21 November Thursday

ഫ്‌ളാറ്റ്‌ പൊളിക്കലിനുള്ള ആദ്യഘട്ടപഠനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019


കൊച്ചി
തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനുള്ള ആദ്യഘട്ടപഠനം ആരംഭിച്ചു. പൊളിക്കാൻ അനുമതി ലഭിച്ച ചെന്നൈ വിജയ്‌ സ്‌റ്റീൽസ്‌ കമ്പനിയുടെ ജീവനക്കാർ ആൽഫ സെറീൻ ഫ്‌ളാറ്റിൽ പഠനത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച പരിശോധന നടത്തി. ഫ്‌ളാറ്റ്‌ പൊളിക്കുന്നത്‌ സംബന്ധിച്ച്‌ പത്തുദിവസത്തിനകം വിശദറിപ്പോർട്ട്‌ നൽകണമെന്ന്‌ സബ്‌ കലക്‌ടർ നിർദേശിച്ചതിനെത്തുടർന്നാണിത്‌.

ജെയിൻ കോറൽ കേവ്, ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകൾ പൊളിക്കാൻ സബ് കലക്ടർ കമ്പനികൾക്ക് കൈമാറിയതായി മരട്‌ നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു. വിജയ്‌ സ്‌റ്റീൽസ്‌ തൊഴിലാളികൾ, ആൽഫ സെറീനിൽ പൊളിക്കുന്നതിനുമുന്നോടിയായി പൂജയും നടത്തി. ഫ്ലാറ്റുകളുടെ ഭിത്തികൾ തുരന്നും ചുറ്റികകൊണ്ട് അടിച്ചുമാണ്‌ പഠനം നടത്തിയത്‌. പൊളിക്കാൻ ഈ കമ്പനികൾ പ്രാപ്‌തരാണോ എന്നതിന്റെ റിപ്പോർട്ട് സാങ്കേതികസമിതി അംഗീകരിച്ച് സെലക്‌ഷൻ നോട്ടീസും തുടർന്ന് വർക്‌ ഓർഡറും കൈമാറും.  ഇതും കഴിഞ്ഞാണ് സൈറ്റ് കൈമാറുകയെന്ന്‌ സെക്രട്ടറി പറഞ്ഞു. പൊളിക്കുന്നതിനുള്ള സാങ്കേതികപരിജ്ഞാനമില്ലാത്തതിനാൽ ചെന്നൈ ഐഐടിയുടെ സഹായമുണ്ടാകില്ല. ഫ്ലാറ്റുകൾ നഗരസഭയ്ക്ക് കൈമാറിയ സർക്കാരിന്റെ കത്ത് സബ് കലക്ടർക്ക് ലഭിച്ചെന്നും സെക്രട്ടറി പറഞ്ഞു. സുപ്രീംകോടതിയിൽ നൽകിയ സമയക്രമമനുസരിച്ച്‌ നഗരസഭ മുന്നോട്ടുപോകണമെന്ന്‌ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌. ഇല്ലെങ്കിൽ കോടതിയലക്ഷ്യനടപടികൾ നേരിടേണ്ടിവരുമെന്നും കത്തിൽ പറയുന്നു.

അതേസമയം, ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെങ്കിലും താൽക്കാലികമായി നിർത്തിവച്ചു. പൊളിക്കൽ ചുമതല ഔദ്യോഗികമായി ഏജൻസിക്ക് കൈമാറുന്നതിനുമുമ്പ് ജോലി തുടങ്ങിയെന്ന ആരോപണത്തെത്തുടർന്നാണ് നിർത്തിയത്.


പ്രധാന വാർത്തകൾ
 Top