22 October Tuesday

നോട്ടീസ്‌ കാലാവധി തീർന്നു ; സമരം തുടരും

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

ഫ്ലാറ്റ് ഉടമകൾ നടത്തിവരുന്ന റിലേ ഉപവാസ സമരത്തിന്റെ രണ്ടാംദിനം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി
പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ അഞ്ച്‌ ഫ്ലാറ്റുകളിലെ താമസക്കാരോട്‌ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട്‌ മരട് നഗരസഭ നൽകിയ നോട്ടീസിന്റെ കാലാവധി ഞായറാഴ്‌ച അവസാനിച്ചു. ഒഴിയില്ലെന്ന നിലപാടിലുറച്ച് ഉടമകൾ റിലേ സത്യഗ്രഹം തുടരുകയാണ്.  ഇവർ ഹൈക്കോടതിയിൽ റിട്ട് ഹർജിയും നൽകുന്നുണ്ട്.

നാലു ഫ്ലാറ്റുകളിലായി 360 കുടുംബങ്ങളാണ്‌ താമസിക്കുന്നത്‌. അഞ്ചാമത്തെ ഫ്ലാറ്റിന്റെ നിർമാണം ആരംഭഘട്ടത്തിലാണ്‌.ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട്‌ സെപ്‌തംബർ പത്തിനാണ്‌ മരട് നഗരസഭ ഫ്ലാറ്റ്‌ ഉടമകൾക്കും താമസക്കാർക്കും നോട്ടീസ് നൽകിയത്. കായലോരം ഫ്ലാറ്റിലെ ഏതാനും താമസക്കാരല്ലാതെ മറ്റു മൂന്നു ഫ്ലാറ്റുകളിലെയും ഉടമകൾ നോട്ടീസ് കൈപ്പറ്റിയില്ല. തുടർന്ന് ഫ്ലാറ്റിലും മതിലിലുമായി നഗരസഭാ  സെക്രട്ടറിയുടെ നേതൃത്വത്തിൽ നോട്ടീസ് പതിപ്പിച്ചു. സമരവുമായി മുന്നോട്ടുപോകാനാണ്‌ ഉടമകളുടെ തീരുമാനം. ഒഴിയില്ലെന്നും ഉള്ള സമ്പാദ്യം മുഴുവൻ വിറ്റു വാങ്ങിയ ഫ്ലാറ്റ് വിട്ട്‌ എവിടെ പോകാനാണെന്നും താമസക്കാർ ചോദിക്കുന്നു.

ഫ്ലാറ്റുകളുടെ കാര്യത്തിൽ  ഉത്തരവാദിത്തമില്ലെന്നു വ്യക്തമാക്കി രണ്ടു ഫ്ലാറ്റ് നിർമാതാക്കൾ നഗരസഭയ്‌ക്ക്‌ കത്തു നൽകിയിട്ടുണ്ട്. ഒഴിയണമെന്നാവശ്യപ്പെട്ട്‌ ഫ്ലാറ്റ്‌ ഉടമകൾക്കൊപ്പം നിർമാതാക്കൾക്കും  നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് നിർമാതാക്കൾ കത്തു നൽകിയത്.
പദ്ധതിയുമായി നിലവിൽ ബന്ധമില്ലെന്നും ഉടകമളാണ് നികുതി അടയ്‌ക്കുന്നതെന്നും നോട്ടീസിൽ ഇവർ വ്യക്തമാക്കിയിട്ടുണ്ട്‌. ഉടമകൾ സഹകരിക്കാത്തതിനാൽ താമസക്കാരുടെ കൃത്യമായ കണക്ക് എടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മരട് നഗരസഭാ സെക്രട്ടറി പറഞ്ഞു. ഫ്ലാറ്റിലെ കുടുംബങ്ങളുടെ വിവരമടങ്ങിയ റിപ്പോർട്ട്‌ കലക്‌ടർക്ക്‌  കൈമാറിയിട്ടുണ്ട്‌.
 


പ്രധാന വാർത്തകൾ
 Top