24 June Monday

പെരിയാർവാലി കനാൽ പാലങ്ങൾ അപകടത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019


മുളന്തുരുത്തി
പെരിയാർവാലി കനാലിനുമുകളിലൂടെയുള്ള രണ്ടു പാലങ്ങൾ ഏതു നിമിഷവും നിലംപൊത്താറായ അവസ്ഥയിൽ. ആരക്കുന്നം കാഞ്ഞിരിക്കാപ്പിള്ളിയിലാണ് അഞ്ചുപതിറ്റാണ്ട് പഴക്കമുള്ള രണ്ട് കോൺക്രീറ്റ് പാലങ്ങൾ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത്. പാലത്തിന്റെ കോൺക്രീറ്റ് ഇളകിവീണ് കമ്പികൾ പുറത്തേക്കു തള്ളിയതോടെ പെരിയാർവാലി അധികൃതർ പാലത്തിനുസമീപത്തായി മുന്നറിയിപ്പ് ബോർഡ് വച്ചിട്ടുണ്ട്. പുതിയ പാലം നിർമിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യം അധികൃതർ അവഗണിക്കുന്നതായാണ് പരാതി. 

ആരക്കുന്നത്തുനിന്ന് വെട്ടിക്കൽ–-കോലഞ്ചേരി റോഡിനെ ബന്ധിപ്പിക്കുന്നതാണ് അപകടാവസ്ഥയിലായ പാലം. ദിവസവും ചെറുതും വലുതുമായി നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ഭാരം കയറ്റിയ വാഹനങ്ങളും കടന്നുപോകുന്നുണ്ട്. കൂടാതെ മേഖലയിലെ പ്രധാന സ്കൂൾവാഹനങ്ങൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. പാലം ഏതു നിമിഷവും തകരാൻ സാധ്യതയുള്ളതാണെങ്കിലും പുറമെനിന്ന‌് വരുന്ന വാഹനയാത്രികർക്ക് ഇതിന്റെ അപകടാവസ്ഥ അറിയില്ല. പെരിയാർവാലി വച്ചിരിക്കുന്ന ഫ്ലക്സ് ബോർഡ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടുകയുമില്ല. പെരിയാർവാലി അധികൃതരുടെ അനാസ്ഥയാണ് പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ‌്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.


പ്രധാന വാർത്തകൾ
 Top