26 August Monday

വീട്ടിൽ അവശനിലയിൽകിടന്ന വൃദ്ധനെ സാമൂഹ്യനീതി വകുപ്പ്‌ അധികൃതർ ആശുപത്രിയിലാക്കി

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


പിറവം
പിറവം ഗവ. എൽപി സ്‌കൂളിന് സമീപം കഴിഞ്ഞിരുന്ന വൃദ്ധദമ്പതികളിൽ അവശനിലയിൽ കണ്ട ഭർത്താവിനെ വനിതാ ശിശുവികസന വകുപ്പ് ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുമ്പയിൽ തൊമ്മച്ചൻ എന്ന തോമസ് (96) ഭാര്യ ഏലിയാമ്മ (91) എന്നിവരാണ് വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്നത്. ഇവർക്ക് ആറ് മക്കളാണ്.

പിറവം സർക്കാർ ആശുപത്രിയിൽ എത്തിച്ച തോമസിന്റെ ഒരുവശം തളർന്നതിനാൽ വിദഗ്ധ ചികിത്സയ‌്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർ നിർദേശിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്‌ വനിതാ ശിശുവികസന വകുപ്പ് ഓഫീസിൽ വൃദ്ധദമ്പതികൾ ഒറ്റയ‌്ക്ക് കഴിയുന്നതായി ഫോൺ സന്ദേശം വന്നതിനെത്തുടർന്ന് ഓഫീസർ ഇൻ ചാർജ് കെ കെ ഷൈല, സൂപ്പർവൈസർമാരായ അഞ്ജു കൃഷ‌്ണ, ആശ പോൾ, കൃഷ്ണശോഭ കെ ജി, എസ് എൻ സുജാത, എം കെ നിഷ എന്നിവർ ആശ പ്രകർത്തക സിജി സുകുമാരനോടോപ്പം വീട്ടിലെത്തി. അവശനിലയിൽ പരസഹായമില്ലാതെ എഴുന്നേൽക്കാനാകാത്ത ഏലിയാമ്മയെ കണ്ട് സംസാരിച്ചപ്പോഴാണ് മറ്റൊരുമുറിയിൽ തീർത്തും അവശനായി കിടക്കുന്ന തോമസിന്റെ വിവരം അറിയുന്നത്. രക്തസമ്മർദം കൂടിയതിനെത്തുടർന്ന് അനക്കമില്ലാത്ത നിലയിലായിരുന്നു അദ്ദേഹം. തുടർന്ന് നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയും പാലിയേറ്റീവ് പ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഭൂസ്വത്തുക്കൾ മക്കൾക്ക് വീതിച്ച് നൽകിയ തോമസും ഏലിയാമ്മയും നാല് സെന്റിൽ പഴയ ഒരുവീട്ടിലാണ്  താമസിക്കുന്നത്. വീടിന്റെ ചില ഭാഗങ്ങൾ പൊളിച്ചുമാറ്റി അവിടെ ഷീറ്റിട്ട് മറച്ചിരിക്കുകയാണ്.

അധികൃതർ അറിയിച്ചതിനെ തുടർന്ന് ഇവരുടെ മൂത്തമകൻ  കുഞ്ഞപ്പനും മറ്റൊരുമകൻ പൗലോസും ആശുപത്രിയിൽ എത്തിയിരുന്നു. മാതാപിതാക്കൾക്ക് ഭക്ഷണം ഇവർ സമയക്രമംവച്ചാണ് നൽകുന്നതെന്നും പ്രായത്തിന്റെ അവശതകൾക്കിടയിലും മാതാപിതാക്കളെ കാണാൻ എത്താറുണ്ടെന്നും കുഞ്ഞപ്പൻ പറഞ്ഞു. മറ്റാരും  കാര്യങ്ങൾ നോക്കാറില്ലെന്നും ഇയാൾ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top