31 October Saturday

നാടകസപര്യക്ക് കിട്ടിയ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


കളമശേരി
സംഗീത നാടക അക്കാദമി അവാർഡ് നേടിയ സഹീർ അലിക്ക്‌ ഇത്‌   40 വർഷത്തെ  അരങ്ങ്‌ ‌ ജീവിതത്തിന്‌  കിട്ടിയ അംഗീകാരം.

ഒമ്പതാമത്തെ വയസ്സിൽ ബാലനടനായി അരങ്ങിലെത്തി. പിന്നീട്  നടൻ, നാടകകൃത്ത്, സംവിധായകൻ, സംഘാടകൻ എന്നീ നിലകളിൽ സജീവമായി.  നാടകകൃത്തും സംവിധായകനുമായിരുന്ന ബാപ്പ അലിയാർ ഇടപ്പള്ളിയുടെ നാടകങ്ങളിലൂടെയാണ് അഭിനേതാവായത്‌‌. പിന്നീട് എ ആർ രതീശൻ, ടി എ ഇന്ദുകുമാർ എന്നിവരുടെ അമച്വർ നാടകങ്ങളിലൂടെ സജീവമായി.

1991-ൽ നടന്ന കേന്ദ്ര റെവന്യൂമീറ്റിൽ സഹീർ അലി രചനയും സംവിധാനവും നിർവഹിച്ച ‘രാജശിൽപ്പം’ നാടകം ഒന്നാമതെത്തിയതോടെ നാടകരംഗത്ത് ശ്രദ്ധേയനായി.  സാമൂഹ്യ പ്രതിബന്ധതയുള്ള നിരവധി പ്രൊഫഷണൽ നാടകങ്ങൾ രചിച്ചു.  തെയ്യം, കഥകളി, തോൽപ്പാവക്കൂത്ത് എന്നീ കലാരൂപങ്ങളുമായി നാടകങ്ങളെ സമന്വയിപ്പിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യ അരങ്ങിൽ പരീക്ഷിച്ച ‘സ്നേഹജ്വാല’ ഉൾപ്പെടെയുള്ള നാടകങ്ങളുടെ ശിൽപ്പിയാണ്‌.  കേളി നാടക സംഘത്തിന്റെ മുഖ്യ സംഘാടകനാണ്.

അലക്സ് മുല്ലാപറമ്പൻ, സജീവൻ തത്തപ്പിള്ളി, കുമരകം രഘുനാഥ് എന്നിവരാണ്‌  പ്രൊഫഷണൽ നാടകവേദിയിലെ വഴികാട്ടികൾ. ഇടതുപക്ഷ ആശയ പ്രചാരണത്തിന്റെ  ഭാഗമായി നിരവധി തെരുവുനാടകങ്ങൾ ഒരുക്കി. പി ജെ ആന്റണിയുടെ ജീവിതത്തെ ആസ്പദമാക്കി അറുപതിൽപ്പരം കലാകാരന്മാരെ അണിനിരത്തി ഒരുക്കിയ നിഷേധിയുടെ കാതൽ, ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം അടയാളപ്പെടുത്തിയ പയ്യപ്പിള്ളി ബാലന്റെ  ആലുവാപ്പുഴ പിന്നെയും ഒഴുകി , വൈക്കം മുഹമ്മദ് ബഷീറിന്റെ  ജന്മദിനം എന്നീ കൃതികൾ  നാടകമാക്കി അവതരിപ്പിച്ചു. പ്രളയാനന്തര കേരളത്തിന്റെ പശ്ചാത്തലത്തിൽ ബഷീറിന്റെ  കഥകളെ ആസ്പദമാക്കി അവതരിപ്പിച്ച അണ്ഡകടാഹത്തിലെ കല്ല് ഏറെ ചർച്ച ചെയ്യപ്പെട്ടു. 

നിരവധി സിനിമകളുടെ സഹസംവിധായകനാണ്‌‌. ഗായകൻ  മെഹബൂബിന്റെ  ‘ജീവിതം പറഞ്ഞ കാപ്പിരി തുരുത്ത്’ സിനിമ സംവിധാനം ചെയ്‌തു. നിരവധി ഡോക്യുമെന്ററികളും ഒരുക്കി. 1998ലെ ദേശീയ നാടക മത്സരത്തിലും 97, 98, 99, 2001 വർഷങ്ങളിൽ സൗത്ത് സോൺ കൾച്ചറൽ മീറ്റുകളിലും  മികച്ച സംവിധായകനായി.  തൃശൂർ ഫൈൻ ആർട്സ് സൊസൈറ്റി പുരസ്കാരം,  പെരുന്തച്ചൻ പുരസ്കാരം, ആർട്ടിസ്റ്റ് കേശവൻ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യ സംഘം എറണാകുളം ജില്ലാ ജോയിന്റ്‌ സെക്രട്ടറിയാണ്‌. ഭാര്യ: സൗദ സഹീർ. മക്കൾ: ഫാബി, ഹാഷ്മി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top