്ച‌് ഇന്നും പൂർത്തിയാകാത്ത രണ്ട‌ു ജലസേചനപദ്ധതികളാണ‌് മൂവാറ്റുപുഴ വാലിയും ഇടമലയാർ പദ്ധതിയും. എന്നാലും കാർഷികജില്ലയുടെ കിഴക്കൻ മലയോരത്തെ പച്ചപ്പണിയിക്കാൻ ഈ പദ്ധതികൾ വഹിച്ച പങ്ക‌് ചെറുതല്ല.

1974ൽ 20.86 കോടി രൂപ ചെലവ‌് പ്രതീക്ഷിച്ച‌് ആരംഭിച്ച മൂവാറ്റുപുഴ പദ്ധതിയുടെ 2018 ആഗസ്തുവരെയുള്ള മൊത്തം ചെലവ് 970.58 കോടി രൂപയാണ്. 35,619 ഹെക്ടർ നേട്ടമാണ് പദ്ധതിയിൽ വിഭാവനം ചെയ്തത്. 2018 ആഗസ‌്തുവരെ  32,627 ഹെക്ടർ നേട്ടം കൈവരിച്ചു. പ്രധാന കനാലിന്റെയും ശാഖകളുടെയും നൂറുശതമാനവും വിതരണശൃംഖലകളുടെ 90 ശതമാനവും പണി പൂർത്തിയാക്കി.

പെരിയാറിലെ വെള്ളം പെരിയാർ, ചാലക്കുടി നദീതടങ്ങളിലെ 14,394 ഹെക്ടർ‍ പ്രദേശത്തെത്തിക്കുന്ന വ്യതിയാന പദ്ധതിയായിരുന്നു ഇടമലയാർ‍ പദ്ധതി. 17.85 കോടി രൂപ വകയിരുത്തി 1981ലാണ് ആരംഭിച്ചത‌്. 32.278 കി.മീ. നീളമുള്ള പ്രധാന കനാലിന്റെ പണി പൂർത്തിയാക്കി. 2017 മാർച്ചുവരെ പദ്ധതിയുടെ ആകെ ചെലവ് 433 കോടി രൂപയാണ്.

നാല‌് വൻകിടപദ്ധതിയുടെയും കനാൽശൃംഖലകൾ എത്തിപ്പെടാത്ത ഭാഗങ്ങളിൽ ജലസേചനം ഉറപ്പാക്കുന്നത‌് ലിഫ‌്റ്റ‌് ഇറിഗേഷൻ പദ്ധതികളാണ‌്. പെരിയാർ, മൂവാറ്റുപുഴ, ചാലക്കുടിപ്പുഴ എന്നിവയോ അവയുടെ കൈവഴികളോ ബന്ധപ്പെട്ട ചിറകളോ ആണ‌് ഈ പദ്ധതികളുടെ ജലസ്രോതസ്സുകൾ.നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ ചെറുകിട ജലസേചന പദ്ധതികൾക്കാണ് കൂടുതൽ സാധ്യത. ജലസ്രോതസ്സുകളിൽനിന്ന‌് കനാലുകൾ മുഖേന കൃഷിയിടങ്ങളിൽ നേരിട്ട് ജലസേചനത്തിന് കഴിയുന്ന പദ്ധതികൾ, ജലസ്രോതസ്സുകളേക്കാൾ ഉയർന്ന പ്രദേശങ്ങളിൽ മോട്ടോർ പമ്പുസെറ്റുകൾ  ഉപയോഗിച്ച് വെള്ളമെത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ, തോടുകളുടെയും കുളങ്ങളുടെയും സംരക്ഷണം, തടയണകൾ, ക്രോസ് ബാറുകൾ ഇവ നിർമിച്ച് ജലനിരപ്പ് ഉയർത്തി കൂടുതൽ സ്ഥലങ്ങളിൽ ജലസേചനത്തിന‌് ഉപയുക്തമാക്കുന്ന പദ്ധതികൾ, കൃഷിയിടങ്ങളിൽ കെട്ടിക്കിടക്കുന്ന അധികജലം ഒഴുക്കിക്കളയുന്ന ഡ്രെയിനേജ‌് പദ്ധതികൾ,  പുഴകളിലും തോടുകളിലും കൃഷിയിടങ്ങളിലും വേനൽക്കാലത്ത് ഉപ്പുവെള്ളം കയറുന്നത് തടയുന്ന ഉപ്പുവെള്ള നിയന്ത്രണ താൽക്കാലിക ബണ്ടുകളുടെ നിർമാണങ്ങളും സ്ഥിരബണ്ടുകളുടെ അറ്റകുറ്റപ്പണികളും എന്നിവയാണ‌് ചെറുകിട ജലസേചനവിഭാഗത്തിന്റെ ചുമതലയിലുള്ളത‌്.

നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയം ജില്ലയിലെ ജലസേചനപദ്ധതികൾക്ക‌് വരുത്തിവച്ച നാശം ചെറുതല്ല. എന്നാൽ, സർക്കാരിന്റെ ഇച്ഛാശക്തിയിൽ ഇവയെല്ലാം പുനർനിർമിക്കുകയാണ‌്. അതേക്കുറിച്ച‌് നാളെ.

(അവസാനിക്കുന്നില്ല)
 


പ്രധാന വാർത്തകൾ
 Top