13 November Wednesday

നഗരം ചേർത്തുപിടിച്ച പകൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019


കൊച്ചി
നഗരഹൃദയത്തിലെ സ്‌നേഹം ഏറ്റുവാങ്ങിയായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയിയുടെ ചൊവ്വാഴ്‌ചത്തെ പൊതുപര്യടനം. ഉച്ചയ്‌ക്കുശേഷം പള്ളിപ്പറമ്പിൽനിന്ന് തുറന്ന വാഹനത്തിൽ മനു റോയിയുടെ  പര്യടനമാരംഭിക്കുമ്പോൾ തന്നെ ആവേശത്തിന്റെ അലയൊലികളുമായി നഗരം ഒപ്പംചേർന്നു. അനൗൺസ്‌മെന്റ്‌ വാഹനങ്ങളുടെയും നൂറുകണക്കിന്‌ പ്രവർത്തകരുടെയും അകമ്പടിയോടെ നീങ്ങിയ പര്യടനം നഗരത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു.  ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് സി കെ നാണു എംഎൽഎ പര്യടനം ഉദ്ഘാടനം ചെയ്തു.

നഗരപാതകളെ കടന്ന്‌ മുന്നേറിയ പര്യടനത്തിന്‌ മാർക്കറ്റിലെ ചുമട്ടു തൊഴിലാളികളുടെ പങ്കാളിത്തം മാറ്റുകൂട്ടി. പള്ളിപ്പറമ്പിലെ സ്വീകരണത്തിനുശേഷം എസ്ഡി ഫാർമസി കവല, പൂക്കാരൻമുക്ക്, ടിഡി അമ്പലം പരിസരം, മലബാർ ഹൗസ് ജങ്‌ഷൻ, കോൺവെന്റ് ജങ്‌ഷൻ, പണിക്കശേരി പറമ്പ്, അരങ്ങത്ത് ക്രോസ് റോഡിലെ ആര്യാട്ട്പറമ്പ്, കൃഷ്ണസ്വാമി ക്രോസ് റോഡ് ജങ്‌ഷൻ, കരിത്തല കോളനി, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പടിയാത്തുകുളം, കാരിക്കാമുറി, സൗത്ത് റെയിൽവേ സ്റ്റേഷൻ, കെഎസ്എൻ മേനോൻ റോഡിലെ പാലക്കൽ ജങ്‌ഷൻ, മെച്ചൂർ കടവ്, വെള്ളേപ്പറമ്പ് എന്നിവിടങ്ങളിൽ ഉജ്വല സ്വീകരണമാണ്‌ ലഭിച്ചത്‌.
 രാവിലെ എസ്ആർവി സ്‌കൂളിലെ മുൻ അധ്യാപിക പങ്കജാക്ഷി ടീച്ചറിൽനിന്ന് അനുഗ്രഹം വാങ്ങിയ സ്ഥാനാർഥി മാർക്കറ്റ് റോഡ് കോളനിയും ജനറൽ ആശുപത്രിക്ക് സമീപമുള്ള പടിയാത്തുകുളം കോളനിയും സന്ദർശിച്ചു. ഇന്ത്യൻ കോഫി ഹൗസിലെത്തി വോട്ടർമാരെ കണ്ടു. തുടർന്ന് മെച്ചൂർകടവ് കോളനിയിലേക്ക്‌. കെഎസ്എൻ മേനോൻ റോഡിൽ പര്യടനം നടത്തുമ്പോൾ തെരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയിൽ കയറിയത് ആവേശമായി. പുല്ലേപ്പടി പ്രദേശത്ത് വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് സ്ഥാനാർഥി പിന്തുണ തേടി. എറണാകുളം മാർക്കറ്റിൽ കടകൾ കയറിയും വോട്ടർമാരെ കണ്ടു.

മന്ത്രിമാരായ എ കെ ബാലൻ, കെ കെ ശൈലജ, സി രവീന്ദ്രനാഥ്,   വി എസ് സുനിൽകുമാർ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ,  സി കെ നാണു എംഎൽഎ എന്നിവർ മണ്ഡലത്തിൽ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച ഗൃഹസന്ദർശനങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top