30 May Saturday

ഫ്രഞ്ച്‌ യുവതിക്കും മകനും തുണയായി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020


കളമശേരി
കോവിഡ്‌–-19 നിരീക്ഷണത്തിലായ   ഫ്രഞ്ച് പത്രപ്രവർത്തകയ്‌ക്കും മകനും തുണയായത്‌ പൊലീസ്‌.  കളമശേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി എസ് രഘുവാണ്‌ ഇവർക്ക്‌ സഹായഹസ്‌തം നീട്ടിയത്‌. ഫ്രഞ്ച് പത്രപ്രവർത്തക ഡിമേസർ ഫ്ലൂറിൻ അമ്മയോടും മകൻ മൂന്നുവയസ്സുകാരൻ ടാവോയുമാെത്ത് ജനുവരി 20ന് ചെന്നൈയിൽ എത്തിയതായിരുന്നു. കേരളത്തിലെ ഉത്സവകാലം റിപ്പോർട്ട് ചെയ്യാൻ രണ്ടാഴ്ചമുമ്പ് വർക്കലയിലെത്തി. അവിടെനിന്ന് അമ്മയെ സ്വദേശത്തേക്കയക്കാൻ ഞായറാഴ്ച ഇവർ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. അമ്മയെ യാത്രയാക്കി പുറത്തേക്കിറങ്ങിയ യുവതിയോട്‌  ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വിവരം അന്വേഷിച്ചപ്പോൾ രണ്ടാഴ്ച വർക്കലയിൽ താമസിച്ചതായി വെളിപ്പെടുത്തി.

തുടർന്ന് ഇവരെ ആലുവ ജനറൽ ആശുപത്രിയിലും പിന്നീട്  എറണാകുളം ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചു. പരിശോധനയിൽ കുഴപ്പമില്ലെന്ന്‌ കണ്ടെത്തിയതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ  പുറത്തിറങ്ങിയപ്പോഴാണ് പണവും ക്രെഡിറ്റ് കാർഡുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത് മനസ്സിലായത്‌. നിരാശയായി മെഡിക്കൽ കോളേജിൽ ഇരിക്കുന്നതുകണ്ട ചിലർ വിദേശ യുവതിയും മകനും നിരീക്ഷണത്തിനുനിൽക്കാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്ന് കളമശേരി പൊലീസിൽ അറിയിച്ചു. തുടർന്ന്‌ പി എസ് രഘുവും സംഘവും മെഡിക്കൽ കോളേജിലെത്തി. വിവരങ്ങൾ ശേഖരിച്ചു. അവർക്ക് ഭക്ഷണവും വെള്ളവും വാങ്ങി നൽകി. തുടർന്ന് രഘു വിമാനത്താവളത്തിലെ ഫോറിൻ റീജണൽസ് രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടു. ഇവിടെനിന്ന് ലഭിച്ച വിവരമനുസരിച്ച് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോൺസലേറ്റുമായി ബന്ധപ്പെട്ടു. കോൺസുലേറ്റിൽനിന്ന് 7500 രൂപ വെസ്റ്റേൺ മണി ട്രാൻസ്ഫർ വഴി അയച്ചു. യുവതിയുമായി ഇടപ്പള്ളിയിലെത്തി പണം വാങ്ങി നൽകി.

തുടർന്ന് യുവതിയും മകനും ഋഷികേശിലേക്ക് പോകാനായി സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തി. അപ്പോഴാണ് കോവിഡ്–-19 ബാധയില്ലെന്ന സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ല എന്ന് ഓർത്തത്. തുടർന്ന് രഘു മെഡിക്കൽ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടു. ആർഎംഒ ഡോ. ഗണേഷ് മോഹൻ സർട്ടിഫിക്കറ്റ് വാട്‌സാപ്പിൽ രഘുവിന് അയച്ചുകൊടുത്തു. രഘു ഇതിന്റെ പ്രിന്റ്‌ എടുത്തുകൊടുത്തതോടെയാണ് ഫ്ലൂറിന് സമാധാനമായത്. കേരളത്തിൽ സാധാരണക്കാർപോലും കൊറോണയ്ക്കെതിരെ പുലർത്തുന്ന ജാഗ്രത തന്നെ അത്ഭുതപ്പെടുത്തിയതായി ഡിമേസർ ഫ്ലൂറിൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top