15 May Saturday

ആദ്യഘട്ടത്തിൽ ഒരുലക്ഷം പേര്‍ക്ക് 
വാക്സിന്‍ നല്‍കും: മേയര്‍

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021


കൊച്ചി
ആദ്യഘട്ടത്തിൽ ഒരുലക്ഷം പേർക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി മേയർ എം അനിൽകുമാർ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ന​ഗരസഭ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ ചർച്ച ചെയ്യാനായി ചേർന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആംബുലൻസും മെഡിക്കൽ ഓഫീസർമാരുടെ സേവനവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനേഷനെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ഡിവിഷൻതലത്തിൽ നോട്ടീസുകൾ വിതരണം ചെയ്യും.
ന​ഗരസഭാ കൗൺസിൽ യോ​ഗങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കുറഞ്ഞ സമയദൈർഘ്യത്തിലാകും നടത്തുക. നഗരസഭാ ഓഫീസിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കും. ഹെൽപ്‌ ഡെസ്ക് പ്രവർത്തനം ആരംഭിക്കും. ഡിവിഷൻതല കോവിഡ് മോണിറ്ററിങ് കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കും. മോണിറ്ററിങ് കമ്മിറ്റിയിൽ കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, പൊലീസ് എന്നിവരെ ഉൾപ്പെടുത്തും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹോമിയോ മെഡിക്കൽ ക്യാമ്പുകളും ജനത്തിരക്കുള്ള സ്ഥലങ്ങളിൽ മൊബൈൽ വിതരണ കേന്ദ്രങ്ങളും ആരംഭിക്കും. കോവിഡ് രൂക്ഷമായയിടങ്ങളിൽ സാനിറ്റൈസേഷനും സിഎഫ്എൽടിസികൾ സജ്ജമാക്കുന്നതിനും നടപടികൾ സ്വീകരിക്കും.

യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി ആർ റെനീഷ്, ഷീബാ ലാൽ, ടി കെ അഷ്റഫ്, സുനിത ഡിക്സൺ, ജെ സനിൽമോൻ, അഡ്വ. പ്രിയ പ്രശാന്ത്, കൗൺസിലർമാരായ അഡ്വ. ആന്റണി കൂരീത്തറ, സി എ ഷക്കീർ, നഗരസഭാ സെക്രട്ടറി എന്നിവരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top