29 May Friday

കലക്ടറേറ്റ്‌ ‘കൺട്രോളിൽ’

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

കലക്ടറേറ്റിലെത്തിയ വിദേശികൾ കൈ കഴുകുന്നു


കൊച്ചി
കലക്ടറേറ്റ്‌ പരിസരത്ത്‌ എത്തുന്നവർ ഇപ്പോൾ ഒന്നുസംശയിക്കും, ഇന്നെന്താ അവധിയാണോയെന്ന്‌. സാധാരണയുള്ള തിരക്കും ബഹളവുമൊന്നുമില്ല, പുറത്ത്‌ വാഹനങ്ങളുടെ തിരക്കില്ല, ഭക്ഷണശാലകളിലും സമീപത്തെ കടകമ്പോളങ്ങളിലും വലിയ ആൾക്കൂട്ടങ്ങളില്ല. കോവിഡ്‌–-19 ജാഗ്രതയുടെ പശ്‌ചാത്തലത്തിൽ പുറത്ത്‌ മന്ദഗതി പ്രകടമാണ്‌. എന്നാൽ, അകത്ത്‌ അങ്ങനെയല്ല. സർക്കാർ സംവിധാനങ്ങളെല്ലാം എണ്ണയിട്ട യന്ത്രംപോലെ ചലിക്കുകയാണ്‌.

ഔദ്യോഗികപരിപാടികളും അഭിമുഖങ്ങളും അദാലത്തുകളും മാറ്റിവച്ചതിനാൽ ഈ ദിവസങ്ങളിൽ പൊതുജനങ്ങളുടെ ഒഴുക്ക്‌ കുറഞ്ഞിട്ടുണ്ട്‌. ജാഗ്രതയുടെ ഭാഗമായി ആളുകൾ ഒഴിഞ്ഞുനിൽക്കുന്നതും പ്രധാന കാരണമാണ്‌. പ്രധാന ഗേറ്റുകളിൽ കൈകഴുകാനുള്ള സംവിധാനമുണ്ട്‌. ഉദ്യോഗസ്ഥരുൾപ്പെടെ കൈകഴുകിയാണ് ഓഫീസിൽ പ്രവേശിക്കുന്നത്. സാനിറ്റൈസർ കുപ്പികൾ ഓരോ ഓഫീസിനും മുന്നിൽ വേറെയും. കോവിഡ്‌ ജാഗ്രതാനിർദേശങ്ങളും ബ്രേക്ക്‌ ദി ചെയിൻ സന്ദേശങ്ങളും കാണാതെ ഒരാൾക്കും കലക്ടറേറ്റിൽ വന്നുപോകാനാകില്ല.

ലിഫ്റ്റ്‌ ഉപയോഗവും കുറഞ്ഞു. ലിഫ്റ്റിനുസമീപം സാനിറ്റൈസർ ബൂത്തുണ്ട്. നീണ്ടവരികൾ പതിവായിരുന്ന അക്ഷയ കേന്ദ്രങ്ങളിൽ ഇപ്പോൾ ഒരേസമയം മൂന്നോ നാലോപേർമാത്രം.  വരാന്തകളിലും ഓഫീസുകൾക്കുമുന്നിലും കൂട്ടംകൂടി നിൽക്കുന്നവരെയും കാണാനില്ല. ദിവസേന ശരാശരി 20 പേരെത്തുന്ന എംപ്ലോയ്‌മെന്റ് ഓഫീസിൽ ഇപ്പോൾ ഒന്നോ രണ്ടോപേർമാത്രം. ഈമാസം നടത്താനിരുന്ന തൊഴിൽമേളയും മാറ്റി.

മോട്ടോർ വാഹനവകുപ്പിന്റെ ഓഫീസിലാണ് അൽപ്പമെങ്കിലും തിരക്കുള്ളത്. പലരും മാസ്കുകൊണ്ടോ തൂവാലകൊണ്ടോ മറച്ചാണ്‌ നിൽപ്പ്‌. അത്യാവശ്യക്കാർ ഓഫീസുകളിലേക്ക്‌ തനിയെ വരുന്നു എന്നതാണ്‌ മറ്റൊരു പ്രത്യേകത. കാര്യം അതിവേഗം നടത്തി സ്ഥലംവിടുന്നു. അതിജീവിക്കാമെന്ന ദൃഢനിശ്‌ചയത്തിലേക്ക്‌ നാട്‌ മാറിക്കഴിഞ്ഞതിന്റെ സൂചനകളാണ്‌ എവിടെയും.

ഇതിനെല്ലാമിടയിൽ വിശ്രമമില്ലാതെയും ഉറങ്ങാതെയും ഒരുപാടുപേർ ഉണർന്നിരിക്കുന്ന ഒരിടവുമുണ്ട്‌ കലക്‌ടറേറ്റിൽ. കോവിഡ്‌–19നെ തുരത്താൻ കണ്ണും കാതും തുറന്നുവച്ചിട്ടുള്ള കൊറോണ കൺട്രോൾ റൂമും സർവേയ്‌ലൻസ് സെല്ലും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top