25 May Monday

കോവിഡ്‌ 19 നിരീക്ഷണം : 1068 പേർ വീടുകളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

യാത്രക്കാരില്ലാതെ സൗത്ത്‌ റെയിൽവേ സ്‌റ്റേഷനിലെത്തിയ കോഴിക്കോട്‌‐ തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ്‌ ഫോട്ടോ / കെ എസ്‌ പ്രവീൺകുമാർ


കൊച്ചി
കോവിഡ്‌–-19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വീടുകളിൽ നിരീക്ഷണത്തിലുള്ളത്‌  1068 പേർ. പുതിയതായി 74 പേരെക്കൂടി ബുധനാഴ്‌ച പട്ടികയിൽ ഉൾപ്പെടുത്തി. എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നാലുപേരെക്കൂടി പ്രവേശിപ്പിച്ചു. രണ്ടുപേരെ മെഡിക്കൽ കോളേജിൽനിന്ന് വിട്ടയച്ചു.

നിലവിൽ 23 പേരാണ് ജില്ലയിൽ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 16 പേർ എറണാകുളം മെഡിക്കൽ കോളേജിലും ഏഴുപേർ മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയിലുമാണ്‌. 22 സാമ്പിളുകൾ ആലപ്പുഴ എൻഐവിയിലേക്ക് അയച്ചു. ഇതോടെ ജില്ലയിൽനിന്ന് അയച്ച ആകെ സാമ്പിളുകൾ 462. ഇതിൽ 414ന്റെ ഫലം ലഭിച്ചു.  

ഫോണിന്‌ വിശ്രമമില്ല
കൊറോണ കൺട്രോൾ റൂമിലേക്ക് 390 ഫോൺ വിളികളാണ് ബുധനാഴ്‌ച എത്തിയത്. 50 വിളികൾ  നാട്ടുകാരിൽനിന്നും 69 എണ്ണം നിരീക്ഷണത്തിൽ കഴിയുന്നവരെ പരിചരിക്കുന്നവരിൽനിന്നും 77 എണ്ണം സ്ഥാപനങ്ങളിൽനിന്നും 94 എണ്ണം ഫോളോ അപ്പ് വിളികളുമായിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതായുള്ള ഫോൺ വിളികൾ തുടർനടപടികൾക്കായി പൊലീസിന് കൈമാറി.

ബോധവൽക്കരണം തകൃതി

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസുകൾ തുടരുന്നു. സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്‌ എന്നിവർക്കുള്ള ക്ലാസുകൾ സംഘടിപ്പിച്ചു. കൂടാതെ ആശ, അങ്കണവാടി പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർക്കുള്ള ക്ലാസുകൾ വിവിധ പ്രദേശങ്ങളിൽ നടന്നു. എറണാകുളത്ത് ആയുർവേദ ഡോക്ടർമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേകം ക്ലാസുകൾ സംഘടിപ്പിച്ചു.

ആശ്വാസമായി വീഡിയോ കോൾ
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആശങ്കയകറ്റാൻ ആരംഭിച്ച വീഡിയോ കോൾ സംവിധാനം വഴി വിളിച്ചത് എട്ടുപേരെ. ഇവരുമായി ഡോക്ടർ നേരിൽ സംസാരിച്ച്‌ സംശയങ്ങൾ പരിഹരിച്ചത്‌ നിരീക്ഷണകാലത്തെ ഒറ്റപ്പെടലിന്‌ ആശ്വാസമായി.

ചന്തമുള്ള സാനിറ്റേഷൻ ബൂത്തുകൾ
എംപ്ലോയീസ് ഫെഡറേഷൻ ഫോർ കംപ്യൂട്ടർ ആർട്ടിസ്റ്റുകളുടെ സഹകരണത്തോടെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ഏഴു കേന്ദ്രങ്ങളിൽ ഹാൻഡ് സാനിറ്റേഷൻ ബൂത്തുകൾ സ്ഥാപിച്ചു. പ്രത്യേകം തയ്യാറാക്കിയ സ്‌റ്റാൻഡുകളിൽ ആകർഷകമായ ബൂത്തുകളാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌.

ബോട്ട്‌ ജെട്ടിയിലും സ്‌ക്രീനിങ്
എറണാകുളം ബോട്ട് ജെട്ടിയിയിൽ എത്തുന്നവരെ സ്ക്രീൻ ചെയ്യുന്നതിന്  ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ജില്ലയിൽ ഇത്തരത്തിൽ ഒമ്പതു കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. അഞ്ചിടത്ത്‌ ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് പനി പരിശോധിക്കുന്നുണ്ട്.
വീടുകളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ നെഹ്റു യുവകേന്ദ്രയിലെ 15 വളന്റിയർമാർക്ക് പരിശീലനം നൽകി. അഞ്ച്‌ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. നഗരസഭാ പ്രദേശത്തേക്ക്‌  100 കിറ്റുകളും ജോയിന്റ് ഡയറക്ടർ ഓഫ് മുനിസിപ്പാലിറ്റിക്ക് നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top