30 November Monday

പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാതെ കൊച്ചി നഗരസഭാ ഓഫീസും പരിസരവും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020


കൊച്ചി
കോവിഡ്‌–-19 വ്യാപനത്തിനെതിരെ നാടാകെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോൾ നോക്കുകുത്തിയായി കൊച്ചി നഗരസഭ. നഗരത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പ്രതിരോധ പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌. എന്നാൽ, നഗരസഭയുടെ പ്രധാന ഓഫീസിൽ പോലും പ്രതിരോധനടപടി സ്വീകരിക്കാൻ ഭരണനേതൃത്വത്തിന്‌ കഴിഞ്ഞിട്ടില്ല. എറണാകുളത്ത്‌ ബോട്ട്‌ ജെട്ടിക്കു സമീപമുള്ള പ്രധാന ഓഫീസിലേക്ക്‌ നിരവധി ആളുകളാണ്‌ ദിവസേന വന്നുപോകുന്നത്‌. എന്നാൽ, ഇവിടെ ജീവനക്കാർക്ക്‌ കൈകഴുകാനുള്ള സാമഗ്രികളോ,  മാസ്ക്‌ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളോ നൽകിയിട്ടില്ല.

മേഖലാ ഓഫീസുകളിൽ പ്രതിരോധപ്രവർത്തനങ്ങൾ നടത്താൻ നിർദേശം നൽകിയിരുന്നെങ്കിലും എങ്ങും നടപ്പായില്ല. കൗൺസിലർമാരും ഏതാനും ചില ജീവനക്കാരും ചേർന്ന്‌ വൈറ്റില മേഖലാ ഓഫീസിൽ മാത്രമാണ്‌ പ്രവർത്തനങ്ങൾ നടത്തിയത്‌. നിർദേശം നൽകിയെങ്കിലും പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ പരിശോധന നടത്താനും ഭരണനേതൃത്വം തയ്യാറാകുന്നില്ല. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം ആരംഭിച്ച “ബ്രേക്ക്‌ ദി ചെയിൻ’ ക്യാമ്പയിൻപോലും നടപ്പാക്കാൻ നഗരസഭ തയ്യാറായിട്ടില്ല.

തിങ്കളാഴ്ച കൂടിയ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഇതുസംബന്ധിച്ച്‌ പ്രതിഷേധം ഉയർത്തിയെങ്കിലും ആവശ്യമെങ്കിൽ ആലോചിക്കാം എന്നായിരുന്നു മേയറുടെ മറുപടി. സംസ്ഥാനം വലിയ പ്രതിസന്ധിയിലാകുമ്പോൾ ഭരണസംവിധാനം ഉറങ്ങുന്ന സ്ഥിതിയാണ്‌ നഗരസഭയിലെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. ഭരണനേതൃത്വം മുൻകൈ എടുത്ത്‌ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ജീവനക്കാരുമായി സഹകരിച്ച്‌ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top