05 July Sunday

നുമ്മടെ യാത്രയും സ്‌മാർട്ടാ...

സി എൻ റെജിUpdated: Sunday Nov 17, 2019

വര: എം ദിനകരൻകൊച്ചി
ദിവസവും 20 ലക്ഷം യാത്രക്കാർ. മെട്രോ ട്രെയിൻ, ബസുകൾ, ബോട്ടുകൾ. നഗരത്തിലെ അനുസ്യൂതമായൊഴുകുന്ന യാത്രാ സംവിധാനത്തെ കൂട്ടിയിണക്കാൻ കൊച്ചി വൺ കാർഡും. രാജ്യത്ത്‌ ആദ്യമായി പരീക്ഷണാർഥം നടപ്പാക്കിയ സിറ്റി ബസ്‌ സംവിധാനത്തിന്‌ ദേശീയ പുരസ്‌കാരവും തേടിയെത്തി. യാത്രക്കാർക്ക്‌ സുരക്ഷയും ആനന്ദവും പകർന്ന്‌ ‘സ്‌മാർട്ട്‌ ബസ്‌ പദ്ധതി’ക്ക്‌ കേന്ദ്ര സർക്കാരിന്റെ ‘മികച്ച നഗര ബസ്‌ സേവന പദ്ധതി’ വിഭാഗത്തിലാണ്‌ പുരസ്‌കാരം.

സ്‌മാർട്ട്‌ ബസ്‌
പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്‌ 2017ൽ എൽഡിഎഫ്‌ സർക്കാർ പരീക്ഷണാടിസ്ഥാനത്തിലാണ്‌ ‘അനുസ്യൂത യാത്ര കൊച്ചി’ പദ്ധതിക്ക്‌ തുടക്കമിട്ടത്‌.  കൊച്ചി മെട്രോ റെയിലിന്റെ നേതൃത്വത്തിൽ നഗരത്തിലെ 1000 സ്വകാര്യ ബസുകളെ മേഖല തിരിച്ച്‌ ഏഴ്‌ കമ്പനികളാക്കി. എല്ലാ ബസുകളിലും ജിപിഎസ്‌ സംവിധാനം ഏർപ്പെടുത്തി. മെട്രോ ട്രെയിനിൽ ഉപയോഗിക്കുന്ന കൊച്ചി വൺ കാർഡ്‌ 150 ബസുകളിലേക്കും വ്യാപിപ്പിച്ചു. സുരക്ഷിത യാത്രയ്‌ക്കായി ബസുകളിൽ രണ്ട്‌ നിരീക്ഷണ ക്യാമറകളും യാത്രാ വിവരണങ്ങൾക്കും അറിയിപ്പുകൾക്കുമായി വലിയ സ്‌ക്രീനുകളും സ്ഥാപിച്ചു.  പ്രത്യേക ആപ്പ്‌ വഴി വിവരങ്ങൾ ബസ്‌ ഉടമയ്‌ക്കും പൊലീസിനും തത്സമയം ലഭ്യമാക്കി. പത്ത്‌ ബസുകളിൽ വനിതാ കണ്ടക്‌ടർമാരെ നിയമിച്ചു.

