25 May Monday

കൺട്രോൾ റൂമിൽ വിളി വന്നു, പള്ളിയിൽ പോകണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020


കൊച്ചി
ചോദ്യത്തിനു മുമ്പേ കരച്ചിൽ. ആദ്യമൊന്ന് പകച്ചെങ്കിലും കൺട്രോൾ റൂമിൽ കോൾ എടുത്ത ആരോഗ്യവകുപ്പ് ജീവനക്കാരി കാര്യം അന്വേഷിച്ചു. മകൾ കഴിഞ്ഞദിവസം  ദുബായിൽനിന്ന് നാട്ടിലെത്തിയതാണ്. രോഗലക്ഷണങ്ങളില്ലാതിരുന്നിട്ടും സുരക്ഷ പരിഗണിച്ച് സ്വയം ക്വാറന്റീന് തയ്യാറായി. പ്രാർഥിക്കാൻ പള്ളിയിൽ ചെന്നപ്പോൾ കടക്കാൻ അനുവദിച്ചില്ലെന്നായിരുന്നു പരാതി. ഫോൺവച്ച ഉടനെ പള്ളി വികാരിയെ കോൾ സെന്ററിൽനിന്ന്‌ വിളിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തി. പള്ളിയിൽ പൊതുവായി ഒറ്റപ്പെടുത്തരുതെന്ന് അനൗൺസ് ചെയ്തു. വിളിച്ച ചേച്ചിക്ക് ആശ്വാസവും സന്തോഷവും.

കോവിഡ്–19 സംശയനിവാരണത്തിനായി ആരംഭിച്ച കൺട്രോൾ റൂമിൽ ദിവസേന എത്തുന്ന വിളികളിൽ ഭയവും ആകുലതയും സംശയങ്ങളും ആവോളമുണ്ട്. ഇവർക്ക് ആശ്വാസവും മറുപടിയും നൽകിയാണ് ഓരോ വിളിയും അവസാനിക്കുന്നത്. സംശയങ്ങളും ആകുലതകളും മാത്രമല്ല, സേവനങ്ങൾ വാഗ്ദാനം ചെയ്യാനും നിർദേശങ്ങൾ നൽകാനുമുള്ള വിളികളും നിരവധിയാണ്.

കൺട്രോൾ റൂം നമ്പറിൽ വിളിച്ചാൽ എടുക്കുമോ എന്നറിയാനും വിളിയുണ്ട്‌. ഹോട്ടലുകളിൽ അതിഥികളെ സ്വീകരിച്ചാൽ ബുദ്ധിമുട്ടാകുമോ, ഭക്ഷണാവശിഷ്‌ടങ്ങൾ എങ്ങനെ നീക്കം ചെയ്യണം, വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ കറങ്ങിനടത്തം, സാനിറ്റൈസർ ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പട്ട വിളികളുമുണ്ട്‌.


പ്രധാന വാർത്തകൾ
 Top