27 May Wednesday

കോവിഡ്‌–-19 67 പേർകൂടി നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020


കൊച്ചി
കോവിഡ്‌–-19 നിരീക്ഷണ പട്ടികയിൽ പുതുതായി 67 പേരെക്കൂടി തിങ്കളാഴ്‌ച ഉൾപ്പെടുത്തി. ഇതിൽ 61 പേർ വീടുകളിലും ആറുപേർ എറണാകുളം ഗവ.  മെഡിക്കൽ കോളേജിലുമാണുള്ളത്. നിരീക്ഷണ പട്ടികയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. മെഡിക്കൽ കോളേജിൽനിന്ന് എട്ടുപേരെ വീടുകളിലേക്ക് തിരിച്ചയച്ചു. നിലവിൽ 30 പേരാണ്‌ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്‌. 23 പേർ എറണാകുളം മെഡിക്കൽ കോളേജിലും ഏഴുപേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ്. ജില്ലയിൽ ആകെ വീടുകളിൽ നിരീക്ഷണത്തിലുള്ളത്‌ 741 പേരാണ്. 30 സാമ്പിളുകൾ  പരിശോധനയ്ക്കായി ആലപ്പുഴ എൻഐവിയിലേക്ക് അയച്ചു. മന്ത്രി വി എസ്‌ സുനിൽകുമാറിന്റെ സാന്നിധ്യത്തിൽ ജില്ലയിലെ കോവിഡ്‌–-19 പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്‌തു.

ഞായറാഴ്‌ചയും തിങ്കളാഴ്‌ച പകലുമായി കൊച്ചി വിമാനത്താവളത്തിൽ 23 ഫ്ലൈറ്റുകളിലായി എത്തിയ 2562 യാത്രക്കാരെ പരിശോധനയ്‌ക്കു വിധേയമാക്കി. വിമാനത്താവളത്തിലെ നിരീക്ഷണം ശക്തമാക്കാൻ തൃശൂർ ജില്ലയിൽനിന്ന്‌ 10 ഹെൽത്ത് ഇൻസ്പെക്ടർമാരെയും രണ്ടു ഡോക്ടർമാരെയും അഞ്ചു സ്റ്റാഫ് നേഴ്‌സുമാരെയും  അധികമായി നിയോഗിച്ചു. കൂടുതൽ ആംബുലൻസുകളും ഏർപ്പാടാക്കി. ഇപ്പോഴുള്ള 30 ആംബുലൻസുകൾക്കു പുറമെ 20 എണ്ണം കൂടിയാണ്‌ എത്തിയിട്ടുള്ളത്‌.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എയർപോർട്ടിലെ ആംബുലൻസ് ഡ്രൈവർമാർക്കും സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും സ്വകാര്യ ഹോട്ടലിലെ ജീവനക്കാർക്കും തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളിലെ ജനപ്രതിനിധികൾക്കും ക്ലാസുകൾ സംഘടിപ്പിച്ചു. പെരുമ്പാവൂരും ആലുവയിലും അതിഥി തൊഴിലാളികൾക്കും പുതുവൈപ്പ്, കുമ്പളങ്ങി എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കും ക്ലാസുകൾ നടത്തി.

ബ്രിട്ടീഷ് ടൂറിസ്റ്റുമായി സമ്പർക്കത്തിലേർപ്പെട്ട  126 പേർ നിരീക്ഷണത്തിൽ

കോവിഡ്–-19 രോഗബാധിതനായ ബ്രിട്ടീഷ് ടൂറിസ്റ്റുമായി സമ്പർക്കത്തിലേർപ്പെട്ട 126 പേർ വീടുകളിൽ നിരീക്ഷണത്തിൽ. ഇവർക്കായി ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. കലക്‌ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്ത് പോകുന്നില്ല എന്ന് പൊലീസ് ഉറപ്പുവരുത്തും. വിമാനത്താവളം, സീപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ജില്ലാ ഭരണനേതൃത്വവും പൊലീസ്, ആരോഗ്യ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കലക്ടർ എസ് സുഹാസ്, ആലുവ റൂറൽ എസ്പി കെ കാർത്തിക്, മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.

ഒറ്റദിവസം വന്നത്‌ 508 വിളി
കൊറോണ കൺട്രോൾ റൂമിലേക്ക് തിങ്കളാഴ്‌ച മാത്രം എത്തിയത്‌ 508 വിളികൾ. ഇതിൽ 262 എണ്ണം പൊതുജനങ്ങളിൽനിന്നായിരുന്നു. 133 എണ്ണം വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുകാരുടെയും. 59 പേർക്ക് ഫോണിലൂടെ കൗൺസലിങ്‌ നൽകി. വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നിന്നായി 75 വിളികളെത്തി.

വ്യാജവാർത്തയ്‌ക്കെതിരെ നടപടിക്ക്‌ നിർദേശം
കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കോവിഡ്–-19 സ്ഥിരീകരിച്ചെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടർ എസ് സുഹാസ് അറിയിച്ചു. വ്യാജവാർത്ത പ്രചരിക്കാനിടയാക്കിയ കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചു. ജില്ലയിൽ മൂന്നുപേരാണ് രോഗബാധ സ്ഥിരീകരിച്ച് ഐസൊലേഷനിൽ കഴിയുന്നത്. രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛനുമായി സമ്പർക്കത്തിലേർപ്പെട്ട ജീവനക്കാർ 10 ദിവസമായി നിരീക്ഷണത്തിലാണ്‌. ഇവർക്ക്‌ ഇതുവരെ രോഗലക്ഷണങ്ങളൊന്നുമില്ല.


പ്രധാന വാർത്തകൾ
 Top