27 June Monday

കടൽക്ഷോഭത്തിൽപ്പെട്ട മീൻപിടിത്ത ബോട്ട് കരയ്‌ക്കെത്തുംമുമ്പേ മുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

കടൽക്ഷോഭത്തിൽപ്പെട്ട് വെള്ളം കയറിയതിനെത്തുടർന്ന് തീരദേശ പൊലീസ് കെട്ടിവലിച്ച് കരയ്‌ക്കെത്തിക്കാൻ ശ്രമിച്ച ബോട്ട് മുങ്ങിയനിലയിൽ

പറവൂർ> ന്യൂനമർദത്തെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽപ്പെട്ട് വെള്ളം കയറിയ മീൻപിടിത്ത ബോട്ട് തീരദേശ പൊലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയെങ്കിലും കരയ്‌ക്കെത്തുംമുമ്പേ മുങ്ങി. ബോട്ടിലുണ്ടായിരുന്ന എട്ട് തൊഴിലാളികൾ രക്ഷപ്പെട്ടു.
മാല്യങ്കരയിൽനിന്ന്‌ ശനി പുലർച്ചെ പുറംകടലിൽ മീൻപിടിക്കാൻ പോയ ‘ഗുരുദേവൻ’ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

കരയിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെ വലയിട്ടുകൊണ്ടിരിക്കുമ്പോഴാണ് ശക്തിയായ കാറ്റും മഴയും ഉണ്ടായത്. പുലർച്ചെ 5.30നും ആറിനും ഇടയ്ക്കാണിത്. ബോട്ടിന്റെ അടിഭാഗത്തെ വാട്ടർ പമ്പിന്റെ നോബിൽ സമീപത്തുനിന്ന് വെള്ളം ഇരച്ചുകയറുകയായിരുന്നു. തൊഴിലാളികൾ വെള്ളം കോരിക്കളയാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. വയർലെസ്‌ സംവിധാനവും കേടായി. സമീപത്ത് മീൻപിടിക്കുകയായിരുന്ന മൂന്ന് ബോട്ടുകളിലെ തൊഴിലാളികൾ വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിനെത്തി. ഇതിനിടെ തീരദേശ പൊലീസും എത്തി ബോട്ട് കെട്ടിവലിച്ച് കരയ്ക്കടുപ്പിക്കാൻ ശ്രമിച്ചു. രക്ഷാപ്രവർത്തനത്തിനിടെ വയർറോപ് പൊട്ടിയെങ്കിലും ഒടുവിൽ കരയ്‌ക്കെത്തിച്ചതായി ബോട്ടിലെ തൊഴിലാളിയായ എൻ ബി പ്രദീപ് പറഞ്ഞു. മാല്യങ്കര സ്വദേശി കവിരാജന്റേതാണ് ബോട്ട്. ഇയാൾ ബോട്ടിൽ സ്രാങ്കായി ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top