29 February Saturday

മോഹനൻ മാസ്റ്റർ ഇനി ജനഹൃദയങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020


വൈപ്പിൻ
നിസ്വാർഥ സേവനത്തിലൂടെ പൊതുപ്രവർത്തകർക്ക് മാതൃകയായ നേതാവായിരുന്നു സിപിഐ എം വൈപ്പിൻ ഏരിയ സെക്രട്ടറി സി കെ മോഹനൻ മാസ്റ്റർ. പൊതുപ്രശ്നങ്ങൾ അപഗ്രഥിക്കുന്നതിലും സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിലും പരിഹാരം കാണുന്നതിലും പ്രത്യേകമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. തെറ്റായ കാര്യങ്ങളെ നിശിതമായി വിമർശിക്കുകയും ശരി നടപ്പാക്കുന്നതിന് മുന്നിട്ടിറങ്ങുകയും ചെയ്തിരുന്ന സി കെ മോഹനൻ, കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനജീവിതത്തിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്.

ദീർഘകാലം പുതുവൈപ്പ് ലോക്കൽ സെക്രട്ടറിയായും കെ ബി ഭദ്രന്റെ നിര്യാണത്തെത്തുടർന്ന് വൈപ്പിൻ ഏരിയ സെക്രട്ടറി ചുമതലയും ഏറ്റെടുത്തു. മഹാരാജാസ് കോളേജിലെ ബിരുദ പഠനത്തിനുശേഷം വൈപ്പിൻ കേന്ദ്രീകരിച്ച് മത്സ്യവിപണനരംഗത്ത് എത്തിയ മോഹനൻ മാസ്‌റ്റർ തുടർന്ന് പൊതുപ്രവർത്തനരംഗത്ത് സജീവമായി. അധ്യാപനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. എളങ്കുന്നപ്പുഴ, പുതുവൈപ്പ് മേഖലയിൽ കയർത്തൊഴിലാളികളെയും നിർമാണത്തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിന്‌ നേതൃത്വം നൽകി. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്, ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. തെരഞ്ഞെടുപ്പുപ്രവർത്തനങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിച്ച മോഹനൻ മാസ്റ്റർ, പൊതുപ്രവർത്തനരംഗത്ത് സത്യസന്ധതയുടെയും സംഘാടനമികവിന്റെയും നേതൃഗുണത്തിന്റെയും മാതൃകയായിരുന്നു. 

മികച്ച ജനപ്രതിനിധിയും സഹകാരിയും ഉത്തമനായ കമ്യൂണിസ്റ്റുമായിരുന്നു സി കെ മോഹനനെന്ന് സിപിഐ എം ഏരിയ കമ്മിറ്റിയുടെ അനുശോചനസന്ദേശത്തിൽ പറഞ്ഞു. എല്ലാവരുടെയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു. വൈപ്പിനിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരുന്ന സന്ദർഭത്തിലുണ്ടായ വേർപാട് നാടിനും പാർടിക്കും വലിയ നഷ്ടമാണ്. സി കെ മോഹനന്റെ നിര്യാണത്തിൽ എസ് ശർമ എംഎൽഎ അനുശോചിച്ചു. പൊതുപ്രവർത്തകർക്ക് മാതൃകയായ നേതാവായിരുന്നു സി കെ മോഹനൻ മാസ്റ്ററെന്ന്‌ എംഎൽഎ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top