20 May Friday

വൈറ്റിലയിലെ ഗതാഗതപരിഷ്കാരം രണ്ടാംദിവസവും വിജയകരം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

വൈറ്റിലയിൽ ഗതാഗതപരിഷ്കരണം വരുത്തിയതിനെ തുടർന്ന് കുരുക്ക് ഒഴിഞ്ഞനിലയിൽ. തിങ്കൾ വൈകിട്ടുള്ള ദൃശ്യം


വൈറ്റില
വൈറ്റിലയിലെ പുതിയ ഗതാഗതപരിഷ്കാരം രണ്ടാംദിവസവും വിജയകരം. രണ്ടുദിവസത്തെ അവധി കഴിഞ്ഞ് കൂടുതൽ വാഹനങ്ങൾ തിങ്കളാഴ്‌ച നിരത്തിലിറങ്ങിയിട്ടും വൈറ്റില ജങ്‌ഷനിൽ കാര്യമായ ഗതാഗതക്കുരുക്കുണ്ടായില്ല. ചില വാഹനങ്ങൾ ദിശ അറിയാതെ വഴിതെറ്റി വന്നെങ്കിലും പൊലീസ്  മടക്കിയയച്ചു. കടവന്ത്ര എറണാകുളം ഭാഗത്തേക്ക് പോകാനായി തൈക്കൂടം ഡെക്കാത്ത്‌ലണിനുസമീപം എത്തി യു ടേൺ എടുക്കേണ്ട സ്ഥലത്തുള്ള തിരക്ക് കുറയ്‌ക്കാനായി അവിടെ ഉണ്ടായിരുന്ന ബസ്റ്റ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചു. തൈക്കൂടത്ത് സർവീസ് റോഡിൽനിന്ന് നേരിട്ട് യു ടേൺ എടുക്കുന്നത് നിരോധിക്കുന്ന പുതിയ ക്രമീകരണം നിലവിൽവരുത്തിയതോടെ ഈ ഭാഗത്തെ തിരക്ക് ഇല്ലാതായി.

ഹബ്ബിൽനിന്ന് പാലാരിവട്ടം വഴി വടക്കുഭാഗത്തേക്ക് പോകേണ്ട എല്ലാ ബസുകളും കണിയാമ്പുഴ റോഡുവഴി എത്തി ബൈപാസ് കടന്ന് തിരിച്ചുവിടുന്ന രീതിയിൽ പുതിയ ക്രമീകരണം വരുത്തിയതിനാൽ വൈറ്റില പവർഹൗസിനുമുന്നിലെ തിരക്കൊഴിഞ്ഞു. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകേണ്ട ബസുകൾ സഹോദരൻ അയ്യപ്പൻ റോഡിൽ നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതുമൂലം ഇതുവഴി എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് നേരിയ തടസ്സം നേരിടുന്നുണ്ട്. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകാനുള്ള വാഹനങ്ങൾക്ക് സിഗ്നൽ ലഭിച്ചശേഷം വാഹനങ്ങൾ ജങ്‌ഷൻ കടന്ന് എത്തുമ്പോഴാണ് ഈ ഭാഗത്ത് കൂടുതലും തിരക്ക് അനുഭവപ്പെടുന്നത്. ബസുകൾ അൽപ്പം മുന്നോട്ട് നിർത്തിയാൽ ഈ പ്രശ്നത്തിനും പരിഹാരമാകും.

വൈറ്റില പവർഹൗസ് കഴിഞ്ഞ്  ബൈപാസിൽ എത്തുന്ന വിവിധ ഇടറോഡുകളിൽ കൂടുതൽ വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ട്രാഫിക് ഈസ്റ്റ് എസിപി കെ എ ഫ്രാൻസിസ് ഷെൽബി പറഞ്ഞു. പുതിയ ക്രമീകരണം തെറ്റിക്കുന്ന വാഹന ഉടമകൾക്കെതിരെ പിഴ ചുമത്താനുള്ള തയ്യാറെടുപ്പിലാണ് ട്രാഫിക് പൊലീസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top