22 October Tuesday

പാലാരിവട്ടം മേൽപ്പാലം : വീണ്ടെടുക്കും നൂറുവർഷത്തെ ആയുസ്സോടെ

എം എസ‌് അശോകൻUpdated: Tuesday Sep 17, 2019



കൊച്ചി
മെട്രോമാൻ ഇ ശ്രീധരൻ നിർദേശിച്ച പുതുക്കിപ്പണിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്‌ പാലാരിവട്ടം മേൽപ്പാലത്തിന്റെ ആയുസ്സ്‌ നൂറുവർഷമായി പുനഃസ്ഥാപിക്കൽ. രൂപകൽപ്പനയിലും നിർമാണത്തിലുമുണ്ടായ പിഴവുമൂലം പാലത്തിന്‌ ഗുരുതര ബലക്ഷയം വന്നെന്നും അറ്റകുറ്റപ്പണിയിലൂടെ പാലം വീണ്ടെടുക്കാനാകില്ലെന്നും ഇ ശ്രീധരന്റെ  റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പാലം അറ്റകുറ്റപ്പണി സംബന്ധിച്ച്‌ മദ്രാസ്‌ ഐഐടിയുടെ അന്തിമ റിപ്പോർട്ട്‌ പരിശോധിച്ചശേഷമാണ്‌ ശ്രീധരന്റെ ശുപാർശ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. 

പാലം സഞ്ചാരയോഗ്യമാക്കാൻ മദ്രാസ്‌ ഐഐടി മുന്നോട്ടുവച്ച നിർദേശങ്ങൾ ജൂലൈ മൂന്നിന്‌ ശ്രീധൻ സമർപ്പിച്ച റിപ്പോർട്ടിൽ തള്ളിയിരുന്നു. പാലത്തിലെ 39 ഗർഡറുകളിൽനിന്ന്‌ ശേഖരിച്ച 13 കോർ കോൺക്രീറ്റ്‌ സാമ്പിളുകളിൽ 21 ശതമാനവും മോശം നിലവാരത്തിലുള്ളതായിരുന്നെന്ന്‌ ഐഐടി പരിശോധനയിൽ  കണ്ടെത്തിയിരുന്നു. പാലത്തിൽ വിള്ളലും കണ്ടെത്തി. കോൺക്രീറ്റും കമ്പിയും നിലവാരമില്ലാത്തതായിരുന്നെന്നും ഐഐടി വിധിയെഴുതി. പാലത്തിന്റെ രൂപകൽപ്പനയിലും പാളിച്ചയുണ്ടായതായും അവർ കണ്ടെത്തി.

എന്നിട്ടും  ലോ വിസ്‌കോസ്‌ റെസിൻ ഉപയോഗിച്ചുള്ള മൈക്രോ ഗ്രൗട്ടിങ്ങിലൂടെ കോൺക്രീറ്റിന്റെ മേന്മ വീണ്ടെടുക്കാമെന്നും കാർബൺ ഫൈബർ ഫാബ്രിക്‌ റാപ്പിങ്ങിലൂടെ ഗർഡർ ബലപ്പെടുത്താമെന്നുമായിരുന്നു നിർദേശം. ഇത്‌ പൂർണമായി തള്ളിയ ശ്രീധരൻ നൂറുവർഷം നിലനിൽക്കേണ്ട  പാലത്തിന്റെ ആയുസ്‌ 20 വർഷമായി ചുരുങ്ങുമെന്ന്‌ ചൂണ്ടിക്കാട്ടി. ഇലാസ്‌റ്റോമെറിക്‌ പെയിന്റ്‌ പൂശിയിട്ടുള്ളതിനാൽ വിള്ളലുകളുടെ ആഴം കണക്കാക്കാൻ കഴിഞ്ഞിട്ടില്ലെന്നും എങ്ങനെ ബലപ്പെടുത്തിയാലും ഈ വിള്ളലുകൾ ഭാവിയിൽ വലുതായി പാലം അപകടത്തിലാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. കോൺക്രീറ്റിന്റെ മേന്മക്കുറവ്‌ മൂലമുള്ള ബലക്ഷയം  പരിഹരിക്കാൻ തൂണുകളുടെയും പിയർഹെഡുകളിലെയും കോൺക്രീറ്റ്‌ ജാക്കറ്റിങ്‌, പൈൽ ക്യാപ്പുകളിലെ വിള്ളലുകളിലെ ഗ്രൗട്ടിങ്, ഡെക്ക്‌ കണ്ടിന്യൂയിറ്റി അറ്റകുറ്റപ്പണി എന്നിവയിൽ ഐഐടിയുടെ പരിഹാരനടപടി അദ്ദേഹം അംഗീകരിച്ചു. മുഴുവൻ ബെയറിങ്ങും മാറ്റി പുതിയത്‌ സ്ഥാപിക്കാനും നിർദേശിച്ചു.

17 ഗർഡറുകൾ പൊളിച്ചുനീക്കി പുതിയവ സ്ഥാപിക്കുകയല്ലാതെ മറ്റു വഴിയില്ല. ഗർഡർ രൂപകൽപ്പന മുതൽ വീഴ്‌ചയുള്ളതിനാൽ മുഴുവനും മാറ്റി പുതിയത്‌ സ്ഥാപിക്കുന്നതിന്റെ സാധ്യതയും ശ്രീധരന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്‌. അത്‌ വലിയ സാമ്പത്തിക ചെലവും പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്നതിനാൽ അപ്രായോഗികമാണെന്നും അദ്ദേഹം പറയുന്നു. ഗർഡറുകൾ പൊളിച്ചുനീക്കാൻ രണ്ടുകോടി രൂപയും പുതിയവ സ്ഥാപിക്കാൻ 15 കോടി രൂപയും മറ്റു ജോലികൾക്ക്‌ 1. 71 കോടിരൂപയും ഉൾപ്പെടെ 18. 71 കോടി രൂപ ചെലവാകുമെന്നും റിപ്പോർട്ടിൽ കണക്കാക്കുന്നു. ഐഐടിയുടെ അന്തിമ റിപ്പോർട്ട്‌ വരുംവരെ കാക്കണമെന്നും പരിഹാരനിർദേശങ്ങൾ നടപ്പാക്കാനുള്ള ചെലവ്‌ നിർദേശിച്ചതിന്റെ പകുതിയിലേറെയാണെങ്കിൽ പരിഗണിക്കേണ്ടെന്നും ശ്രീധരൻ പറഞ്ഞിരുന്നു.

അന്തിമ റിപ്പോർട്ടിൽ പത്തുകോടിയിലേറെ രൂപയാണ്‌ ഐഐടി അറ്റകുറ്റപ്പണിക്ക്‌ കണക്കാക്കിയത്‌. പണം ചെലവാക്കിയാലും സുരക്ഷയും ആയുസും ഉറപ്പില്ലെന്ന ശ്രീധരന്റെ തീർപ്പ്‌ കണക്കിലെടുത്താണ്‌ സർക്കാരിന്റെ തീരുമാനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top