08 November Friday

പെലാജിക് വല ഉപയോഗിച്ച്‌ മീൻപിടിത്തം ; രണ്ട്‌ ബോട്ടുകൾ പിടിച്ചെടുത്തു , ഗോശ്രീ കവലയിൽ ഗതാഗതം തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024


വൈപ്പിൻ
സർക്കാർ നിരോധിച്ച പെലാജിക് വല ഉപയോഗിച്ച് മീൻപിടിച്ച രണ്ട്‌ ബോട്ടുകൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിച്ചു. പിടിച്ചെടുത്ത വലയുമായി ഗോശ്രീ ജങ്ഷനിലെത്തിയ തൊഴിലാളികൾ ഗതാഗതം തടഞ്ഞു. ഇതേത്തുടർന്ന് പകൽ രണ്ടുമുതൽ വൈകിട്ട് 4.15 വരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മുന്നറിയിപ്പില്ലാതെയുള്ള സമരത്തിൽ നിരവധിപേർ വലഞ്ഞു.

സെന്റ് ആൻ, സ്റ്റാർമിൻ എന്നീ ബോട്ടുകളാണ് പിടികൂടിയത്. പൊലീസെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴിതടയലിൽനിന്ന്‌ സമരക്കാർ പിന്മാറിയില്ല. ഇതിനിടെ എത്തിയ രണ്ട് ആംബുലൻസുകളെയും കടത്തിവിട്ടില്ല. അവർ മറ്റു മാർഗം സ്വീകരിച്ചു.  വൈപ്പിനിൽനിന്നുള്ള ഗോശ്രീ പാലത്തിൽ വാഹനങ്ങൾ തടഞ്ഞതോടെ മറ്റു മാർഗമില്ലാതെ വാഹനങ്ങളും യാത്രക്കാരും കുടുങ്ങി. ബോട്ടുകളിൽനിന്ന്‌ പിടിച്ചെടുത്ത വലകൾ റോഡിലിട്ട് കത്തിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ബെൻസൻ, എസിപി ജയകുമാർ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചതിനെ തുടർന്ന് വൈകിട്ട് 4.15ഓടെ സമരം അവസാനിപ്പിച്ചു. ശനിയാഴ്ച ഫിഷറീസ് ഡയറക്ടറും തൊഴിലാളികളുമായി ചർച്ച നടത്തും. പിടിയിലായ രണ്ട്‌ ബോട്ടുകളും പെലാജിക് വല ഉപയോഗിച്ച് മീൻപിടിത്തം നടത്തിയിട്ടില്ലെന്നാണ് ബോട്ട്‌ ഉടമകൾ പറയുന്നത്. തീരത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണിതെന്നും ബോട്ട് പിടിച്ചെടുത്ത് വലയും ഉപകരണങ്ങളും തകർക്കുന്ന നടപടി അപലപനീയമാണെന്നും അവർ പറഞ്ഞു.

കടൽ അരിച്ചുപെറുക്കി വൻതോതിൽ ചെറുമീനുകളെയും മറ്റു ജലജീവികളെയും നശിപ്പിക്കുന്ന പെലാജിക് വലയുടെ ഉപയോഗം സർക്കാർ തടഞ്ഞിട്ടുള്ളതാണ്. എന്നാൽ, ഇതുപയോഗിച്ച് വ്യാപകമായി മീൻപിടിക്കുന്നതായി തൊഴിലാളികൾ പറയുന്നു.

യന്ത്രവൽകൃത ബോട്ട് കസ്റ്റഡിയിൽ
നിരോധിത പെലാജിക് വല ഉപയോഗിച്ച് മീൻപിടിച്ച യന്ത്രവൽകൃത ബോട്ട് കസ്റ്റഡിയിലെടുത്തു. രണ്ടരലക്ഷം രൂപ പിഴചുമത്തി. ‘സാറാപുതിൻ’ ബോട്ടാണ് പിടിയിലായത്.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി അനീഷിന്റെ നേതൃത്വത്തിലുള്ള ടീമാണ് കാളമുക്ക് ഹാർബറിൽനിന്ന്‌ ബോട്ട് പിടികൂടിയത്‌. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ബെൻസൺ തുടർനടപടി സ്വീകരിച്ചു. ബോട്ടിലുണ്ടായിരുന്ന മീൻ ലേലം ചെയ്ത തുകയും സർക്കാരിലേക്ക് അടച്ചു. നിരോധിത വലകൾ പിടിച്ചെടുത്തു. പെലാജിക് വല സൂക്ഷിച്ചിരിക്കുന്ന ബോട്ടുകളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെ കടുത്ത നടപടി സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top