30 May Saturday

എൽഡിഎഫ‌് സർക്കാരിന്റെ 1000 ദിനം; എറണാകുളം ജില്ലയിൽ 192 പദ്ധതികൾ

സ്വന്തം ലേഖകൻUpdated: Tuesday Feb 19, 2019

കൊച്ചി > എൽഡിഎഫ‌് സർക്കാർ കാര്യക്ഷമതയുടെ ആയിരം ദിനം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച‌് ജില്ലയിൽ 192 വികസനക്ഷേമ പദ്ധതികൾക്ക‌് തുടക്കമാകും. 21 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ‌് തുടങ്ങുന്നത‌്.

ഇതിന്റെ ഭാഗമായി ലൈഫ‌് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പൂർത്തീകരിച്ച 25 വീടുകളുടെ താക്കോൽ കൈമാറും. പേട്ട തൃപ്പൂണിത്തുറ മെട്രോ ലൈനിന്റെ സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കും. പാലാരിവട്ടം–- ഇൻഫോപാർക്ക‌് മെട്രോയുടെ സർവേക്കും തുടക്കം കുറിക്കും. ജില്ലാ ഹോമിയോ ആശുപത്രിയുടെ രണ്ടാംഘട്ടം നിർമാണത്തിന‌്  തുടക്കം കുറക്കും. അങ്കമാലി എക‌്സൈസ‌് കോംപ്ലക‌്സ‌് കെട്ടിടനിർമാണം, കോതമംഗലം മിനിസിവിൽസ‌്റ്റേഷൻ, കൊച്ചി വെല്ലിങ‌്ടൺ ഐലൻഡിൽ തീരദേശ പൊലീസ‌് ഹെഡ‌് ക്വാട്ടേഴ‌്സ‌ിന‌് പുതിയ കെട്ടിടം, തൃപ്പൂണിത്തുറ ഗവ. സംസ‌്കൃത ഹോസ‌്റ്റൽ കെട്ടിടം, മൂവാറ്റുപുഴ ജനറൽ ആശുപത്രി ഡയാലിസിസ‌് യൂണിറ്റ‌് എന്നിവയ‌ുടെ നിർമാണത്തിനും തുടക്കമാകും. അഗതിരഹിത കേരളം പദ്ധതിയുടെ ജില്ലാതല ഉദ‌്ഘാടനം വാളകം പഞ്ചായത്തിൽ നിർവഹിക്കും.  റീബിൽഡ‌് കേരളയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള എറൈസ‌് ക്യാമ്പയിന‌് കീഴ‌്മാട‌് പഞ്ചായത്തിലും തുടക്കമാകും.

കുട്ടമ്പുഴ പിണവൂർകുടി ആയുർവേദ ആശുപത്രിക്കെട്ടിടം,  പിറവം ആത്മ ട്രെയ‌്നിങ‌് ഹാൾ, കുമ്പളം–- നെട്ടൂർ പാലം എന്നിവയും ഉദ‌്ഘാടനംചെയ്യും. പൊതുമരാമത്ത‌് വകുപ്പിന്റെ കീഴിൽ മണീട‌് ഗവ. ഐടിഐ കെട്ടിടനിർമാണം, നായരമ്പലം പഞ്ചായത്ത‌് ഓഫീസ‌് കെട്ടിടസമുച്ചയം,  മഹാരാജാസ‌് കോളേജിലെ ആൺകുട്ടികളുടെ ഹോസ‌്റ്റൽ  എന്നിവയുടെ നിർമാണത്തിനും തുടക്കംകുറിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിവിധ സ‌്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിനും തുടക്കമാകും. സർക്കാർ വകുപ്പുകൾക്ക‌ുപുറമെ  ജിസിഡിഎ, കൊച്ചി നഗരസഭ, വിവിധ മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലും വിവിധ പദ്ധതികൾക്ക‌് തുടക്കമിടുകയും പൂർത്തിയായവ ഉദ‌്ഘാടനം ചെയ്യുകയുംചെയ്യും.

ആഘോഷപരിപാടികൾക്ക‌് നാളെ തുടക്കമാകും

കൊച്ചി > എൽഡിഎഫ‌് സർക്കാർ  1000 ദിനങ്ങൾ പിന്നിട്ടതിന്റെ ആഘോഷ പരിപാടികൾക്ക് ജില്ലയിൽ ബുധനാഴ‌്ച തുടക്കമാകും. ജില്ലാ ഭരണകേന്ദ്രവും, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും വിവിധ  വകുപ്പുകളുമായി സഹകരിച്ച‌് സംഘടിപ്പിക്കുന്ന പരിപാടികൾ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വൈകിട്ട് 4.30ന് മന്ത്രി എ സി മൊയ്തീൻ   ഉദ്ഘാടനം ചെയ്യുമെന്ന്  കലക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.  ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സഹസ്രം 2019’ പ്രദർശനമേളയും മന്ത്രി ഉദ്ഘാടനം ചെയ്യും.  തുടർന്ന് കലാപരിപാടികളും അരങ്ങേറും. 

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രളയ ദുരിതാശ്വാസ പാക്കേജ്  മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ  23ന് പകൽ 12ന് ഉദ്ഘാടനം ചെയ്യും.  ഇതിന്റെ ഭാഗമായി വിവിധ പദ്ധതികൾക്ക്  ജില്ലയിലും തുടക്കം കുറിക്കും. ലൈഫ് പദ്ധതിയിൽ 1001 വീടുകളും റീബിൽഡ് പദ്ധതിയിൽ 75 വീടുകളും ഇതിനകം പൂർത്തീകരിച്ചതിന്റെ നേട്ടവും ജില്ലയ്ക്കുണ്ട്.

തദ്ദേശസ്വയംഭരണം, നഗരകാര്യം, മോട്ടോർ വാഹനം, എംപ്ലോയ്‌മെന്റ്, തൊഴിൽ, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യപൊതുവിതരണം, ക്ഷീരവികസനം, വനിതാ ശിശുക്ഷേമം, സാമൂഹ്യനീതി, പൊലീസ്, ഫയർ ആൻഡ‌് റെസ്‌ക്യൂ, ഭാരതീയ ചികിത്സാ വകുപ്പ്, പട്ടികജാതി വികസനം, എക്‌സൈസ്, ഫിഷറീസ്, സഹകരണം തുടങ്ങി വിവിധ വകുപ്പുകൾ സ്റ്റാളൊരുക്കും.  പൊതുജനങ്ങൾക്ക് നേരിട്ട് സേവനം നൽകുന്ന എല്ലാ വകുപ്പുകളുടെയും സ്റ്റാളുകൾ  ഉണ്ടാകും.  പ്രദർശന- വിപണന- ഭക്ഷ്യമേളകളും ഉണ്ട‌്.


പ്രധാന വാർത്തകൾ
 Top