ഓസ്‌ട്രേലിയയിലായാലും കൊച്ചി നഗരത്തിലോടുന്ന ബസുകളിലെ വിവരങ്ങൾ ലഭിക്കുമെന്ന്‌ മൈ മെട്രോ കമ്പനിയിലെ അംഗവും ബസ്‌ ഉടമയുമായ ജോർജ്‌ ജോസഫ്‌ പറഞ്ഞു. കമ്പനിയിൽ ആറ്‌ ബസുകളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. എത്ര ടിക്കറ്റ്‌ പോയി, യാത്രക്കാർ എത്ര, വരുമാനം, ഗതാഗത തടസ്സം എന്നിവ നെറ്റ്‌ വഴി ഘടിപ്പിച്ച ആപ്പിലൂടെ അറിയാം. ടിക്കറ്റിങ്ങിനായി വൺ ഡി എന്ന ആപ്പും ക്യാമറയ്‌ക്കായി എസ്‌വിസ്‌ ആപ്പുമാണ്‌ ഘടിപ്പിച്ചിട്ടുള്ളത്‌. ക്യാമറ ദൃശ്യങ്ങൾ ഒരാഴ്‌ചവരെ സൂക്ഷിക്കാം. ബസിന്റെ ഓരോ ട്രിപ്പിനെ കുറിച്ചും അറിയാൻ ഡാഷ്‌ ബോർഡിൽ സംവിധാനമുണ്ട്‌. ബസുകൾ എവിടെയെത്തിയെന്നറിയാനുള്ള ട്രാക്കിങ്‌ സംവിധാനവും. ജീവനക്കാരുടെ പെരുമാറ്റം, യാത്രക്കാരുടെ എണ്ണം എന്നിവ ബസിനുള്ളിലെ ക്യാമറ ഒപ്പിയെടുക്കും. മറ്റൊരു ക്യാമറ ഗതാഗതമുൾപ്പെടെയുള്ള പുറത്തുള്ള ദൃശ്യങ്ങൾ പകർത്തും. വരുമാനത്തിൽ പത്ത്‌ ശതാമനത്തിലേറെ വർധനവുണ്ടായിട്ടുണ്ടെന്നും ജോർജ്‌ ജോസഫ്‌ പറഞ്ഞു.

യാത്രയ്‌ക്ക്‌ പൊതു ഗതാഗത സംവിധാനമെന്ന ആശയത്തിലേക്ക്‌ കൂടുതൽ ആളുകളെയെത്തിച്ച മെട്രോ ട്രെയിൻ ഒരുദിവസം ശരാശരി 61,000 പേരാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. ഗതാഗത തടസ്സമോ മലിനീകരണമോ ഇല്ല. സ്‌മാർട്‌ ബസ്‌ സംവിധാനം 2020 ജൂണിൽ പൂർത്തിയാക്കാനാണ്‌ ഗതാഗത വകുപ്പ്‌ ലക്ഷ്യമിടുന്നത്‌. സംവിധാനം നഗരത്തിലെ കെഎസ്‌ആർടിസി ഉൾപ്പെടെയുള്ള എല്ലാ ബസുകളിലേക്കും ഓട്ടോറിക്ഷകളിലേക്കും വ്യാപിപ്പിക്കും. സ്‌മാർട്‌ ബസ്‌ സംവിധാനം വന്നതോടെ നഗരത്തിലെ വാഹനാപകടങ്ങളിലും കുറവുണ്ടായി. 2017ൽ 2503 അപകടങ്ങൾ രജിസ്‌റ്റർ ചെയ്‌തപ്പോൾ 2018ൽ 2411 ആയി കുറഞ്ഞു. മലിനീകരണം തടയാൻ ഡീസലിന്‌ പകരം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബസുകളും ഓട്ടോറിക്ഷകളുമായിരിക്കും ഭാവിയിൽ കൊച്ചിയിലുണ്ടാകുക.

കൊച്ചി വൺ കാർഡ്‌
മെട്രോ ട്രെയിൻ യാത്രക്കാർക്കായി ആക്‌സിസ്‌ ബാങ്കുമായി സഹകരിച്ച്‌ ഏർപ്പെടുത്തിയ സ്‌മാർട്ട്‌ കാർഡ്‌. ട്രെയിനിലും ഹോട്ടലുകളിലും കാർഡിൽ 20 ശതമാനം കിഴിവ്‌ ലഭിക്കും. സ്വകാര്യ ബസുകളിൽ അഞ്ച്‌ ശതമാനവും കിഴിവുണ്ട്‌. കാർഡ്‌ ഉണ്ടെങ്കിൽ ബസുകളിൽ ചില്ലറ കരുതേണ്ട. ഷോപ്പിങ്‌ മാളുകൾ, സിനിമാ തിയറ്ററുകൾ എന്നിവയിലും  വൺ കാർഡ്‌ ഉപയോഗിക്കാം.


പ്രധാന വാർത്തകൾ
 Top