27 May Wednesday

ഡിവൈഎഫ്‌ഐ സാനിറ്റൈസർ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020

ഡിവൈഎഫ്‌ഐ എറണാകുളം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഹാൻഡ്‌ സാനിറ്റൈസർ നിർമാണം ഫോട്ടോ > കെ എസ്‌ പ്രവീൺകുമാർ


കൊച്ചി
ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക്‌ കമ്മിറ്റി ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി ഹാൻഡ്‌ സാനിറ്റൈസർ നിർമാണം ആരംഭിച്ചു. സൗത്ത്–-നോർത്ത് റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി സ്റ്റാൻഡ്‌, മേനക, ഷിപ്‌യാർഡ് എന്നിവിടങ്ങളിൽ സാനിറ്റൈസറുകൾ നൽകും.  ബ്ലോക്ക്‌ സെക്രട്ടറി അഡ്വ. പി ജെ പോൾസൺ, പ്രസിഡന്റ് അഡ്വ. ഖദീജ റിഷ്ബത്ത്, ഡെറി വർഗീസ് തുടങ്ങിയവർ നിർമാണത്തിന് നേതൃത്വം നൽകി.

പിന്തുണയുമായി വിദ്യാർഥികളും
കോവിഡ്‌–-19 പടരുന്നത്‌ തടയാനായി സംസ്ഥാന സർക്കാർ ആരംഭിച്ച “ബ്രേക്ക്‌ ദി ചെയിൻ’ ക്യാമ്പയിന്‌ പിന്തുണയുമായി വിദ്യാർഥികളും. എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ ആരംഭിച്ചു. പരീക്ഷകൾക്കായി വിവിധ സ്കൂളുകളിലും കോളേജുകളിലുമെത്തിയ വിദ്യാർഥികൾക്കായാണ്‌ കേന്ദ്രങ്ങൾ ആരംഭിച്ചത്‌.

മഹാരാജാസ്‌, സെന്റ്‌ ആൽബർട്‌സ്‌, സേക്രഡ്‌ ഹാർട്ട്‌ എന്നീ കോളേജുകളിലും കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡ്‌, മറൈൻഡ്രൈവ്‌, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും കൈകഴുകൽ  കേന്ദ്രങ്ങൾ ആരംഭിച്ചു. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ നടക്കുന്ന എസ്‌ആർവി സ്കൂളിൽ ബുധനാഴ്ചമുതൽ  കേന്ദ്രങ്ങൾ ആരംഭിക്കും. വിദ്യാർഥികൾക്കുള്ള ബോധവൽക്കരണ പോസ്റ്ററുകളും വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചു. നെടുമ്പാശേരി ഐഎച്ച്ആർഡി കോളേജ്‌, പാലിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ ആരംഭിച്ചു.
ശുചീകരണ സാമഗ്രികളുടെ ലഭ്യതക്കുറവ്‌ കണക്കിലെടുത്ത്‌ എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാനിറ്റൈസറുകളുടെ നിർമാണം ആരംഭിച്ചു. മഹാരാജാസ്‌ കോളേജിലാണ്‌  നിർമാണം നടക്കുന്നത്‌. പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നവർക്കായി ഇവ സൗജന്യമായി വിതരണം ചെയ്യും. വരുംദിവസങ്ങളിൽ കൂടുതൽ കൈകഴുകൽ കേന്ദ്രങ്ങൾ തുടങ്ങുന്നതിനൊപ്പം സാനിറ്റൈസർ നിർമാണവും കാര്യക്ഷമമാക്കുമെന്ന്‌ എസ്‌എഫ്‌ഐ ഭാരവാഹികൾ പറഞ്ഞു.

എൻജിഒ യൂണിയൻ കേന്ദ്രങ്ങൾ തുടങ്ങി
‘ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയിന്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ പൊതുജനങ്ങൾക്കും ജീവനക്കാർക്കും കൈകൾ ശുചീകരിക്കുന്നതിന് സാനിറ്റൈസർ കൗണ്ടറുകൾ സ്ഥാപിച്ചു.  കലക്ടറേറ്റിലെ കൗണ്ടർ കലക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് ജനറൽ ഓഫീസിൽ തുടങ്ങിയ സാനിറ്റൈസർ കൗണ്ടർ അഡ്വക്കറ്റ് ജനറൽ സി പി സുധാകരപ്രസാദും കണയന്നൂർ താലൂക്ക് ഓഫീസിൽ തഹസിൽദാർ (എൽആർ) വി എ മുഹമ്മദ് സാബിറും ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി എസ് സുരേഷ്‌കുമാർ, ജില്ലാ സെക്രട്ടറി കെ കെ സുനിൽകുമാർ, ജില്ലാ പ്രസിഡന്റ് കെ എ അൻവർ എന്നിവർ പങ്കെടുത്തു.

ക്യാമ്പയിനുമായി സപ്ലൈകോയും കെഎസ്‌എഫ്‌ഇയും
 കോവിഡ്‌–-19 തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിച്ച “ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയിൻ സപ്ലൈകോ ഹെഡ് ഓഫീസിലും ആരംഭിച്ചു. ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവർക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് കൈശുചിയാക്കൽ കേന്ദ്രം ആരംഭിച്ചത്‌. സപ്ലൈകോയുടെ ഡിപ്പോകളിലും സൂപ്പർ മാർക്കറ്റുകളിലും ശുചീകരണകേന്ദ്രങ്ങൾ ആരംഭിച്ചതായി സിഎംഡി പി എം അലി അസ്ഗർ പാഷ പറഞ്ഞു. കെഎസ്‌എഫ്‌ഇ എറണാകുളം റീജണൽ ഓഫീസിലും ക്യാമ്പയിന്റെ ഭാഗമായി കേന്ദ്രം തുറന്നു. ഡയറക്ടർ ബോർഡ്‌ അംഗം അഡ്വ. വി കെ പ്രസാദ്‌ ഉദ്‌ഘാടനം ചെയ്തു.


പ്രധാന വാർത്തകൾ
 Top