20 November Wednesday

ഇടപെടലിന്റെ വെളിച്ചമായി മന്ത്രി ബാലൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019


കൊച്ചി
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക്‌ പിന്തുണ തേടി മന്ത്രി എ കെ ബാലൻ കുടുംബയോഗങ്ങളിൽ. എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയിയുടെ തെരഞ്ഞെടുപ്പു പ്രചാരണാർഥം രാവിലെ കൊറുങ്കോട്ടയിലെത്തിയ മന്ത്രിക്ക്‌ മുന്നിൽ ദ്വീപ്‌ നിവാസികൾ ദുരിതം വിവരിച്ചു. വികസന പ്രവർത്തനങ്ങളിൽ ചേരാനല്ലൂർ പഞ്ചായത്തും എംഎൽഎയും ദ്വീപിനോട്‌ കാണിക്കുന്ന അവഗണന നാട്ടുകാർ അക്കമിട്ടു നിരത്തി. പത്തുകോടി രൂപ സർക്കാർ അനുവദിച്ചിട്ടും വടുതല ജെട്ടി–- കൊറുങ്കോട്ട പാലം നിർമാണത്തിന്‌ തുടർനടപടി എടുക്കാൻ ജനപ്രതിനിധികൾ തയ്യാറാകുന്നില്ലെന്ന്‌ നാട്ടുകാർ മന്ത്രിയോടു പറഞ്ഞു. പട്ടികജാതി വിഭാഗക്കാർ കൂടുതലുള്ള പ്രദേശം യുഡിഎഫിനൊപ്പമല്ല എന്നതിന്റെ രാഷ്‌ട്രീയ വൈരാഗ്യമാണ്‌ അവഗണനയ്‌ക്കു കാരണമെന്നാണ്‌ അവരുടെ പക്ഷം.

മത്തായി മാഞ്ഞൂരാൻ റോഡിലെ ഇആർജി കോളനിയിലെത്തിയ മന്ത്രിക്കു മുന്നിൽ പട്ടയപ്രശ്‌നമുൾപ്പെടെ വിവിധ വിഷയങ്ങളിൽ അധികൃതർ തുടരുന്ന നിസംഗത നാട്ടുകാർ വിവരിച്ചു. ഹൈക്കോടതിക്ക്‌ വിളിപ്പാടകലെ 40 വർഷത്തിലേറെയായി താമസിക്കുന്നവരെ കോർപറേഷനും ജനപ്രതിനിധികളും പരിഗണിക്കുന്നില്ലെന്നായിരുന്നു പ്രധാന പരാതി.

പച്ചാളം കാളേഴത്ത്‌ പറമ്പിൽ രാമകൃഷ്‌ണന്റെ വീട്ടിൽ ചേർന്ന കുടുംബയോഗത്തിൽ പങ്കെടുത്തവർ മാലിന്യപ്രശ്‌നവും വെള്ളക്കെട്ടും റോഡുകളുടെ ശോച്യാവസ്ഥയും വിവരിച്ചു. ഒറ്റമഴയിൽ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശത്ത്‌ പരിഹാരമാർഗത്തിന്‌ കോർപറേഷൻ ഒന്നും ചെയ്‌തില്ലെന്ന്‌ വീട്ടമ്മമാരുൾപ്പെടെ പരാതിപ്പെട്ടു. പച്ചാളം മേൽപ്പാലം വന്നതോടെ വർധിച്ച ഗതാഗതക്കുരുക്കിന്‌ പരിഹാരം കാണാൻ വടുതല മേൽപ്പാലം യാഥാർഥ്യമാകേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.

സിറ്റി ഗ്യാസ്‌ പദ്ധതി, മാലിന്യസംസ്‌കരണം, റോഡുകളുടെ അറ്റകുറ്റപ്പണി എന്നിവ പൂർത്തിയാകാത്തത്‌ കോർപറേഷന്റെ അനാസ്ഥകൊണ്ടാണെന്ന്‌ മന്ത്രി പറഞ്ഞു. സിറ്റി ഗ്യാസിന്‌ മറ്റിടങ്ങളിലേക്കുള്ള പൈപ്പുകൾ കൊച്ചി കോർപറേഷനിലൂടെ കടന്നുപോയിട്ടും നഗരത്തിലെ വീടുകളിലേക്ക്‌ പൈപ്പിൽ പാചകവാതകമെത്തിക്കാൻ നഗരസഭ നടപടിയെടുത്തില്ല.

ജനങ്ങൾക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന കൊച്ചി നഗരസഭയുടെയും ചേരാനല്ലൂർ പഞ്ചായത്തിന്റെയും പിടിപ്പുകേടിന്‌ മറുപടി കൊടുക്കാനുള്ള അവസരമാണ്‌ ഉപതെരഞ്ഞെടുപ്പെന്ന്‌ മന്ത്രി പറഞ്ഞു. എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയിയെ വിജയിപ്പിക്കുന്നതോടെ നഗരത്തിന്റെ വികസന ആവശ്യങ്ങളിൽ ഫലപ്രദമായി ഇടപെടൽ നടത്താനും കഴിയുമെന്നും മന്ത്രി പറഞ്ഞു. കടവന്ത്ര, കതൃക്കടവ്‌ മേഖലകളിലും മന്ത്രി എ കെ ബാലൻ കുടുംബയോഗങ്ങളിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top