11 July Saturday

അമല ഒപ്പും അവരുടെ നൊമ്പരങ്ങൾ

വർഗീസ്‌ പുതുശേരിUpdated: Thursday Oct 17, 2019


അങ്കമാലി
രോഗത്തിന്റെയും അവഗണനയുടെയും നെരിപ്പോടിൽ ജീവിതം ഹോമിക്കുന്ന നിരാലംബ ജന്മങ്ങൾക്ക്‌  ‘അമല’ അഭയമൊരുക്കും.   ഉറ്റവരും ഉടയവരും  ഇല്ലാത്ത  ക്യാൻസർ–-കിഡ്‌നി രോഗിക്കുള്ള   ആശ്രയഭവനത്തിന്റെ  നിർമാണം പൂർത്തിയായിവരുന്നു.  അങ്കമാലി നഗരസഭയിലെ പീച്ചാനിക്കാട് ഐക്യാട്ട് കടവിൽ നാലേക്കർ സ്ഥലത്ത് മാഞ്ഞാലിത്തോടിന്റെ തീരത്ത് 25,000 ചതുരശ്രയടി ഭവനസമുച്ചയമാണ് ഒരുങ്ങുന്നത്.

ക്യാൻസർരോഗികൾക്ക് ചെറിയതോതിൽ പ്രതിമാസം സഹായം ചെയ്തുകൊണ്ടിരുന്ന പദ്ധതിയിൽനിന്നാണ്‌ അങ്കമാലി അമല ഫെലോഷിപ്‌ സംഘടന  ഈ ബൃഹദ്‌ സംരംഭത്തിലേക്ക്‌ ചുവടുവച്ചത്‌.  രോഗബാധിതരുടെ കഷ്ടപ്പാടുകളുടെ ആഴം  അടുത്തറിഞ്ഞ ഭാരവാഹികൾ  അവർക്കു  സാന്ത്വനം നൽകുന്നതിന് സ്ഥിരം സംവിധാനത്തെക്കുറിച്ച്‌ ആലോചിച്ചു.   കിടപ്പുരോഗികൾക്കുള്ള  അമല പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതി ഒടുവിൽ രൂപപ്പെടുത്തി.

ആദ്യഘട്ടത്തിൽ 50 പേർക്കായിരിക്കും താമസസൗകര്യം. സമുച്ചയത്തിന്റെ വിപുലീകരണത്തോടെ കൂടുതൽപ്പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.   അന്തേവാസികൾക്ക് മരണംവരെ  താമസവും ചികിത്സയും പരിചരണവും  സൗജന്യം. രോഗികൾക്കായി 30 യൂണിറ്റ്‌ പാലിയേറ്റീവ് കെയർ സമുച്ചയത്തിലുണ്ടാകും. പുറമെ ഡോക്ടേഴ്‌സ് കൺസൾട്ടിങ് റൂം, നേഴ്‌സ് റൂം, ഫാർമസി, ഡയറക്ടേഴ്‌സ് റൂം, കോൺഫറൻസ് ഹാൾ, വിസിറ്റേഴ്‌സ് റൂം, ഗസ്റ്റ്റൂം, ഭക്ഷണ പാചകമുറി, ഡൈനിങ് ഹാൾ, ലിഫ്റ്റ് സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. 24 മണിക്കൂർ ആംബുലൻസ് സേവനവുമുണ്ടാകും. സോളാറിൽനിന്നായിരിക്കും വൈദ്യുതി. വാട്ടർ പ്യൂരിഫയിങ് സിസ്റ്റം, ജനറേറ്റർ എന്നിവയും സമുച്ചയത്തിലുണ്ടാകും.

നവംബറിൽ  തുറന്നുകൊടുക്കാനാകുമെന്ന് സംഘടനയുടെ പ്രസിഡന്റ് ജോർജ് കുര്യനും പ്രോജക്ട് ചെയർമാൻ റിട്ട. പൊലീസ്‌ സൂപ്രണ്ട്‌  ടോമി സെബാസ്റ്റ്യനും പറഞ്ഞു. 50 അംഗങ്ങളുമായി   ’96ൽ രൂപംകൊണ്ട സംഘടനയിൽ ഇപ്പോൾ ആയിരത്തഞ്ഞൂറോളം സുമനസ്സുകളുണ്ട്. ഇവരുടെ കൂട്ടായ്മയിലുള്ള കാരുണ്യപ്രവർത്തനങ്ങൾ ഇതിനകം   പ്രശംസ പിടിച്ചുപറ്റി.   എറണാകുളം ജില്ലയ്ക്കുപുറമെ ഇടുക്കി, തൃശൂർ ജില്ലകളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.   കാരുണ്യപ്രവൃത്തികളുടെ ഭാഗമാകാൻ താൽപ്പര്യമുള്ളവർക്ക്  അംഗത്വം  നൽകും.  20,000 രൂപയാണ് അംഗത്വ ഫീസ്.


പ്രധാന വാർത്തകൾ
 Top